image

1 July 2026 1:12 PM IST

Premium

നീറ്റ് അഴിമതിരഹിതമായാൽ പോര, സുതാര്യവുമാകണം; വേണം സമഗ്ര പൊളിച്ചുപണി

MyFin Desk

നീറ്റ്  അഴിമതിരഹിതമായാൽ പോര, സുതാര്യവുമാകണം;  വേണം  സമഗ്ര പൊളിച്ചുപണി
X

Summary

രാജ്യത്തെ 22 ലക്ഷത്തിലധികം വരുന്ന കൗമാരക്കാരുടെ ഭാവി നിർണ്ണയിക്കുന്ന നീറ്റ് പരീക്ഷ കൂടുതൽ സുതാര്യമാകണം. കുട്ടികളുടെ കണ്ണീരിനും കഠിനാധ്വാനത്തിനും മുകളിലാവരുത് നമ്മുടെ രാജ്യത്തെ ഒരു പരീക്ഷാ പരിഷ്കാരവും.


ഇന്ത്യയിൽ ഒരു ഡോക്ടറാവുക എന്നത് വെറുമൊരു കരിയർ തിരഞ്ഞെടുപ്പ് മാത്രമല്ല. പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ കുട്ടിക്കാലം മുതലുള്ള സ്വപ്നമാണ്. ഒരു വെള്ളക്കുപ്പായവും കഴുത്തിലൊരു സ്റ്റെതസ്കോപ്പും സ്വപ്നം കണ്ട്, കണ്ണിമയ്ക്കാതെ രാത്രിയും പകലും പഠിക്കുന്ന ഇരുപത്തിരണ്ട് ലക്ഷത്തിലധികം വരുന്ന കൗമാരക്കാരുടെ വിധി നിർണ്ണയിക്കുന്ന ഒരു പരീക്ഷയുണ്ടിപ്പോൾ ഇന്ത്യയിൽ . നീറ്റ് (NEET)

എന്നാൽ ഇന്ന്, ഈ പരീക്ഷ വെറുമൊരു യോഗ്യതാ പരീക്ഷ മാത്രമല്ല, മറിച്ച് വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്കും, കോടികളുടെ കോച്ചിംഗ് വ്യവസായത്തിനും, സുപ്രീം കോടതിയിലെ നിയമപോരാട്ടങ്ങൾക്കും വഴിവെച്ച വിവാദം കൂടെയാണ്. പ്രത്യേകിച്ച്, അടുത്തിടെയുണ്ടായ ചോദ്യപേപ്പർ ചോർച്ചകളും ക്രമക്കേടുകളും ഈ പരീക്ഷയുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്തിരിക്കുന്നു. എങ്ങനെയാണ് നമ്മൾ ഈ ഘട്ടത്തിലെത്തിയത്?

എന്താണ് നീറ്റിന്റെ ചരിത്രം? എന്തുകൊണ്ടാണ് വിവാദമാകുന്നത്?

ഇന്ത്യയിലെ സർക്കാർ-സ്വകാര്യ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ്, ബിഡിഎസ്, ആയുഷ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ഏകീകൃത പ്രവേശന പരീക്ഷയാണ് നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്. നിലവിൽ എൻടിഎ( National Testing Agency) എന്ന കേന്ദ്ര ഏജൻസിയാണ് ഈ പരീക്ഷ നടത്തുന്നത്.

ഇന്നത്തെ തലമുറയ്ക്ക് മെഡിക്കൽ പ്രവേശനം എന്നാൽ നീറ്റ് മാത്രമാണ്. എന്നാൽ കുറച്ചു വർഷങ്ങൾക്കു മുൻപ് അവസ്ഥ ഇതൊന്നുമായിരുന്നില്ല. നമ്മൾ ഇതിന്റെ ചരിത്രത്തിലേക്കും ഒന്ന് കണ്ണോടിക്കേണ്ടതുണ്ട്. 2016-ന് മുൻപ് രണ്ട് രീതികളിലാണ് പ്രവേശനം നടന്നിരുന്നത്.

ഓൾ ഇന്ത്യ പ്രീ മെഡിക്കൽ ടെസ്റ്റ് ആയിരുന്നു പ്രധാന പരീക്ഷ. : സിബിഎസ്ഇ നടത്തിയിരുന്ന ഈ പരീക്ഷയിലൂടെ രാജ്യത്തെ മെഡിക്കൽ കോളേജുകളിലെ 15 ശതമാനം വരുന്ന ഓൾ ഇന്ത്യ ക്വാട്ട സീറ്റുകളിലേക്കായിരുന്നു പ്രവേശനം.

ബാക്കി വരുന്ന 85% സീറ്റുകളിലേക്ക് ഓരോ സംസ്ഥാനവും പരീക്ഷകൾ നടത്തിയിരുന്നു. ഉദാഹരണത്തിന് കേരളത്തിലെ KEAM പരീക്ഷ പോലെ സംസ്ഥാനങ്ങൾ സ്വന്തമായി പരീക്ഷകൾ നടത്തിയിരുന്നു. ഇതിനുപുറമേ സ്വകാര്യ കോളേജുകൾക്കും കൽപ്പിത സർവ്വകലാശാലകൾക്കും അവരുടേതായ പരീക്ഷകളുമുണ്ടായിരുന്നു.

നീറ്റ് തിരുത്തിയെഴുതിയത് ഒട്ടേറെ നൂലാമാലകൾ

ഈ പഴയ വ്യവസ്ഥിതി വിദ്യാർത്ഥികൾക്ക് വലിയ മാനസിക-സാമ്പത്തിക ഭാരമാണ് ഉണ്ടാക്കിയത്. ഒരു മെഡിക്കൽ സീറ്റ് ആഗ്രഹിക്കുന്ന വിദ്യാർത്ഥിക്ക് വർഷത്തിൽ പത്തിലധികം പരീക്ഷകൾ എഴുതേണ്ടി വന്നിരുന്നു. ഓരോന്നിനും വെവ്വേറെ അപേക്ഷാ ഫീസ്, വെവ്വേറെ യാത്രാച്ചെലവുകൾ, വ്യത്യസ്തമായ സിലബസുകൾ. ഇതിലുമപ്പുറം, സ്വകാര്യ മെഡിക്കൽ കോളേജുകളിൽ വലിയ തുക ക്യാപിറ്റേഷൻ ഫീസായി (Capitation Fee) വാങ്ങി സീറ്റുകൾ വിൽക്കുന്ന കച്ചവട രീതിയും നിലനിന്നിരുന്നു.

ഈ ക്രമക്കേടുകൾ അവസാനിപ്പിക്കാനും, രാജ്യത്തുടനീളം ഒരൊറ്റ യോഗ്യതാ മാനദണ്ഡം കൊണ്ടുവരാനും വേണ്ടിയാണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നീറ്റ് എന്ന ആശയം മുന്നോട്ട് വെക്കുന്നത്. 2013-ൽ ആദ്യമായി ഇത് നടപ്പിലാക്കാൻ ശ്രമിച്ചെങ്കിലും വലിയ നിയമപോരാട്ടങ്ങൾക്കൊടുവിൽ പരാജയപ്പെട്ടു. ഒടുവിൽ 2016-ൽ സുപ്രീം കോടതി ഇടപെടലിലൂടെ നീറ്റ് പൂർണ്ണമായി നിലവിൽ വന്നു. 2020ഓടെ എഐഐഎംഎസ് , ജെഐപിഎംഇആർ തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളുടെ പ്രത്യേക പരീക്ഷകളും നിർത്തലാക്കി അവയും നീറ്റിന്റെ കീഴിലാക്കി.നീറ്റ് വന്നതുകൊണ്ട് വലിയ ചില മാറ്റങ്ങളുണ്ടായി എന്നത് വസ്തുതയാണ്.

എന്തുകൊണ്ടാണ് മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് നീറ്റ് ഇത്രയധികം പ്രാധാന്യമർഹിക്കുന്നത്?

പണമുള്ളവന് മാത്രം സീറ്റ് എന്ന അവസ്ഥ മാറി, പരീക്ഷയിൽ മികച്ച മാർക്ക് വാങ്ങുന്ന മിടുക്കരായ വിദ്യാർത്ഥികൾക്ക് മാത്രം സീറ്റ് ലഭിക്കുന്ന സാഹചര്യം ഒരു പരിധി വരെ ഇതിലൂടെ ഉറപ്പാക്കാൻ സാധിച്ചു. ക്യാപിറ്റേഷൻ ഫീസ് സമ്പ്രദായം ഇല്ലാതായി.ഒരു പരീക്ഷയുടെ റാങ്ക് ലിസ്റ്റ് ഉപയോഗിച്ച് രാജ്യത്തെ ഏത് കോളേജിലേക്കും അപേക്ഷിക്കാം എന്ന അവസ്ഥ വന്നു.

ഇന്ന് ഇന്ത്യക്ക് പുറത്ത്, ഉദാഹരണത്തിന് ജോർജിയ, ഫിലിപ്പീൻസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ പോയി എംബിബിഎസ് പഠിക്കണമെങ്കിലും ഒരു ഇന്ത്യൻ വിദ്യാർത്ഥി നീറ്റ് പരീക്ഷ പാസ്സായിരിക്കണം എന്ന് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്.

എല്ലാം സുതാര്യമാക്കാൻ വന്ന ഒരു സംവിധാനം എന്നാൽ ഇന്ന് വലിയ പ്രതിസന്ധിയിലാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നീറ്റ് പരീക്ഷയെ ചുറ്റിപ്പറ്റി നിരവധി ആരോപണങ്ങൾ ഉയരുന്നുണ്ട്. 2024-ൽ ഗ്രേസ് മാർക്കുമായി ബന്ധപ്പെട്ടും ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ചും വലിയ തർക്കങ്ങൾ നടന്നിരുന്നു. അന്ന് സുപ്രീം കോടതി പരീക്ഷ റദ്ദാക്കാൻ വിസമ്മതിച്ചെങ്കിലും, സിസ്റ്റം കൂടുതൽ ശക്തമാക്കാൻ ഒരു സമിതിയെ നിയോഗിച്ചിരുന്നു.എന്നാൽ, ആ പ്രതീക്ഷകളെല്ലാം തകിടം മറിച്ചുകൊണ്ടാണ് 2026-ലെ നീറ്റ് വിവാദം പൊട്ടിപ്പുറപ്പെടുന്നത്.

2026 മെയ് 3 ന് രാജ്യത്തുടനീളം 22 ലക്ഷത്തിലധികം വിദ്യാർത്ഥികൾ നീറ്റ് പരീക്ഷ എഴുതുന്നു. പരീക്ഷ കഴിഞ്ഞ് വെറും 9 ദിവസങ്ങൾക്കുള്ളിൽ, പരീക്ഷ രാജ്യവ്യാപകമായി റദ്ദാക്കിക്കൊണ്ട് NTA ഉത്തരവിറക്കുന്നു.ഇന്ത്യൻ വിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയൊരു മെഡിക്കൽ പ്രവേശന പരീക്ഷ പൂർണ്ണമായി റദ്ദാക്കുന്നത്.

എന്താണ് സംഭവിക്കുന്നത്?

രാജസ്ഥാനിലെ സിക്കാറിൽ നിന്നുള്ള ശശികാന്ത് സുതാർ എന്ന കെമിസ്ട്രി അധ്യാപകനാണ് പരീക്ഷയ്ക്ക് മുൻപ് പ്രചരിച്ച ഒരു മോഡൽ ചോദ്യപേപ്പറും യഥാർത്ഥചോദ്യപേപ്പറും തമ്മിലുള്ള സാമ്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്. പരിശോധനയിൽ യഥാർത്ഥ പരീക്ഷയിലെ 140ഓളം ചോദ്യങ്ങൾ ഈ ചോർന്ന പേപ്പറിലുണ്ടായിരുന്നു എന്ന് കണ്ടെത്തി.

തുടർന്ന് കേസ് അന്വേഷിച്ച സിബിഐ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടത്.

മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് വലിയൊരു മാഫിയ തന്നെ ഇതിനു പിന്നിൽ പ്രവർത്തിച്ചിരുന്നു. എൻടിഎ ചോദ്യപേപ്പർ തയ്യാറാക്കാൻ നിയോഗിച്ച ഫിസിക്സ് വിദഗ്ദ്ധയായ പുണെയിലെ സ്കൂൾ പ്രധാനാധ്യാപിക മനീഷ ഹവാൽദാർ ചോദ്യങ്ങൾ ഓർമ്മയിൽ നിന്ന് പകർത്തി ചോർത്തിയതായി സമ്മതിക്കുകയും ചെയ്തു.

ചില സ്വകാര്യ കോച്ചിംഗ് സെന്റർ ഉടമകൾ പരീക്ഷയ്ക്ക് ആഴ്ചകൾക്ക് മുൻപ് തന്നെ ലക്ഷങ്ങൾ വാങ്ങി ചോദ്യപേപ്പറുകൾ വിദ്യാർത്ഥികൾക്ക് എത്തിച്ചു നൽകി.

ഇതേത്തുടർന്ന്, സുപ്രീം കോടതി നിർദ്ദേശപ്രകാരം 2026 ജൂൺ 21-ന് വീണ്ടും നീറ്റ്' നടത്താൻ സർക്കാർ നിർബന്ധിതരായി. കനത്ത സുരക്ഷയിലും ലക്ഷക്കണക്കിന് പോലീസുകാരുടെയും ഒബ്സർവർമാരുടെയും സാന്നിധ്യത്തിലുമാണ് 20 ലക്ഷത്തിലധികം വിദ്യാർത്ഥികൾ രണ്ടാമതും പരീക്ഷ എഴുതിയത്.

ഈ ക്രമക്കേടുകളുടെയും പരീക്ഷ റദ്ദാക്കലുകളുടെയും യഥാർത്ഥ ഇരകൾ ആരാണ്? അത് അധികാരമുള്ള മാഫിയകളോ ഏജൻസികളോ അല്ല, പകരം മാസങ്ങളോളം ഉറക്കമിളച്ച് പഠിച്ച സാധാരണക്കാരായ വിദ്യാർത്ഥികളാണ്. പരീക്ഷകൾ വീണ്ടും വീണ്ടും മാറ്റിവെക്കുന്നതും റദ്ദാക്കുന്നതും വിദ്യാർത്ഥികളിൽ കടുത്ത മാനസിക സമ്മർദ്ദവും നിരാശയുമാണ് ഉണ്ടാക്കുന്നത്. നിർഭാഗ്യവശാൽ, ഈ സമ്മർദ്ദം താങ്ങാനാവാതെ ചില വിദ്യാർത്ഥികൾ ജീവിതം അവസാനിപ്പിച്ച വാർത്തകളും നമ്മൾ കേട്ടു.

ഇന്ന് ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന വൻകിട കോച്ചിംഗ് സെന്ററുകളിൽ പോയി പഠിച്ചാൽ മാത്രമേ നീറ്റ് പരീക്ഷ ജയിക്കാൻ കഴിയൂ എന്നൊരു അവസ്ഥ വന്നിരിക്കുന്നു. ഇത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, ഗ്രാമീണ മേഖലകളിലെ വിദ്യാർത്ഥികൾക്ക് വലിയ തിരിച്ചടിയാണ്. നഗരങ്ങളിലെ വലിയ കോച്ചിംഗ് സൗകര്യങ്ങൾ ലഭിക്കുന്നവരും സാധാരണക്കാരും തമ്മിലുള്ള ഒരു വലിയ വിടവ് നീറ്റ് ഉണ്ടാക്കുന്നുണ്ടെന്ന വിമർശനവും ശക്തമാണ്. സാധാരണക്കാർക്കും താങ്ങാനാവുന്ന നിലയിൽ പരിശീലനം നൽകുന്ന സ്ഥാപനങ്ങൾ വരണം.

തമിഴ്നാട് പോലുള്ള ചില സംസ്ഥാനങ്ങൾ നീറ്റ് പരീക്ഷ പൂർണ്ണമായി നിർത്തലാക്കണം എന്ന് ആവശ്യപ്പെടുമ്പോൾ, രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിലവാരം നിലനിർത്താൻ നീറ്റ് അത്യാവശ്യമാണെന്ന് വാദിക്കുന്നവരുമുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ വ്യവസ്ഥിതിക്ക് അടിയന്തിരമായ ചില പരിഷ്കാരങ്ങൾ ആവശ്യമാണ്.

സുരക്ഷിതത്വവും പരിശോധനകളും ഉറപ്പാക്കണം

രാധാകൃഷ്ണൻ കമ്മിറ്റി നിർദ്ദേശിച്ചതുപോലെ, പഴയ ഒഎംആർ ഷീറ്റുകൾക്ക് പകരം കൂടുതൽ സുരക്ഷിതമായ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളിലേക്ക് നീറ്റ് മാറേണ്ടതുണ്ട്. ചോദ്യപേപ്പർ കൈകാര്യം ചെയ്യുന്ന പ്രക്രിയയിൽ പൂർണ്ണമായ ഡിജിറ്റൽ സുരക്ഷിതത്വവും കൃത്യമായ പരിശോധനകളും ഉറപ്പാക്കണം.

ഒരു രാജ്യത്തിന്റെ ആരോഗ്യരംഗത്തിന്റെ ഭാവി നിർണ്ണയിക്കുന്നത് ഇവിടുത്തെ ഡോക്ടർമാരാണ്. അതുകൊണ്ടുതന്നെ അവരെ തിരഞ്ഞെടുക്കുന്ന പരീക്ഷാ സംവിധാനം അഴിമതിരഹിതവും, സുതാര്യവും, എല്ലാ വിദ്യാർത്ഥികൾക്കും തുല്യ അവസരം നൽകുന്നതുമായിരിക്കണം. ലക്ഷക്കണക്കിന് കുട്ടികളുടെ കണ്ണീരിനും കഠിനാധ്വാനത്തിനും മുകളിലാവരുത് നമ്മുടെ രാജ്യത്തെ പരീക്ഷാ പരിഷ്കാരങ്ങൾ.