image

20 May 2023 9:58 AM GMT

Premium

2000 നോട്ട് പിൻവലിച്ചത് ശരിയായ തീരുമാനമോ? ഡോ. മേരി ജോർജ് എഴുതുന്നു

ഡോ. മേരി ജോർജ്

2000 നോട്ട് പിൻവലിച്ചത് ശരിയായ തീരുമാനമോ? ഡോ. മേരി ജോർജ് എഴുതുന്നു
X

Summary

  • അന്ന് നോട്ടുനിരോധനത്തെ അനുകൂലിച്ചതില്‍ ഖേദിക്കുന്നു
  • ലക്‌ഷ്യം ബ്ലാക് എക്കോണമിയിൽ നിന്ന് സമ്പദ് വ്യവസ്ഥയെ രക്ഷിച്ചെടുക്കുക
  • 2016ലെ നോട്ടുനിരോധനം വിഡ്ഢിത്തം
  • 2016ല്‍ സഹകരണ ബാങ്കുകള്‍ വഴി വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കൽ


2000 രൂപ നോട്ടുകള്‍ പിന്‍വലിച്ച ആര്‍.ബി.ഐ തീരുമാനത്തെ പിന്തുണച്ച് പ്രമുഖ സാമ്പത്തിക വിദഗ്ധ മേരി ജോര്‍ജ്. നിരോധനം സാധാരണക്കാരെ കാര്യമായി ബാധിക്കില്ലെന്നും കള്ളപ്പണ മാഫിയക്ക് കനത്ത തിരിച്ചടിയാണെന്നും അവര്‍ മൈഫിന്‍ പോയിന്റിനോടു പറഞ്ഞു. അഭിമുഖത്തിലെ പ്രസക്ത ഭാഗം താഴെ:

സമാന്തര സമ്പദ്‌വ്യവസ്ഥ

രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ 23% സമാന്തര സമ്പദ്‌വ്യവസ്ഥയുടെ പിടിയിലാണെന്നാണ് റിസര്‍വ് ബാങ്ക് കണക്ക്. എന്നാല്‍ ചില സ്വകാര്യ പഠനങ്ങളനുസരിച്ച് ഇത് 46-56% വരെയാണ്. ഇതിനെ ബ്ലാക് എക്കോണമി എന്നും പറയുന്നു. ഇവരുടെ പിടിയില്‍ നിന്ന് സമ്പദ്‌വ്യവസ്ഥയെ രക്ഷിച്ചെടുക്കാനാണ് നോട്ടു നിരോധനം നടപ്പാക്കുന്നത്.

വലിയ കറന്‍സികളുണ്ടാകുന്നതാണ് കള്ളപ്പണക്കാര്‍ക്ക് സൗകര്യം. ആയിരത്തിനു പകരം 2000 നോട്ടുള്ളപ്പോള്‍ കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ പണം സൂക്ഷിക്കാം. വ്യാജ കമ്മട്ടം ഉപയോഗിച്ച് നോട്ടടിക്കുന്നവര്‍ക്കും വലിയ നോട്ടാണ് സൗകര്യം. മുമ്പ് പാകിസ്താനും ഇന്ത്യക്കുമെല്ലാം ഒരേ കമ്മട്ടത്തിലാണല്ലോ നോട്ടടിച്ചിരുന്നത്. ഇതേ കമ്മട്ടം ഇപ്പോഴും കള്ളപ്പണ മാഫിയയുടെ അടുത്തുണ്ട്.

അപ്രതീക്ഷിതമല്ല

ക്ലീന്‍ കറന്‍സിക്കു വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നോട്ടുനിരോധനം കൊണ്ടുവന്നിരിക്കുന്നത്. ഇത് പെട്ടെന്നുള്ളതാണെങ്കിലും നേരത്തേ പ്രതീക്ഷിച്ചിരുന്നതാണ്. 2018 മുതല്‍ ഇക്കാര്യത്തെ കുറിച്ച് പറഞ്ഞുകേട്ടിരുന്നു.

പണം ബാങ്കില്‍ സൂക്ഷിക്കുന്നവരാണ് എല്ലാവരും. അത് പരിധിയിലധികം കൈവശംവയ്‌ക്കേണ്ടതില്ല. ബാങ്കിലെ പണത്തിന് കണക്ക് കാണിക്കേണ്ടിവരും. കൂടുതലുള്ള പണം എവിടെ നിന്ന് വന്നെന്ന് സോഴ്‌സ് കാണിക്കേണ്ടിവരും. എന്നാല്‍ കറന്‍സിയായി കൈയില്‍ സൂക്ഷിക്കുമ്പോള്‍ നികുതിയടക്കേണ്ട. ഇതാണ് ആളുകളെ കള്ളപ്പണം ബാങ്കിനു പുറത്തുവയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇത് സമ്പദ്‌വ്യവസ്ഥയ്ക്കു ദോഷം ചെയ്യും.

കറന്‍സിയായും സ്വര്‍ണമായുമാണ് ആളുകള്‍ പണം ബാങ്കിനു പുറത്ത് സൂക്ഷിക്കുന്നത്. കൂടാതെ റിയല്‍ എസ്റ്റേറ്റിലും. സ്വര്‍ണം വില്‍ക്കുമ്പോള്‍ അതിനു രേഖ വേണം. നികുതി അടയ്‌ക്കേണ്ടിയും വരും. പണം ബാങ്കിലിട്ടാലേ രാജ്യത്തിന് വരുമാനനികുതി ലഭിക്കൂ.

2016ലെ നോട്ടു നിരോധനം അബദ്ധം

2016 നവംബര്‍ എട്ടിനാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നോട്ടുനിരോധനം നടപ്പാക്കിയത്. അന്നുവരെ പ്രചാരത്തിലുണ്ടായിരുന്ന 500, 1000 രൂപയുടെ നോട്ടുകള്‍ ഒരു അര്‍ധരാത്രി പൊടുന്നനെ പിന്‍വലിക്കുകയായിരുന്നു. പകരം കറന്‍സി ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് 2000 രൂപയുടെ കറന്‍സി ഇറക്കുകയും ചെയ്തു.

2016ലെ നോട്ടുനിരോധനം വിഡ്ഢിത്തമായിരുന്നു. ഭരണനേതൃത്വത്തില്‍ ബുദ്ധിമാന്മാരായിരുന്നാലേ ബുദ്ധിപരമായ തീരുമാനമുണ്ടാകൂ. ഇപ്പോഴത്തെ ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ ആ പദവിയിലെത്തിയത് യോഗ്യതകൊണ്ടാണെന്ന് കരുതുന്നില്ല. അദ്ദേഹത്തിന് അറിവും യോഗ്യതയുമുണ്ടാകാം. എന്നാല്‍ സര്‍ക്കാരാണ് ആ പദവിയില്‍ നിയമിച്ചത്. സര്‍ക്കാര്‍ ഇഷ്ടമുള്ളവരെ ആര്‍.ബി.ഐ ഗവര്‍ണറായി നിയമിക്കുകയെന്നത് നിയമപരമല്ല. അങ്ങനെയല്ല ആ പദവിയില്‍ നിയമനം നടക്കേണ്ടത്.

നോട്ടു നിരോധിക്കുമ്പോള്‍ സംഭവിക്കുന്നത്

ഒരു വാഹനമോടുന്നത് ചക്രങ്ങളിലാണ്. ചക്രം പെട്ടെന്ന് എടുത്തുകളഞ്ഞാല്‍ അതോടില്ല. സമ്പദ്‌വ്യവസ്ഥ എന്ന വാഹനത്തിന്റെ ലൂബ്രിക്കന്റാണ് കറന്‍സി. പെട്ടെന്ന് ആ ലൂബ്രിക്കന്റ് ഒഴിവാക്കിയാല്‍ വാഹനം നിന്നുപോകും. ഇതാണ് 2016ലെ നോട്ട് നിരോധനത്തിലൂടെ സംഭവിച്ചത്.

എനിക്കും തെറ്റു പറ്റി

അന്ന് ഞാനും ഒരു അഭിമുഖത്തില്‍ നോട്ടുനിരോധനത്തെ അനുകൂലിച്ചിരുന്നു. അന്ന് അത് ബുദ്ധിപൂര്‍വമാണെന്നായിരുന്നു കരുതിയത്. അത് കാര്യം ശരിയായി മനസ്സിലാക്കാത്തതു മൂലമായിരുന്നു. നോട്ടുനിരോധനം തികച്ചും വിഡ്ഢിത്തമായിരുന്നുവെന്ന് പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞു.

എന്നാല്‍ ഇപ്പോഴത്തെ നിരോധനം 2016ലേതു പോലെയല്ല. അന്ന് 86.4% കറന്‍സിയാണ് ഒറ്റയടിക്ക് പിന്‍വലിച്ചത്. ഇപ്പോള്‍ 20 ശതമാനത്തോളം കറന്‍സിയേ പിന്‍വലിക്കുന്നുള്ളൂ എന്നാണ് മനസ്സിലാകുന്നത്. ഇത് എക്കോണമിയുടെ മുന്നോട്ടുപോക്കില്‍ ചെറിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെങ്കിലും കാര്യമായ തടസം സൃഷ്ടിക്കില്ല. 2000 നോട്ട് സാധാരണക്കാര്‍ കൂടുതലായി കൈവശംവയ്ക്കുമെന്നു കരുതുന്നില്ല. അതിനാല്‍ ഇപ്പോഴത്തെ നിരോധനം അവരെ ബാധിക്കില്ല.

നോട്ടുനിരോധനം ഫലപ്രദമാണോ?

ഈ നോട്ടുനിരോധനം കൊണ്ടു കള്ളപ്പണം പൂര്‍ണമായി ഇല്ലാതാക്കാനാകുമെന്ന് കരുതുന്നില്ല. ഇപ്പോഴത്തെ 2000 നോട്ടുകള്‍ മാറ്റിവാങ്ങാന്‍ സെപ്തംബര്‍ 30 വരെ സാവകാശമുണ്ട്. ഒരാള്‍ക്ക് ഒരേസമയം 20,000 രൂപയേ മാറാനാകൂവെങ്കിലും ബിനാമി പേരില്‍ മറ്റുള്ളവരെ ഇപയോഗിച്ച് എത്ര നോട്ടുകളും മാറാനാകും. 2016ല്‍ സഹകരണ ബാങ്കുകള്‍ വഴി വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചെടുത്തിരുന്നു. ഇത് വ്യക്തമായതോടെ ആര്‍.ബി.ഐ സഹകരണ ബാങ്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു.

പുതിയ 1000 നോട്ടുകള്‍ ഇറങ്ങുന്നതോടെ ഇപ്പോള്‍ ഉണ്ടായ കറന്‍സി ക്ഷാമം പരിഹരിക്കപ്പെടും. പിന്‍വലിച്ച അത്രയും തുകയുടെ 1000, 500 നോട്ടുകള്‍ 2000 നോട്ട് പിന്‍വലിക്കുന്ന സമയം തന്നെ ഇറക്കിയില്ലെങ്കില്‍ വിപണിയില്‍ ലിക്വിഡിറ്റി ക്രഞ്ച് അനുഭവപ്പെടും. അതിന് ഇടവരുത്തിയാല്‍ 2016 ആവര്‍ത്തിക്കും. ആ അബദ്ധം കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കില്ലെന്നാണ് കരുതുന്നത്.