image

16 March 2023 6:30 AM GMT

Stock Market Updates

സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്നുള്ള വരുമാനം: നികുതി ലാഭിക്കാന്‍ ഇതാ 4 വഴികള്‍

MyFin Bureau

income from stock market
X

Summary

  • നികുതി ലാഭിക്കുക എന്ന് പറയുമ്പോള്‍ നികുതി വെട്ടിക്കുക എന്നല്ല അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്


സിഎ എബ്രഹാം പി ജോസഫ് - ജാക്‌സ് ആന്‍ഡ് അസോസിയേറ്റ്സ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ്

നിങ്ങള്‍ നിങ്ങളുടെ മൂല്യവര്‍ധിത വരുമാനത്തിന്മേലുള്ള നികുതിയെ ഓര്‍ത്ത് വ്യാകുലപ്പെട്ടിരിക്കുകയാണോ? വിഷമിക്കേണ്ട. വേണ്ട രീതിയില്‍ കാര്യങ്ങള്‍ ചെയ്താല്‍ ഒരുപക്ഷേ, നിങ്ങള്‍ക്ക് നല്ല ഒരു തുക ലാഭിക്കാന്‍ സാധിച്ചേക്കും.

നികുതി ലാഭിക്കുക എന്ന് പറയുമ്പോള്‍ നികുതി വെട്ടിക്കുക എന്നല്ല അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. നികുതി വെട്ടിക്കാതെ തന്നെ നിയമത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ അവലംബിച്ച് കൊണ്ട് തന്നെ നമുക്ക് കുറച്ചൊക്കെ നികുതി ലാഭിക്കാന്‍ സാധിക്കും.

ഇന്നത്തെ ലേഖനത്തില്‍ എങ്ങനെ നിയമപരമായി തന്നെ കുറച്ച് നികുതി ലാഭിക്കാം എന്നതിനെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഈ ലേഖനം പൂര്‍ണമായും സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്നുള്ള ലാഭത്തെ കുറിച്ചാണ് പറയുന്നത്.

1. ഈ വര്‍ഷം ഇതുവരെ നിങ്ങള്‍ ദീര്‍ഘകാല ലാഭമോ നഷ്ടമോ ബുക്ക് ചെയ്തിട്ടില്ലെങ്കില്‍ ഒട്ടും സമയം കളയാതെ ദീര്‍ഘകാല ലാഭം ഏകദേശം ഒരു ലക്ഷം രൂപ വരുന്ന രീതിയില്‍ ഉടന്‍ തന്നെ ബുക്ക് ചെയ്തോളൂ. കാരണം വര്‍ഷത്തില്‍ ഒരു ലക്ഷം വരെയുള്ള ദീര്‍ഘകാല ലാഭം നികുതി രഹിതമാണ്. നിങ്ങളുടെ കൈയ്യിലുള്ള ആ ഷെയര്‍ ഉടന്‍ വില്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെങ്കില്‍ പോലും അത് മാര്‍ച്ച് 31ന് മുന്‍പ് വിറ്റിട്ട് തൊട്ടടുത്ത ദിവസം വാങ്ങിക്കൊള്ളൂ. അപ്പോള്‍ നിങ്ങള്‍ക്ക് ഒരു ലക്ഷം രൂപ നികുതി രഹിതമായി ലഭിക്കുകയും ചെയ്യും, നിങ്ങളുടെ ഷെയര്‍ അത് പോലെ തന്നെ കൈയ്യില്‍ കാണുകയും ചെയ്യും.

2. ഇനി നിങ്ങള്‍ ഇപ്പോള്‍ തന്നെ കുറച്ച് ദീര്‍ഘകാല നഷ്ടം ബുക്ക് ചെയ്തിട്ടുണ്ടെന്ന് കരുതുക. നിങ്ങളുടെ കൈയ്യില്‍ ദീര്‍ഘകാല ലാഭത്തിലുള്ള കുറച്ച് ഷെയറുകള്‍, ആ നഷ്ടം നികത്തി ഒരു ലക്ഷം ലാഭം കിട്ടുന്ന തരത്തില്‍ മാര്‍ച്ച് 31ന് മുന്‍പ് വിറ്റതിന് ശേഷം തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ വേണമെങ്കില്‍ തിരികെ വാങ്ങാം.

3. ഇനി അതല്ല, നിങ്ങളുടെ കൈയ്യില്‍ ഇരിക്കുന്ന കുറച്ച് ഷെയറുകള്‍ നഷ്ടത്തിലാണ് മാത്രമല്ല സമീപ ഭാവിയില്‍ ഒന്നും അത് നില മെച്ചപ്പെടുത്താന്‍ സാധ്യതയില്ലാത്തതിനാല്‍ ഒഴിവാക്കുന്നതിനെ കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍, അത് മാര്‍ച്ച് 31ന് മുന്‍പ് വിറ്റ് ഒഴിവാക്കി നഷ്ടം ബുക്ക് ചെയ്താല്‍, ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസത്തിന് മുന്‍പ് സമര്‍പ്പിച്ചാല്‍ ഈ നഷ്ടം വരും വര്‍ഷങ്ങളില്‍ ഉണ്ടാകുന്ന ലാഭവുമായി തട്ടിക്കിഴിക്കാന്‍ സാധിക്കും.

4. ഇനി അതും അല്ല, നിങ്ങളുടെ കൈയ്യില്‍ ഇരിക്കുന്ന കുറച്ച് ഷെയറുകള്‍ നഷ്ടത്തിലാണ് എങ്കിലും സമീപ ഭാവിയില്‍ തന്നെ ആ ഷെയറുകള്‍ നില മെച്ചപ്പെടുത്തി മുന്‍പോട്ട് പോകുമെന്ന്! നിങ്ങള്‍ വിചാരിക്കുന്നു എങ്കില്‍. അവ മാര്‍ച്ച് 31ന് മുന്‍പ് വിറ്റ് നഷ്ടം ബുക്ക് ചെയ്ത് തൊട്ടടുത്ത ദിവസങ്ങളില്‍ തിരികെ വാങ്ങാം. ഇതിലൂടെ നിങ്ങള്‍ക്ക് ലഭിച്ച ലാഭം ഈ നഷ്ടവുമായി തട്ടിക്കിഴിച്ച് നികുതി ബാധ്യത കുറയ്ക്കാവുന്നതാണ്.