14 May 2026 3:24 PM IST
കത്തുന്ന പശ്ചിമേഷ്യ, ഉയരുന്ന കടം, തകർന്ന സാമ്പത്തിക സ്ഥിതി, പുതിയ സർക്കാരിന് കടമ്പകളൊട്ടേറെ!
Rinku Francis
Summary
ഉയരുന്ന റവന്യൂ കമ്മി, പണപ്പെരുപ്പം, കടബാധ്യത. പുതിയ സർക്കാരിന് മുന്നിലുള്ളത് ഒട്ടേറെ വെല്ലുവിളികൾ.വിഭവ സമാഹരണത്തിനായി കിഫ്ബിക്ക് അപ്പുറമുള്ള മാർഗം എന്താണ്? പൊതുജനങ്ങളെ പിണക്കാതെ നികുതിയേതര വരുമാനം എങ്ങനെ ഉയർത്തും? ഇന്ദിര ഗ്യാരൻ്റി ബാധ്യതയാകില്ലേ?
അനിശ്ചിതത്വങ്ങൾക്കും രാഷ്ട്രീയ കോലാഹലങ്ങൾക്കും വിരാമം. അധികാര കസേരക്ക് വേണ്ടിയുള്ള വടംവലിക്ക് ശേഷം കേരളത്തിൽ മുഖ്യമന്ത്രി പ്രഖ്യാപനമുണ്ടായിരിക്കുകയാണ്. മന്ത്രി സഭാരൂപീകരണവും ഇനി ഏറെ വൈകില്ലെന്ന് പ്രതീക്ഷിക്കാം. പക്ഷേ പുതിയ സർക്കാരിനെ കാത്തിരിക്കുന്നത് എന്തായാലും അത്ര എളുപ്പമുള്ള അധികാര വഴികളൊന്നുമല്ല. വളരുന്തോറും പിളരുന്ന കോൺഗ്രസിൻ്റെ പാരമ്പര്യവും ഗ്രൂപ്പ് കലഹങ്ങളുമൊക്കെ കേരള രാഷ്ട്രീയം പലപ്പോഴും മുൾമുനയിലാക്കാം. ഇതിനപ്പുറം കേരളത്തിൻ്റെ വളർച്ചക്ക് പുതിയ സർക്കാർ എന്തൊക്കെ നടപടികൾ സ്വീകരിക്കും എന്നത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.
പശ്ചിമേഷ്യൻ യുദ്ധം നീളുന്നത് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയെ പ്രതീക്ഷിതിലും കൂടുതലായി തന്നെ ബാധിക്കുമെന്ന സൂചനകൾ വരികയാണ്. വരാനിരിക്കുന്ന ഇന്ധന വില വർധന വിലക്കയറ്റം ഉയർത്തുമെന്ന് ഉറപ്പാണ്. രാജ്യത്തെ ചെറു റെസ്റ്റോറൻ്റുകളിൽ വലിയൊരു ശതമാനം ഇപ്പോൾ തന്നെ അടച്ചുപൂട്ടി. പുതിയ തീരുവ നടപടികൾ സ്വർണാഭരണ മേഖലയിലെ ചെറുകിടക്കാരെയും ബാധിക്കുമെന്ന് സംഘടന വ്യക്തമാക്കി കഴിഞ്ഞു. രാസവളം, രാസവസ്തുക്കൾ എന്നിവയുടെ എല്ലാം ഇറക്കുമതി ഇപ്പോൾ തന്നെ അവതാളത്തിലാണ്.
പ്രതിപക്ഷസ്ഥാനത്തിരുന്നപ്പോൾ പലതവണ പരിഹാസ രൂപേണ വിഡി സതീശൻ പറഞ്ഞിട്ടുള്ള 'പൂച്ചപെറ്റു കിടക്കുന്ന ഖജനാവ്' ഇനി വിഡി സതീശൻ്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ഏറ്റെടുക്കുകയാണ്. സംസ്ഥാന ഖജനാവിൽ എന്തുമാറ്റമാണ് പുതിയ സർക്കാരിന് കൊണ്ടുവരാനാകുക എന്നത് നിർണായകമാണ്. ഉയരുന്ന പൊതുകടം, റവന്യൂകമ്മി എന്നിവയൊക്കെ തിരിച്ചടിയാണ്.
വിലക്കയറ്റം ദേശീയ ശരാശരിയേക്കാൾ ഉയർന്ന് നിൽക്കുന്ന കേരളത്തിൽ വീണ്ടും വിലക്കയറ്റം ഉയരാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. പാചകവാതക വിതരണ തടസവും ഉയർന്ന വാണിജ്യ സിലിണ്ടർ വിലയും മൂലം ഇപ്പോൾ തന്നെ സംസ്ഥാനത്തും ചെറുകിട റെസ്റ്റോറൻ്റ് നടത്തിപ്പുകാരിൽ വലിയൊരു വിഭാഗം കടുത്ത പ്രതിസന്ധിയിലാണ്. കേരളത്തിലെ റെസ്റ്റോറൻ്റ് മേഖലയെ ഉൾപ്പെടെ പിടിച്ചുനിർത്താൻ ആശ്വാസ നടപടികൾ വേണ്ടിവരും. പശ്ചിമേഷ്യൻ യുദ്ധം സംസ്ഥാനത്തേക്കുള്ള പ്രവാസി പണം ഒഴുക്കു കുറക്കുന്നതും സംസ്ഥാനത്തിന് കനത്ത തിരിച്ചടിയാകാം.
ബാധ്യതയാകുമോ ഇന്ദിരാ ഗ്യാരൻ്റി?
പുതിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കാൻ യുഡിഎഫ് സർക്കാരിൻ്റെ പ്രകടന പത്രിക തന്നെ കാരണമാകാം . കേരളത്തിലെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, 3000 രൂപ പെൻഷൻ വാഗ്ദാനം , വദ്യാർത്ഥിനികൾക്ക് 1000 രൂപ വീതം സഹായം തുടങ്ങി ഇന്ദിര ഗ്യാരൻ്റി നടപ്പാക്കിയാൽ തന്നെ സംസ്ഥാന സർക്കാർ വലിയ ബാധ്യത അധികമായി ഏറ്റെടുക്കേണ്ടി വരും. കെഎസ്ആർടിസിയുടെ നഷ്ടം ഉയർത്താനും സ്വകാര്യ ബസ് വ്യവസായ രംഗത്തെ വരുമാനം കുറയ്ക്കാനും സൗജന്യ യാത്രാ വാഗ്ദാനം കാരണമാകും.
കേന്ദ്ര സർക്കാർ ശ്വാസം മുട്ടിക്കുന്നു എന്ന മുൻസർക്കാരിൻ്റെ സ്ഥിരം പല്ലവി പുതിയ സർക്കാരിന് അതേപടി ആവർത്തിക്കാനുമാകില്ല. കേന്ദ്രം കടമെടുപ്പ് പരിധി കുറയ്ക്കുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങളെ ഫലപ്രദമായി അഭിമുഖീകരിക്കേണ്ടി വരും. നികുതിഇതര വരുമാനം വർധിപ്പിക്കാൻ പുതിയ മാർഗങ്ങൾ . വേണം.ജിഎസ്ടി വകുപ്പിൻ്റെ കാര്യക്ഷമതയില്ലായ്മ പലപ്പോഴും സർക്കാരിനെതിരെയുള്ള പ്രതിപക്ഷ ആയുധമായിരുന്നതിനാൽ ജിഎസ്ടി, ഐജിഎസ്ടി വരുമാനം ഉയർത്താൻ പുതിയ സർക്കാർ എന്താണ് ചെയ്യുക എന്നും കേരളം ഉറ്റുനോക്കും.
വിലക്കയറ്റത്തിന് തടയിടണം
നിലവിലെ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം കേരളത്തെ കൂടുതൽ തകർക്കാതിരിക്കാൻ അടിയന്തര ഇടപെടൽ വേണം. പ്രവാസി പണം കുറയുന്നത് കേരളത്തെ ബാധിക്കാതിരിക്കണമെങ്കിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളും ആവശ്യമാണ്. ഭാവിയിലെയും പശ്ചിമേഷ്യൻ യുദ്ധ സാഹചര്യങ്ങളെ അതിജീവിക്കാനാകണമല്ലോ. പെട്രോൾ, ഡീസൽ ,എൽപിജി വില വർധന സാധാരണക്കാരുടെ ജീവിതം ദുസഹമാക്കുകയാണ്. ഉയരുന്ന തൊഴിൽ ഇല്ലായ്കമക്ക് തടയിടണമെങ്കിൽ ഇവിടെ പുതിയ പദ്ധതികളും സംരംഭങ്ങളും വരണം. വിഭവ സമാഹരണത്തിന് സർക്കാരിനു മുന്നിലുള്ള പുതിയ മാർഗങ്ങൾ എന്തൊക്കെയാകും?
കിഫ്ബിയിൽ എന്ത് നയം?
ബജറ്റിന് പുറത്ത് നിന്ന് വരുമാനം കണ്ടെത്താൻ ഇതുവരെ ആശ്രയിച്ചിരുന്ന കിഫ്ബിയിൽ എന്ത് മാറ്റങ്ങളാകും സർക്കാർ കൊണ്ടുവരിക? നിക്ഷേപ സമാഹരണത്തിനായി കിഫ്ബിക്ക് അപ്പുറത്തേക്ക് സർക്കാരിൻ്റെ ബദൽ മാർഗങ്ങൾ എന്തൊക്കെയാണ്? കിഫ്ബിയോളം തന്നെ കടബാധ്യതയുള്ള പെൻഷൻ കമ്പനിയുടെ ബാധ്യത കുറയ്ക്കാൻ ഈ സർക്കാർ എന്തെങ്കിലും നടപടികൾ സ്വീകരിക്കുമോ ? ഇതെല്ലാം സംസ്ഥാനത്തിൻ്റെ സാമ്പത്തിക വളർച്ചയിൽ നിർണായകമാകും.
സംസ്ഥാനം എങ്ങനെ സാമ്പത്തിക പ്രതിസന്ധിയെയും നിലവിലെ ബാധ്യതകളെയും അഭിമുഖീകരിക്കും എന്നത് ഇനി ഏറെ പ്രധാനമാണ്. വരുമാനത്തിൻ്റെ സിംഹഭാഗവും ശമ്പളവിതരണത്തിനും പെൻഷനുമൊക്കെയായി നൽകേണ്ടി വരുന്ന സംസ്ഥാനത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെങ്കിൽ പുതിയ മാർഗങ്ങൾ കണ്ടെത്തേണ്ടി വരുമെന്നത് ഈ സർക്കാരിന് മുന്നിലുള്ള കനത്ത വെല്ലുവിളികൂടെയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
