image

3 April 2023 10:30 AM GMT

Premium

കേരളത്തില്‍ നിന്നും പൊറോട്ട ഉണ്ടാക്കാന്‍ പഠിച്ചു; ആസാമില്‍ ബമ്പര്‍ ഹിറ്റ്!

MyFin Bureau

kerala porota is a bumper hit in assam
X

Summary

  • കേരള പൊറോട്ടയുടെ രുചിയും ഐടി കമ്പനിയിലെ പാക്കിങ് രീതിയും തുണച്ചതോടെ പൊറോട്ട വമ്പന്‍ ഹിറ്റ്


കേരളത്തില്‍ ജോലി തേടിയെത്തി പൊറോട്ട ഉണ്ടാക്കാന്‍ പഠിച്ചത് ജീവിതം തന്നെ മാറ്റിമറിച്ച ആവേശത്തിലാണ് ആസാമിയായ ദിഗന്ത ദാസ്. ആസാമിലെ തീന്‍മേശകളിലെ താരമാക്കി പൊറോട്ടയെ മാറ്റിയിരിക്കുകയാണ് ഈ യുവാവ്. പാതി വേവിച്ച പൊറോട്ട പാക്കറ്റിലാക്കി വിറ്റാണ് ദിഗന്ത ദാസ് എന്ന 32കാരന്‍ ഇന്ന് ലക്ഷങ്ങള്‍ നേടുന്നത്.

പൊറോട്ടയടിക്കാരന്‍

2012ലാണ് ദിഗന്ത ദാസ് ജോലി തേടി കേരളത്തിലെത്തുന്നത്. ഏതു ജോലിയും ചെയ്യാന്‍ സന്നദ്ധനായി വന്ന യുവാവിനു കിട്ടിയത് ഹോട്ടല്‍ പണി. മേശ തുടക്കലില്‍ നിന്ന് സപ്ലെയറിലേക്കും അവിടെനിന്ന് കിച്ചണിലേക്കും ദിഗന്തദാസിന് പ്രമോഷന്‍ ലഭിച്ചു. വൈകാതെ തൃശൂരിലെ ഒരു ഹോട്ടലില്‍ പ്രധാന പൊറോട്ടയടിക്കാരനായി ദിഗന്ത മാറി. കുടുംബഭാരം ചുമലിലായതിനാല്‍ പാര്‍ട്ട് ടൈമായി പെയിന്റിങ്ങും ചെയ്തു.

പിന്നീട് കേരളത്തിലെ വിവിധ ജില്ലകളില്‍ ദിഗന്ത ജോലി ചെയ്തെങ്കിലും സ്ഥിരമായി എവിടെയും നില്‍ക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ബെംഗളൂരുവില്‍ ഒരു ഐടി കമ്പനിയില്‍ കിച്ചണ്‍ ജോലി കിട്ടി. കേരളത്തില്‍ പൊറോട്ടയടിച്ച പരിചയം ബെംഗളൂരുവില്‍ തുണയായി. എന്നാല്‍ ഇതും അധികനാള്‍ നീണ്ടില്ല. ബെംഗളൂരുവിലെ ജോലി അവസാനിപ്പിച്ച് സുഹൃത്ത് സൂര്യ ഥാപ്പയ്ക്കൊപ്പം ആന്ധ്രയിലേക്ക് പോയി.

ബിസിനസിലേക്ക്

2019ല്‍ ഹൈദരാബാദില്‍ സുഹൃത്തുമായി ചേര്‍ന്ന് പൊറോട്ട പാക്ക് ചെയ്ത് വില്‍ക്കുന്ന സംരംഭം തുടങ്ങി. എന്നാല്‍ ഈ സമയത്താണ് കൊവിഡ് മഹാമാരി ഇടിത്തീയായി പെയ്തിറങ്ങിയത്. കൊവിഡ് ദിഗന്തയുടെ ബിസിനസ് തകര്‍ത്തു. ഉണ്ടായിരുന്ന സമ്പാദ്യമെല്ലാം നഷ്ടമായി. ലോക്ക്ഡൗണ്‍ കാലത്ത് കച്ചവടം നിര്‍ത്തി ആസാമിലേക്ക് തിരികെ പോകേണ്ടിവന്നു. പിന്നീട് നാട്ടില്‍ പല ജോലികളും ചെയ്താണ് ജീവിച്ചത്.

പരീക്ഷണം സക്സസ്

അങ്ങനെയിരിക്കെ പല ആശയങ്ങളും ദിഗന്തയെ മഥിച്ചു. എന്തെങ്കിലും ബിസിനസ് ചെയ്യുന്നതിനെ കുറിച്ചായി ആലോചന. ഒടുവില്‍ ഒരിക്കല്‍ കൂടി 'പൊറോട്ട കമ്പനി' പരീക്ഷിക്കാന്‍ ദിഗന്ത തീരുമാനിച്ചു. ജീവിതം മാറിമറിക്കുന്ന തീരുമാനമായിരുന്നു അത്. ആസാമില്‍ സമാനമായ ബിസിനസ് ചെയ്യുന്ന സുഹൃത്ത് ഫൈസുല്‍ ഹഖിനോട് വിപണിയുടെ സ്വഭാവവും സാധ്യതകളും ചോദിച്ച് മനസിലാക്കി. ഫൈസുല്‍ വേണ്ട നിര്‍ദേശങ്ങളെല്ലാം നല്‍കി. അങ്ങനെ ഡെയ്ലി ഫ്രഷ് ഫുഡ് എന്ന പേരില്‍ പൊറോട്ട കമ്പനിക്കു തുടക്കംകുറിച്ചു. കേരള പൊറോട്ടയുടെ രുചിയും ഐടി കമ്പനിയിലെ പാക്കിങ് രീതിയും തുണച്ചതോടെ പൊറോട്ട വമ്പന്‍ ഹിറ്റ്. ഇന്ന് ഡെയ്ലി ഫ്രഷ് ഫുഡ് ആസാമില്‍ 2000ത്തിലധികം പൊറോട്ട പാക്കറ്റുകള്‍ വില്‍ക്കുന്നുണ്ട്.

ജില്ലകള്‍ താണ്ടി വിജയത്തിലേക്ക്

അഞ്ച് പൊറോട്ടകളുള്ള ചെറിയ പാക്കറ്റും 10 പൊറോട്ടകളുള്ള വലിയ പാക്കറ്റുമാണ് ദിഗന്ത വില്‍ക്കുന്നത്. അഞ്ച് പൊറോട്ടയ്ക്ക് 60 രൂപയാണ് വില. 10 പൊറോട്ടയുടെ പാക്കറ്റിന് 100 രൂപയും. 1400 ചെറിയ പാക്കറ്റുകളും 700 വലിയ പാക്കറ്റുകളും ദിവസവും വില്‍ക്കപ്പെടുന്നുണ്ടെന്ന് ദിഗന്ത പറയുന്നു. അടുക്കളയില്‍ 8 പേരാണ് ദിവസവും ജോലിക്കെത്തുന്നത്. 10 പേര്‍ സെയില്‍സ് വിഭാഗത്തിലും ജോലി ചെയ്യുന്നുണ്ട്. ആസാമില്‍ അഞ്ച് ജില്ലകളില്‍ ഇന്ന് തന്റെ കേരള രുചി നിറഞ്ഞ പാറോട്ടയ്ക്ക് ആവശ്യക്കാരുണ്ടെന്ന് ദിഗന്ത പറഞ്ഞു. മറ്റുള്ളവരെ ആശ്രയിച്ച് ജോലി ചെയ്യുന്നതിനു പകരം മുന്നോട്ടുവന്ന് എന്തെങ്കിലും ബിസിനസ് ചെയ്യൂവെന്നാണ് യുവാക്കളോട് ദിഗന്തദാസിനു പറയാനുള്ളത്.