image

13 April 2026 10:28 AM IST

Premium

കേരളം ഒരു ആയു‍ർവേദ വെൽനെസ് കേന്ദ്രമായല്ല, ആ​ഗോള വിജ്ഞാന കേന്ദ്രമായി തന്നെ ഉയരണം!

MyFin Desk

കേരളം ഒരു ആയു‍ർവേദ വെൽനെസ് കേന്ദ്രമായല്ല, ആ​ഗോള വിജ്ഞാന കേന്ദ്രമായി തന്നെ ഉയരണം!
X

Summary

കേരളം ഇതിനകം തന്നെ ആയുർവേദ ടൂറിസത്തിൽ ലോകശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ ആയുർവേദത്തെ അടുത്തഘട്ടത്തിലേക്ക് ഉയർത്തേണ്ടതിൻ്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുകയാണ് വൈദ്യരത്നം ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഇ.ടി.യദുനാരായണന്‍ മൂസ്സ്.


കേരളത്തിലെ ആയുർവേദ മേഖല ഇന്ന് നിർണായകമായ ഒരു പരിണാമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് വൈദ്യരത്നം ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഇ.ടി.യദുനാരായണന്‍ മൂസ്സ് പറയുന്നു. സമഗ്രവും സംശുദ്ധവുമായ ഈ ചികിത്സാരീതി ആധുനിക കാലത്തിൻറെ ആവശ്യങ്ങൾക്കും വെല്ലുവിളികൾക്കും അനുയോജ്യമായി മാറേണ്ട സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ഒരുവശത്ത് പരമ്പരാഗത ചികിത്സാരീതികളും അഷ്ടവൈദ്യന്മാരുടെ പാരമ്പര്യജ്ഞാനവും നിലനിൽക്കുമ്പോൾ, മറുവശത്ത് ശാസ്ത്രീയ തെളിവുകളും ഗുണനിലവാര മാനദണ്ഡങ്ങളും ആവശ്യപ്പെടുന്ന ഒരു പുതിയ ആരോഗ്യരംഗം വളർന്നുവരുന്നു. വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനോടൊപ്പം ലോകവ്യാപകമായി കൂടുതൽ സ്വീകാര്യത നേടുന്നതിനും കേരളത്തിലെ ആയുർവേദ രംഗത്ത് ഊന്നൽ നൽകേണ്ട ചില ക്രിയാത്മക നിർദ്ദേശങ്ങൾ ഡോ. ഇ.ടി.യദുനാരായണന്‍ മൂസ്സ് സൂചിപ്പിക്കുന്നു.

ശാസ്ത്രീയ തെളിവുകളിലൂടെ ശക്തിപ്പെടുത്തുക

ഇന്നത്തെ ആരോഗ്യരംഗം ശാസ്ത്രീയ തെളിവുകളെ അടിസ്ഥാനമാക്കിയാണ് മുന്നോട്ടുപോകുന്നത്. ആയുർവേദത്തിന് അനുഭവസമ്പത്ത് കൂടുതലുണ്ടെങ്കിലും അതിനെ ശാസ്ത്രീയമായി തെളിയിക്കുന്ന പഠനങ്ങൾ കൂടുതൽ ആവശൃമാണ്. ഈ രംഗത്ത് വലിയൊരു മാറ്റത്തിന് നേതൃത്വം നൽകാൻ കേരളത്തിന് സാധിക്കും. ആഴത്തിലുള്ള ഗവേഷണങ്ങൾക്ക് അനുയോജ്യമായ സാഹചര്യം ഇന്ന് നമുക്കുണ്ട്. പ്രമേഹം, ആർത്രൈറ്റിസ്, സിഐഡി (Chronic Inflammatory Disorders) പോലുള്ള രോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരി ച്ച് വിവിധ സ്ഥാപനങ്ങള്‍ ചേർന്ന് സഹകരിച്ച് നടത്തുന്ന ശാസ്ത്രീയ പഠനങ്ങൾ ഏറെ സഹായകരമായിരിക്കും. ഇതുവഴി ആയുർവേദ ചികിത്സയുടെ ഫലപ്രാപ്തി വ്യക്തമായി തെളിയിക്കാനാകും. കേരളത്തിൽ നിർമ്മിക്കുന്ന ആയുർവേദ മരുന്നുകൾക്ക് ആഗോള വിപണിയിൽ കൂടുതൽ വിശ്വാസവും ആവശ്യകതയും വരും. കേവലം ടൂറിസം കേന്ദ്രമായി മാത്രം ഒതുങ്ങി നിൽക്കാതെ ആരോഗ്യ സംരക്ഷണ വിജ്ഞാനത്തിന്റെ ഒരു അന്തർദേശീയ കേന്ദ്രമായി മാറാൻ കേരളത്തിന് കഴിയും.

ശക്തമായ ഗുണനിലവാര സംവിധാനം

ആയുർവേദ മരുന്നുകളുടെ ഗുണനിലവാരം നിർമ്മാണ രീതികൾ സുരക്ഷ എന്നിവയിലും ഏകീകരണം ആവശ്യമുണ്ട്. കേരളം കർശനമായ ഒരു ഗുണനിലവാരമാനദണ്ഡം നടപ്പിലാക്കണം. ലോക നിലവാരങ്ങളോട് ഒത്തുപോകുന്ന സർട്ടിഫിക്കേഷന്‍ സംവിധാനം ഉണ്ടാകണം. ഇതിനായി ആധുനിക ലാബ് സൗകര്യങ്ങളും, അന്താരാഷ്ട്ര നിലവാരങ്ങൾ ആയ WHO,GMP പോലുള്ള മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന നിർമ്മാണ രീതികളും അനിവാര്യമാണ്. ഇങ്ങനെ ‘കേരള സ്റ്റാൻഡേർഡ്’ എന്നൊരു വിശ്വാസമുദ്ര രൂപപ്പെടുത്താൻ കഴിഞ്ഞാൽ അത് ലോകവിപണിയിലും പ്രാധാന്യം നേടും.

ഔഷധസസ്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക

ആയുർവേദത്തിന്റെ അടിത്തറ എന്നത് ഔഷധസസ്യങ്ങളാണ്. കൃത്യസമയത്ത് ഗുണമേന്മയുള്ള ഔഷധസസ്യങ്ങൾ ലഭ്യമാക്കുക എന്നത് ഇന്ന് വെല്ലുവിളിയാണ്. കർഷകരെ ഉൾപ്പെടുത്തി ഔഷധസസ്യകൃഷി പ്രോത്സാഹിപ്പിക്കുക, വിവിധ കർഷക സംഘങ്ങളുടെ കൂട്ടായ്മകളിലൂടെ കൃഷി ചെയ്യുക, കരാർ കൃഷി നടപ്പിലാക്കുക എന്നിവ പ്രധാനമാണ്. ഇതുവഴി കർഷകർക്ക് സ്ഥിരമായ വരുമാനവും ആയുർവേദത്തിന് ഗുണമേന്മയുള്ള വിശ്വസ്തനീയമായ അസംസ്കൃത വസ്തുക്കളും ഉറപ്പാക്കുവാനും സാധിക്കും.

മെഡിക്കൽ വാല്യൂ ടൂറിസം പ്രോത്സാഹിപ്പിക്കാം

കേരളം ഇതിനകം തന്നെ ആയുർവേദ ടൂറിസത്തിൽ ലോകശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ നമ്മൾ അതിനെ അടുത്തഘട്ടത്തിലേക്ക് ഉയർത്തേണ്ടതുണ്ട്. വെറുമൊരു സുഖചികിത്സ എന്നതിലുപരി രോഗനിർണയം, ചികിത്സ പുനരധിവാസം എന്നിവ ഉൾക്കൊള്ളുന്ന സമഗ്ര ആയുർവേദ കേന്ദ്രങ്ങൾ കൂടുതൽ ഉണ്ടാകണം. ക്ലിനിക്കൽ രേഖകളും ഫലപരിശോധനയും ഇതിൽ നിർണായകമാണ്. ഇത് വിദേശത്തുനിന്നും ചികിത്സയ്ക്കായി ആളുകൾ ഇവിടെയെത്താൻ കാരണമാവുകയും കേരളത്തെ ഒരു മെഡിക്കൽ ഹബ്ബാക്കി മാറ്റാൻ സാധിക്കുകയും ചെയ്യും.

സംയോജിത തുടർവൈദ്യ പരിശീലനം

ആയുർവേദത്തിന്റെ ശക്തി അതിൻറെ പ്രയോക്താക്കളായ ഭിഷഗ്വരന്മാരിലാണ്. അക്കാദമിക വിദ്യാഭ്യാസവും, പ്രായോഗികമായ അറിവും, പാരമ്പര്യ ജ്ഞാനവും തമ്മിൽ ചില അന്തരങ്ങൾ ഉണ്ട്. ഈ വിടവ് നികത്താൻ സമഗ്രവൈദ്യ പരിശീലന സംവിധാനങ്ങൾ മെച്ചപ്പെടുത്തണം. പാരമ്പര്യ വൈദ്യന്മാരുടെ അറിവ് രേഖപ്പെടുത്തുകയും സംരക്ഷിക്കുകയും വേണം. ഇത് ഈ ശാസ്ത്രത്തിൻറെ ഭാവി കൂടുതൽ ശക്തമാക്കും.

ഇത്തരത്തിൽ ശാസ്ത്രീയതയും ഗുണനിലവാരവും നവീകരണവും കൈകോർത്താൽ കേരളം ഒരു വെല്‍നെസ്സ് കേന്ദ്രം എന്ന നിലയിൽ ഒതുങ്ങാതെ ലോകത്തിലെ ഏറ്റവും പ്രമുഖ ആയുർവേദ വിജ്ഞാനകേന്ദ്രമായി ഉയരും. നമുക്ക് പാരമ്പര്യത്തിന്റെ മഹത്വം മാത്രമല്ല ഭാവിയെ രൂപപ്പെടുത്താനുള്ള ശക്തിയും ഉണ്ട് എന്ന് ഓർക്കണം