image

7 March 2023 7:00 AM GMT

Startups

ആസ്തി 4,550 കോടി രൂപ; ബൈജൂസ് ആപ്പിനു പിന്നിലെ ദിവ്യ സാന്നിധ്യം

MyFin Bureau

byjus app divya
X

Summary

  • ലേ ഓഫ് വിവാദങ്ങളില്‍ അകപ്പെട്ട ബൈജൂസിനെ വിജയവഴിയില്‍ തിരിച്ചെത്തിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞവരില്‍ പ്രമുഖയായ ദിവ്യയുടെ ആസ്തി കൊട്ടക് ഹുറൂണ്‍ സര്‍വേ പ്രകാരം 4,550 കോടി രൂപയാണ്


ദിവ്യ ഗോകുല്‍നാഥ് എന്ന മലയാളി വനിതാ സംരംഭകയെ കുറിച്ച് കേള്‍ക്കാത്തവരുണ്ടായിരിക്കും. എന്നാല്‍ എഡ്ടെക് ഭീമനായ ബൈജൂസ് ലേണിംഗ് ആപ്പിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്റെ ഭാര്യ എന്നു പറഞ്ഞാല്‍ ദിവ്യയെ കുറിച്ച് കൂടുതല്‍ വിശേഷണം വേണ്ടിവരില്ല.

ലേ ഓഫ് വിവാദങ്ങളില്‍ അകപ്പെട്ട ബൈജൂസിനെ വിജയവഴിയില്‍ തിരിച്ചെത്തിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞവരില്‍ പ്രമുഖയായ ദിവ്യയുടെ ആസ്തി കൊട്ടക് ഹുറൂണ്‍ സര്‍വേ പ്രകാരം 4,550 കോടി രൂപയാണ്. ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭക കൂടിയാണ് ദിവ്യ.

ഓഫ് ലൈന്‍ അധ്യാപിക

എജ്യുക്കേഷനല്‍ ടെക്നോളജി കമ്പനിയായ ബൈജൂസിന്റെ സഹസ്ഥാപകയും ഡയറക്ടറുമായ ദിവ്യ സംരംഭകയായി അറിയപ്പെടുന്നതിനു മുമ്പ് അധ്യാപികയായിരുന്നു. 1987 ഏപ്രില്‍ 28ന് കര്‍ണാടകയിലെ ബെംഗളൂരുവിലാണ് ദിവ്യയുടെ ജനനം. അപ്പോളോ ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റായിരുന്നു അച്ഛന്‍. അമ്മ ദൂരദര്‍ശന്‍ ടി വി ചാനലിന്റെ പ്രോഗ്രാമിംഗ് എക്സിക്യൂട്ടീവും.

ഫ്രാങ്ക് ആന്റണി പബ്ലിക് സ്‌കൂളിലായിരുന്നു ദിവ്യയുടെ പ്രാഥമിക പഠനം. തുടര്‍ന്ന് ബെംഗളൂരുവിലെ ആര്‍ വി കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ നിന്നു ബയോടെക്നോളജിയില്‍ ബിരുദം നേടി. 2007ലാണ് ദിവ്യ ബൈജു രവീന്ദ്രനെ കണ്ടുമുട്ടുന്നത്. തുടര്‍ന്നു ഡേറ്റിംഗിലായ ഇവര്‍ വിവാഹിതരായി. 2008ല്‍ 21 ാം വയസിലാണ് ദിവ്യ അധ്യാപികയായത്.

ബൈജുവും ദിവ്യയും

2011 ല്‍ ദിവ്യയും ഭര്‍ത്താവും ചേര്‍ന്ന് ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്ഫോമായ ബൈജൂസ് തുടങ്ങാന്‍ തീരുമാനിച്ചു. തുടക്കത്തില്‍ അധ്യാപികയായി ദിവ്യ വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വളരെ പെട്ടെന്ന് ബൈജൂസ് ജനശ്രദ്ധ പിടിച്ചുപറ്റി. കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് ഉപയോക്തൃ അനുഭവം, ഉള്ളടക്കം, ബ്രാന്‍ഡ് മാര്‍ക്കറ്റിംഗ് എന്നിവയുടെ ചുമതല ദിവ്യ ഏറ്റെടുത്തു.

2022 മാര്‍ച്ചില്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി എഡ്ടെക് ടാസ്‌ക്ഫോഴ്സ് തലവനായി ദിവ്യ തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ ബൈജൂസിന്റെ ഡയറക്ടറായ ദിവ്യ രാജ്യാന്തര തലത്തില്‍ ബൈജൂസിനെ വേരുറപ്പിക്കാനുള്ള ശ്രമത്തിലാണ്.

10,000 കോടി രൂപ വരുമാനം

ബൈജൂസിന്റെ നിലവിലെ വിപണിമൂല്യം 2,300 കോടി രൂപയാണ്. കഴിഞ്ഞ 8 മാസത്തിനിടെ ബൈജൂസിന്റെ വിപണിമൂല്യം 36 ശതമാനം വര്‍ധിച്ചിട്ടുണ്ട്. അതേസമയം കമ്പനിയുടെ കഴിഞ്ഞവര്‍ഷത്തെ ഗ്രോസ് വരുമാനം 10,000 കോടി രൂപയാണ്. 2021ലിത് 2,428 കോടിയായിരുന്നു. ഈ സാമ്പത്തികവര്‍ഷം കമ്പനി ലക്ഷ്യമിട്ടത് 17,000 കോടി രൂപയായിരുന്നു.

ബ്രാന്‍ഡ് അംബാസഡറായി മെസ്സി

ഫുട്ബോള്‍ ഇതിഹാസമായി മാറിയ അര്‍ജന്റൈന്‍ താരം ലയണല്‍ മെസ്സിയാണ് ബൈജൂസിന്റെ ആഗോള ബ്രാന്‍ഡ് അംബാസഡര്‍. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മൂലധനനിക്ഷേപം എത്തിയ ഏഷ്യയിലെ ആദ്യ സ്റ്റാര്‍ട്ട്അപ്പാണ് ബൈജൂസ്.

20,000 അധ്യാപകര്‍

നിലവില്‍ 20,000 അധ്യാപകര്‍ ബൈജൂസിലുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 2,500 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടതോടെ സ്ഥാപനം പൊളിഞ്ഞെന്ന പ്രചാരണം പരന്നിരുന്നു. അതേസമയം ഇത് സ്ഥാപനത്തെ കൂടുതല്‍ ലാഭകരമാക്കാനുള്ള പദ്ധതിയുടെ ഭാഗമാണെന്നാണ് ബൈജു രവീന്ദ്രന്‍ പറയുന്നത്. വരും വര്‍ഷങ്ങളിലായി 10,000ത്തിലേറെ പുതിയ അധ്യാപകരെ നിയമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ബൈജു രവീന്ദ്രന്‍

ഇതിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ബൈജു രവീന്ദ്രന്‍ കണ്ണൂര്‍ ജില്ലയിലെ അഴീക്കോടുകാരനാണ്. അധ്യാപക ദമ്പതിമാരായ രവീന്ദ്രന്റെയും ശോഭനവല്ലിയുടെയും മകനായ ബൈജു അഴീക്കോട്ടെ സര്‍ക്കാര്‍ സ്‌കൂളില്‍ മലയാളം മീഡിയത്തിലായിരുന്നു പഠിച്ചത്. പഠനകാലത്ത് മാത്സ് ഒളിമ്പ്യാഡിലും സയന്‍സ് ക്വിസ്സിലുമെല്ലാം ബൈജു മെഡലുകള്‍ വാരിക്കൂട്ടി. പ്ലസ്ടു പഠനശേഷം കണ്ണൂര്‍ എന്‍ജിനീയറിംഗ് കോളജില്‍ ബി ടെക്കിന് ചേര്‍ന്നു. വിജയകരമായി ബി ടെക് പൂര്‍ത്തിയാക്കിയശേഷം ഒരു മള്‍ട്ടി നാഷണല്‍ ഷിപ്പിംഗ് കമ്പനിയില്‍ സര്‍വീസ് എന്‍ജിനീയറായി ജോലി കിട്ടി.

ക്യാറ്റ് ടോപ്പര്‍

അവധിക്കു നാട്ടില്‍ വന്ന ബൈജു സുഹൃത്തുക്കളെ കാണാനായി ബെംഗളൂരുവിലെത്തി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) കാമ്പസുകളിലെ എം.ബി.എ പ്രവേശനത്തിനായുള്ള ക്യാറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു കൂട്ടുകാര്‍. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ബൈജുവും പരീക്ഷ എഴുതി. ഫലം വന്നപ്പോള്‍ ക്യാറ്റ് ടോപ്പര്‍.

ഏറ്റവും ബുദ്ധിമുട്ടേറിയ പ്രവേശനപരീക്ഷകളിലൊന്നായ ക്യാറ്റ് യാതൊരു തയ്യാറെടുപ്പുമില്ലാതെ തനിക്കെങ്ങനെ നേടാനായി എന്ന ചോദ്യം ബൈജുവിന്റെ മനസ്സില്‍ ഉയര്‍ന്നു. പഠനം രസകരവും എളുപ്പവുമാക്കിയതിലൂടെയാണ് അതു നേടിയതെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായി. തുടര്‍ന്ന് ഈ വഴി മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കുന്നതിനായി അദ്ദേഹത്തിന്റെ ശ്രമം.

പരിശീലന ക്ലാസുകള്‍ തുടങ്ങുന്നു

അങ്ങനെ 2007ല്‍ ബെംഗളൂരുവിലെ ജ്യോതി നിവാസ് കോളജില്‍ വാരാന്ത്യങ്ങളില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ക്യാറ്റ് പരിശീലന ക്ലാസുകള്‍ നടത്താന്‍ തുടങ്ങി. എങ്ങനെ ശരിയായി പഠിക്കാമെന്നും എങ്ങനെ എളുപ്പത്തില്‍ പാഠങ്ങള്‍ മനസ്സിലാക്കാമെന്നും ബൈജുവിന്റെ വിദ്യാര്‍ഥികള്‍ക്ക് ബോധ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ എണ്ണം അമ്പതില്‍നിന്ന് ആയിരത്തിലേറെയായി ഉയര്‍ന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് പരിശീലന പരിപാടി വ്യാപിച്ചു. ഇതിനിടെ, മറ്റു പൊതു പ്രവേശന പരീക്ഷകള്‍ക്കുള്ള പരിശീലനവും തുടങ്ങി.

ലേണിംഗ് ആപ്പിലേക്ക്

സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതല്‍ കുട്ടികളിലേക്ക് ലളിതമായ പഠനമാര്‍ഗങ്ങള്‍ പരിചയപ്പെടുത്താനുള്ള ശ്രമങ്ങളായി പിന്നീട്. ഇതിനായി 2011ല്‍ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനിക്കു രൂപംനല്‍കി. സ്‌കൂള്‍ കുട്ടികളുടെ പഠനം എളുപ്പമാക്കി അവരുടെ വിദ്യാഭ്യാസ അടിത്തറ ശക്തമാക്കുകയായിരുന്നു ലക്ഷ്യം. നാലുവര്‍ഷത്തെ ശ്രമഫലമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കണക്ക്, ശാസ്ത്രം എന്നീ വിഷയങ്ങളിലുള്ള കണ്ടന്റ് തയ്യാറാക്കി മൊബൈല്‍ ആപ്പിലൂടെ നല്‍കി.

2015 ഓഗസ്റ്റിലാണ് ബൈജൂസ് ലേണിംഗ് ആപ്പിന് തുടക്കമിട്ടത്. മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ വീട്ടിലിരുന്ന് സ്വന്തമായി പഠിക്കാന്‍ കുട്ടികളെ പ്രാപ്തമാക്കുന്നതാണ് ബൈജൂസ് ലേണിംഗ് ആപ്പ്. കുട്ടികള്‍ക്ക് സ്വന്തമായും എളുപ്പത്തിലും പഠിക്കാന്‍ ഈ ലേണിംഗ് ആപ്പ് പ്രചോദനം നല്‍കുന്നു. നാലാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള പാഠങ്ങള്‍ ആപ്പിലൂടെ ലഭ്യമാക്കി. ആപ്പ് അവതരിപ്പിച്ച് രണ്ടുവര്‍ഷത്തിനുള്ളില്‍ 80 ലക്ഷം പേരാണ് അത് ഡൗണ്‍ലോഡ് ചെയ്തത്.

ഫോര്‍ബ്സ് ഇന്ത്യ പട്ടികയില്‍

ബൈജുവിന്റെയും ഭാര്യ ദിവ്യയുടെയും ആസ്തി 29,075 കോടി രൂപയാണ്. ഇതോടെ കഴിഞ്ഞവര്‍ഷം ഫോര്‍ബ്സ് ഇന്ത്യ പുറത്തുവിട്ട ഇന്ത്യയിലെ അഞ്ച് അതിസമ്പന്നരായ ടെക് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇവര്‍ സ്ഥാനംപിടിച്ചു. എച്ച്‌സിഎല്‍ ടെക്നോളജീസ് ചെയര്‍മാന്‍ ശിവ് നടാര്‍, വിപ്രോ സ്ഥാപകന്‍ അസിം പ്രേംജി, ഇന്‍ഫോസിസ് ചെയര്‍മാന്‍ നാരായണ മൂര്‍ത്തി, സോഹോ കോര്‍പ് സിഇഒ ശ്രീധര്‍ വെമ്പു എന്നിവരാണ് ബൈജുവിനു മുന്നില്‍.

15 കോടി ഉപയോക്താക്കള്‍

നഗരങ്ങളിലുള്ള കുട്ടികള്‍ മാത്രമല്ല ഇന്ന് ബൈജൂസ് ആപ്പ് ഉപയോഗിക്കുന്നത്. രാജ്യത്തെ ആയിരത്തെഴുനൂറോളം പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ള കുട്ടികള്‍ ഇത് പ്രയോജനപ്പെടുത്തുന്നുണ്ട്. 15 കോടിയിലേറെപ്പേര്‍ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ഐഒഎസ് ആപ്പ് സ്റ്റോര്‍ എന്നിവയില്‍നിന്ന് ബൈജൂസ് ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ ഉപയോഗിക്കണമെങ്കില്‍ പണം നല്‍കണമെന്നു മാത്രം.

Tags: