image

18 March 2023 9:45 AM GMT

Premium

അന്താരാഷ്ട്ര ഇടപാടുകള്‍ രൂപയില്‍; ഇന്ത്യന്‍ തന്ത്രം വിജയിക്കുമോ?

MyFin Bureau

indian international transactions in rupees
X

Summary

  • ജര്‍മനി ഉള്‍പ്പെടെ എട്ട് രാജ്യങ്ങള്‍ രൂപ അക്കൗണ്ടുകള്‍ തുടങ്ങി, പിന്നാലെ 10 രാജ്യങ്ങള്‍ കൂടി


ലോകത്തെ സാമ്പത്തിക ശക്തിയായി അമേരിക്ക എക്കാലവും തുടരുമോ? യുഎസ് ഡോളറിന് അന്താരാഷ്ട്ര സമ്പദ് വ്യവസ്ഥയിലുള്ള മേല്‍ക്കോയ്മ തുടരുവോളം ഇതില്‍ മാറ്റമുണ്ടാകില്ല. ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ യുഎസിന്റേതാണ്. ലോകത്ത് ഏറ്റവുമധികം സ്വര്‍ണം കൈവശമുള്ള രാജ്യവും യുഎസാണ്. വിദേശ രാജ്യങ്ങളുമായുള്ള സാമ്പത്തിക ഇടപാടിന് ലോക രാജ്യങ്ങള്‍ ഉപയോഗിക്കുന്നതും ഡോളറിനെ തന്നെ.

കരുത്തായി സ്വര്‍ണശേഖരം

യുഎസില്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക് നിലവില്‍ വന്ന ശേഷം ആദ്യത്തെ യുഎസ് ഡോളര്‍ അച്ചടിച്ചത് 1914ലാണ്. ഒന്നാം ലോകയുദ്ധ കാലത്ത് സഖ്യകക്ഷികള്‍ക്ക് വേണ്ട ആയുധങ്ങള്‍ യുഎസ് നല്‍കിയപ്പോള്‍ അവര്‍ യുഎസിന് സ്വര്‍ണമാണ് പകരം നല്‍കിയത്. ഇത് യുഎസിനെ ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം കൈവശംവയ്ക്കുന്ന രാജ്യമാക്കി മാറ്റി. യുദ്ധാവസാനത്തോടെ ലോകരാജ്യങ്ങള്‍ സ്വര്‍ണത്തിനു പകരം യുഎസ് ഡോളറിനെ നിലവാര മാപിനിയായി ഉപയോഗിച്ചു തുടങ്ങി. 1944 ലെ ബ്രെറ്റന്‍വുഡ്സ് കരാറോടെയാണ് യുഎസ് ഡോളറിന്റെ മേല്‍ക്കോയ്മ മറ്റ് രാജ്യങ്ങള്‍ അംഗീകരിച്ചത്.

പൗണ്ടിനെ തകര്‍ത്ത് ഡോളര്‍

വിദേശ ബാങ്കുകളുടെ കരുതല്‍ ശേഖരത്തിന്റെ 59 ശതമാനവും യുഎസ് ഡോളറിലാണെന്ന് ഐഎംഎഫ് പറയുന്നു. അതേസമയം ലോകത്ത് ഏറ്റവും മൂല്യമേറിയ കറന്‍സി യുഎസിന്റേതല്ല. ഇക്കാര്യത്തില്‍ 10ാം സ്ഥാനത്താണ് ഡോളര്‍. എന്നിട്ടും യുഎസ് ഡോളറിന്റെ അപ്രമാദിത്വത്തിന് കോട്ടമുണ്ടായില്ല. ലോകയുദ്ധത്തിനു മുമ്പുവരെ ബ്രിട്ടിഷ് പൗണ്ടിനായിരുന്നു ആഗോള വാണിജ്യരംഗത്ത് മൂല്യം. പൗണ്ടിനെ തകര്‍ത്താണ് ഡോളര്‍ മുന്നിലെത്തിയത്. ഡോളറിനെ തകര്‍ക്കാന്‍ ആരെങ്കിലും എത്തുമോ? അതത്ര എളുപ്പമല്ല എന്നാണുത്തരം.

ഇതെഴുതുമ്പോള്‍ ഡോളറിനെതിരേ ഇന്ത്യന്‍ രൂപയുടെ മൂല്യം 82.57 ആണ്. ഒരു ഡോളര്‍ ലഭിക്കണമെങ്കില്‍ 82 ഇന്ത്യന്‍ രൂപ നല്‍കണം. ഇന്ത്യ വിദേശ രാജ്യങ്ങളുമായി സാമ്പത്തിക ഇടപാട് നടത്തുന്നത് യുഎസ് ഡോളറിലാണ്. അമേരിക്ക സ്വര്‍ണശേഖരം കൈവശംവെക്കുന്ന പോലെ മറ്റു രാജ്യങ്ങള്‍ യുഎസ് ഡോളറിനെ കരുതല്‍ധനമായി കാണുന്ന അവസ്ഥയുണ്ടായി.

യൂറോയോ റെന്‍മിന്‍ബിയോ?

യുഎസിനു പുറമെ മറ്റു പല രാജ്യങ്ങളും ഡോളറിനെയാണ് കറന്‍സിയായി സ്വീകരിച്ചിട്ടുള്ളത്. യൂറോയാണ് ഡോളര്‍ കഴിഞ്ഞാല്‍ പ്രബല കറന്‍സി. യൂറോപ്യന്‍ യൂനിയന് ഒരു കേന്ദ്രീകൃത ട്രഷറി യൂണിറ്റില്ലാത്തതിനാല്‍ യൂറോ ഡോളറിനെ വെല്ലുന്ന സാഹചര്യം ഉടനെ ഉണ്ടാകില്ല. എന്നാല്‍ ചൈനയുടെ റെന്‍മിന്‍ബി ഒരുപക്ഷേ ഭാവിയില്‍ യുഎസ് ഡോളറിനെ മറികടക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ 12 രൂപയുടെ മൂല്യമുണ്ട് ഒരു റെന്‍മിന്‍ബിക്ക്. ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാണ് ചൈന. രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയും ചൈനയുടേത് തന്നെ. റഷ്യ സാമ്പത്തികമായി തകര്‍ച്ചയിലായതും ചൈനക്ക് അനുകൂലമായ ഘടകമാണ്. ഒരു റഷ്യന്‍ റൂബിളിന് ഒരു ഇന്ത്യന്‍ രൂപയുടെ മൂല്യമേയുള്ളൂ.

ഇന്ത്യയുടെ മുന്നേറ്റം

അടുത്ത കാലത്ത് ഇന്ത്യയുടെ ഇടപെടലുകള്‍ ശ്രദ്ധേയമായിട്ടുണ്ട്. റഷ്യന്‍ അസംസ്‌കൃത എണ്ണ യുഎസ് ഭീഷണി വകവയ്ക്കാതെ വാങ്ങുന്നു എന്നതാണ് ഒരുകാര്യം. അതും യുഎസ് ഡോളറിനു പകരം റഷ്യന്‍ റൂബിള്‍ നല്‍കിക്കൊണ്ട്. ഉക്രൈനുമായുള്ള യുദ്ധമാരംഭിച്ചതോടെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് തകര്‍ച്ചയിലേക്കു നീങ്ങിയ റഷ്യ കണ്ടെത്തിയ മികച്ച ബദലായിരുന്നു റൂബിളില്‍ മാത്രമേ ഇന്ധന വ്യാപാരം നടത്തൂവെന്നത്. പ്രതിദിനം 75 ലക്ഷം ബാരല്‍ എണ്ണയും പെട്രോളിയം ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നുണ്ട് റഷ്യ.

പ്രകൃതിവാതക സമ്പന്നമായ റഷ്യ ലോകത്ത് ഏറ്റവുമധികം പ്രകൃതിവാതകം കയറ്റുമതി ചെയ്യുന്ന രാജ്യമാണ്. യുഎസ്, ഖത്തര്‍ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രകൃതിവാതകത്തിനും പെട്രോളിനും പ്രധാനമായും ആശ്രയിക്കുന്നത് റഷ്യയെയാണ്. റഷ്യക്കെതിരേ ഉപരോധം പ്രഖ്യാപിച്ചതോടെ ഈ രാജ്യങ്ങള്‍ ഇന്ധനക്ഷാമത്തിലായി. അതോടെ റൂബിളില്‍ മാത്രമേ വ്യാപാരം നടത്തൂവെന്നായി റഷ്യ. ഇന്ധന വില്‍പനയിലൂടെ റഷ്യക്ക് വരുമാനമേറി. റഷ്യന്‍ റൂബിളിന് സ്വീകാര്യത വര്‍ധിക്കുകയും ചെയ്തു.

റഷ്യന്‍ എണ്ണ കുറഞ്ഞ വിലയ്ക്ക്

ഇന്ത്യ കുറ ഞ്ഞ വിലയ്ക്കാണ് ബള്‍ക്കായി റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത്. വ്യാപാരം റൂബിളിലായത് യുഎസ് ഡോളറിന് തിരിച്ചടിയായി. യുഎസിന് ഇന്ത്യയുടെ നടപടിയില്‍ അമര്‍ഷമുണ്ട്. എന്നാല്‍ ബാരലിന് 65 ഡോളര്‍ ഈടാക്കുന്ന യു.എസിന് 52 ഡോളറിന് കച്ചവടം നടത്തുന്ന റഷ്യയുടെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെയായി. അതോടെ ആശ്രിത രാജ്യങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കിയിരിക്കുകയാണവര്‍. എന്നാല്‍ ഇന്ത്യക്ക് അത്ര പേടിയില്ലാത്തതിനാല്‍ റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ തോത് നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുകയാണ്.

കൂടുതല്‍ രാജ്യങ്ങള്‍ യുഎസിനെ ധിക്കരിച്ച് ഇതിനു മുതിരാത്തതിനാല്‍ ഇന്ത്യക്ക് കിട്ടിയ വിലയ്ക്ക് എണ്ണ വില്‍ക്കാന്‍ റഷ്യ തയാറുമാണ്. ഇത് ആഗോളശക്തിയാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് സഹായകമാണ്. നേരത്തെ യുഎസ് ഭീഷണി വകവയ്ക്കാതെ റഷ്യയുടെ നൂതന വിമാനവേധ മിസൈല്‍ സംവിധാനമായ എസ്-400 ഇന്ത്യ വാങ്ങിയതും ലോകരാജ്യങ്ങളുടെ ശ്രദ്ധ കവര്‍ന്ന കാര്യമാണ്.

ഇന്ത്യന്‍ രൂപയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

ഇപ്പോഴിതാ അന്താരാഷ്ട്ര ഇടപാടുകള്‍ രൂപയില്‍ നടത്തുകയെന്ന തന്ത്രവുമായി മുന്നോട്ടുവന്നിരിക്കുകയാണ് ഇന്ത്യ. ശ്രീലങ്ക ഉള്‍പ്പെടെ എട്ട് രാജ്യങ്ങള്‍ രൂപ അക്കൗണ്ടുകള്‍ തുടങ്ങിക്കഴിഞ്ഞു. എട്ട് രാജ്യങ്ങള്‍ ആറുമാസം കൊണ്ട് 49 പ്രത്യേക റുപ്പി വോസ്‌ട്രോ അക്കൗണ്ടുകള്‍ (എസ്ആര്‍വിഎ) തുടങ്ങിയിരിക്കുകയാണ്. ഇന്ത്യന്‍ രൂപ ഉപയോഗിച്ച് വാണിജ്യ ഇടപാടുകള്‍ നടത്താനാണിത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയാണ് ആദ്യം ഇന്ത്യന്‍ രൂപ കൊണ്ട് ഇടപാടുകള്‍ നടത്താനുള്ള അക്കൗണ്ട് തുടങ്ങിയത്. തങ്ങളുടെ സാമ്പത്തിക പ്രതിസന്ധിക്ക് ഇത് വലിയ പരിഹാരമായെന്നും അവര്‍ കരുതുന്നുണ്ട്.

ഇന്ത്യയുമായി വ്യാപാരം ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ പലതും ഈ പാതയിലേക്കു വരുന്നുണ്ട് എന്നത് സന്തോഷമുള്ള വാര്‍ത്തയാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബ്രിട്ടനിലും മറ്റു 17 രാജ്യങ്ങളിലുമുള്ള ബാങ്കുകള്‍ക്ക് വോസ്‌ട്രോ അക്കൗണ്ടുകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയിരിക്കുകയാണ്. ഈ രാജ്യങ്ങളെല്ലാം ഇന്ത്യയുമായുള്ള വ്യാപാരം രൂപയിലാക്കിയാല്‍ രൂപ കരുത്താര്‍ജിക്കുമെന്നുറപ്പ്. ഇന്ത്യയിലെയും 18 വിദേശ രാജ്യങ്ങളിലെയും അറുപതോളം ബാങ്കുകള്‍ക്കാണ് ഇതുവരെ 'പ്രത്യേക റുപീ വോസ്ട്രോ അക്കൗണ്ട്' തുടങ്ങാന്‍ അനുമതി നല്‍കിയത്.

വോസ്‌ട്രോ അക്കൗണ്ടുകള്‍ തുടങ്ങുന്ന രാജ്യങ്ങള്‍

ബ്രിട്ടന്‍, ജര്‍മനി, ഫിജി, ഇസ്രയേല്‍, ഗയാന, ബോട്സ്വാന, കെനിയ, മലേഷ്യ, മൗറീഷ്യസ്, മ്യാന്‍മാര്‍, ന്യൂസിലന്‍ഡ്, ഒമാന്‍, റഷ്യ, സിഷല്ലസ്, സിങ്കപ്പൂര്‍, ശ്രീലങ്ക, താന്‍സാനിയ, ഉഗാണ്ട.

എന്തുകൊണ്ട് ശ്രീലങ്ക?

എണ്ണയും മരുന്നുകളുമടക്കമുള്ള അവശ്യ വസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ വേണ്ട ഡോളര്‍ ശേഖരം കൈവശമില്ലാതായതാണ് ശ്രീലങ്കയുടെ പ്രതിസന്ധി രൂക്ഷമാക്കിയത്. ഡോളറിനു പകരം ഇന്ത്യന്‍ രൂപ ഉപയോഗിച്ച് അവര്‍ റഷ്യ അടക്കമുള്ള രാജ്യങ്ങളുമായി ഇടപാട് ആരംഭിച്ചു. പല രാജ്യങ്ങളും ഡോളറിനു പകരം ഇടപാടുകള്‍ ഇന്ത്യന്‍ രൂപയില്‍ തന്നെ നിര്‍വഹിക്കാന്‍ തുടങ്ങിയിട്ടുമുണ്ട്. ഇത് ഇന്ത്യന്‍ രൂപയുടെ മൂല്യം കുതിച്ചുയരാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.

റഷ്യ, ശ്രീലങ്ക, മൗറീഷ്യസ്, സിംഗപ്പൂര്‍, മ്യാന്‍മര്‍, ഇസ്രയേല്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യന്‍ രൂപ അക്കൗണ്ടുകള്‍ തുടങ്ങിയവയില്‍ പെടുന്നു. ഇന്ത്യന്‍ രൂപയില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതു സംബന്ധിച്ച് ആര്‍ബിഐ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഉക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് പാശ്ചാത്യരാജ്യങ്ങള്‍ റഷ്യക്കെതിരെ പ്രഖ്യാപിച്ച ഉപരോധം ഇന്ത്യ ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്.

കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തെന്നു മാത്രമല്ല രൂപയെ പൊതു നാണയമാക്കി മാറ്റാനുള്ള നീക്കങ്ങളും ശക്തമാക്കി. വോസ്‌ട്രോ അക്കൗണ്ടുള്ള രാജ്യങ്ങള്‍ക്ക് അക്കൗണ്ടിലുള്ള ബാലന്‍സ് തുക ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരിന്റെ കടപ്പത്രങ്ങള്‍ വാങ്ങാനും സാധിക്കും.

ഇടപാടിന് ഡോളറിനു പകരം രൂപ!

യുക്രൈനില്‍ റഷ്യ അധിനിവേശം തുടങ്ങിയതിനെത്തുടര്‍ന്ന് ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം ഇടിഞ്ഞതോടെയാണ് അന്താരാഷ്ട്ര ഇടപാടുകള്‍ രൂപയിലാക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങിയത്. ഇതനുസരിച്ച് ഇടപാടുകള്‍ രൂപയിലേക്ക് മാറ്റുന്നത് അന്താരാഷ്ട്രതലത്തില്‍ രൂപയുടെ താല്‍പര്യം വര്‍ധിപ്പിക്കാന്‍ സഹായകമാകുമെന്നാണ് പ്രതീക്ഷ.

പുതിയ സംവിധാനത്തില്‍ ധാരണയിലെത്തിയിട്ടുള്ള രാജ്യങ്ങളുമായി വാണിജ്യ ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിന് ഡോളറിനു പകരം രൂപയും ആ രാജ്യത്തിന്റെ കറന്‍സിയുമായിരിക്കും ഉപയോഗിക്കുക. ഇതിനായി ഇരു രാജ്യങ്ങളിലെയും തിരഞ്ഞെടുത്ത ബാങ്കുകള്‍ ഇടപാടിനായി പരസ്പരം പ്രത്യേക വോസ്ട്രോ അക്കൗണ്ട് തുടങ്ങും. ഈ രീതിയില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ വ്യപാരികള്‍ക്ക് രൂപയില്‍ പണം നല്‍കാം. കയറ്റുമതി ചെയ്യുന്നവര്‍ക്ക് ആ രാജ്യത്തെ കറന്‍സിയില്‍ ഉല്‍പന്നത്തിന്റെ വില സ്വീകരിക്കാനും കഴിയും.

റഷ്യയില്‍ നിന്നുള്ള ഇരുപതോളം ബാങ്കുകള്‍ ഇന്ത്യയില്‍ ഇതിനകം വോസ്ട്രോ അക്കൗണ്ട് തുറന്നിട്ടുണ്ടെന്ന് ഫെബ്രുവരിയില്‍ കേന്ദ്ര ധനമന്ത്രാലയം അറിയിച്ചിരുന്നു. നിലവിലുള്ള വ്യാപാര സംവിധാനങ്ങള്‍ക്ക് സമാന്തരമായാണ് രൂപയിലുള്ള സംവിധാനം കൊണ്ടുവരുന്നത്. ഡോളര്‍ പോലുള്ള വിദേശ കറന്‍സികളെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരാന്‍ ഇതുവഴി കഴിയുമെന്നാണ് കരുതുന്നത്.