30 March 2026 1:06 PM IST
Summary
കേരളത്തിൻ്റെ സമഗ്ര വികസനം എന്ന സ്വപ്നത്തിലേക്ക് നമ്മൾ ഒന്നായി ചുവടുവയ്ക്കുമ്പോൾ കേരളം മാറേണ്ടത് എങ്ങനൊക്കെയാണ്? എന്തൊക്കെ പദ്ധതികളാണ് സംസ്ഥാനത്തിന് മുതൽക്കൂട്ടാകുക. വിദഗ്ധർ നിർദേശിക്കുന്ന ആശയങ്ങൾ മൈഫിൻ പോയിൻ്റിൽ.
തിരഞ്ഞെടുപ്പ് അടുത്തതോടെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ച് കേരളത്തിൻ്റെ വികസനം പ്രചാരണായുധമാക്കുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് മാത്രം ചർച്ച ചെയ്യപ്പെടുകയും അതിന് ശേഷം വിസ്മരിക്കപ്പെടുകയും ചെയ്യേണ്ട ഒന്നല്ല കേരളത്തിൻ്റെ സമഗ്ര വികസനം. 'വികസിത' കേരളം എന്ന സ്വപ്നത്തിലേക്ക് നമ്മൾ ഒന്നായി ചുവടുവയ്ക്കുമ്പോൾ കേരളം മാറേണ്ടത് എങ്ങനൊക്കെയാണ്? എന്തൊക്കെ ആശയങ്ങളാണ് സംസ്ഥാനത്തിൻ്റെ സമഗ്ര വികസനത്തിന് മുതൽക്കൂട്ടാകുക?
വിവിധ മേഖലകളിലുള്ള വിദഗ്ധർ നൽകുന്ന നിർദേശങ്ങൾ മലയാളത്തിലെ ആധികാരിക ഫിനാൻസ് പോർട്ടലായ മൈഫിൻ പോയിൻ്റിലൂടെ വായിക്കാം. സമ്പദ്‍വ്യവസ്ഥയിൽ നിർണായകമായ ചെറുകിട വ്യവസായ രംഗത്തിൻ്റെ മുന്നേറ്റത്തിനായി ഒരു നിർദേശം മുന്നോട്ട് വയ്ക്കുന്നത് ബേപ്പുർ മുൻ എംഎൽഎയും പ്രമുഖ വ്യവസായിയുമായ വികെസി മമ്മദ് കോയ.
കൂടുതൽ വ്യവസായ ഭൂമി വികസിപ്പിക്കണം!
''കേരളത്തിലെ വ്യവസായ അന്തരീക്ഷത്തിൽ വലിയ മാറ്റമാണ് ഇപ്പോഴുള്ളത്. പണ്ടൊക്കെ ഒരു വ്യവസായം തുടങ്ങുന്നതിന് ലൈസൻസിന് തന്നെ നീണ്ട കാത്തിരിപ്പ് വേണ്ടി വരുമായിരുന്നു. നേരത്തെ കാലങ്ങൾ എടുത്തിരുന്ന ലൈസൻസ് ഇപ്പോൾ വളരെ പെട്ടെന്ന് ലഭിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ നടപടിക്രമങ്ങൾ എല്ലാം വേഗത്തിലായി.
ഉദ്യോഗസ്ഥ തലത്തിൽ ഉണ്ടായിരുന്ന കാലതാമസം ഇല്ലാതായി. അനാവശ്യമായി സ്റ്റോപ് മെമോ നൽകുന്ന രീതിയും അവസാനിച്ചു. എന്തുകൊണ്ടും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ അന്തരീക്ഷമാണ് ഇന്ന് കേരളത്തിലുള്ളത്.
വേണ്ടത് അടിസ്ഥാന സൗകര്യങ്ങളുള്ള ഭൂമി
ചില അടിസ്ഥാനകാര്യങ്ങൾ കൂടെ ഒരുക്കാനായാൽ ഈ രംഗത്ത് കേരളത്തിന് കുറച്ചുകൂടെ മുന്നേറ്റം നടത്താനാകും. വ്യവസായ ഭൂമിയുടെ വികസനമാണ് ഏറെ പ്രധാനപ്പെട്ടത്. നിലവിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന ചെറുകിട വ്യവസായികൾ നേരിടുന്ന വലിയൊരു പ്രശ്നമാണ് ഭൂമിയുടെ ലഭ്യത. സർക്കാർ കൂടുതൽ സ്ഥലം ഏറ്റെടുത്ത് റോഡ്, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുള്ള വ്യവസായ ഭൂമി വികസിപ്പിക്കണം.
കിനാലൂരിലെ വ്യവസായ ഭൂമി പോലുള്ള കൂടുതൽ ഭൂമി കണ്ടെത്തി വകസിപ്പിക്കാനാകാണം. ചെറുകിട സംരംഭകർക്ക് ഘഡുക്കളായി പണം അടച്ച് വാങ്ങാൻ ആകുന്ന സംവിധാനം കൂടി ഉണ്ടായാൽ, ഇത്തരം ഭൂമിയുടെ ലഭ്യത ധാരാളം സംരംഭകർക്ക് ആശ്വാസകരമാകും. പുതിയ സംരംഭങ്ങൾ വരാനും സഹായകരമാകും. ''
പഠിക്കാം & സമ്പാദിക്കാം
Home
