image

24 April 2023 5:14 PM IST

Premium

ബിസിനസിൽ കൺസൾട്ടന്റുമാരെ തെരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം -ഭാഗം 2

അച്യുത് ബി മോഹൻദാസ്

ബിസിനസിൽ കൺസൾട്ടന്റുമാരെ തെരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം -ഭാഗം 2
X

Summary

  • നല്ലൊരു കൺസൾട്ടന്റിന് ഏറ്റവും ചുരുങ്ങിയ വിവരങ്ങളിൽ നിന്നുപോലും നിങ്ങളെ മുന്നോട്ടുനയിക്കാൻ കഴിയും.
  • വിഷയത്തിലെ അവരുടെ ഗ്രാഹ്യവും, കൺസൾട്ടിംഗിലെ കഴിവും മനസിലാക്കണം
  • കൺസൾട്ടിംഗ് സേവനങ്ങൾ പലപ്പോഴും തിരക്കുള്ളതും ഉയർന്ന ഡിമാൻഡുള്ളതുമാണ്


ബിസിനസ് കൺസൾട്ടിംഗ് സേവനത്തെക്കുറിച്ചും അത് സംരംഭങ്ങൾക്ക് നൽകുന്ന ഗുണഗണങ്ങളെക്കുറിച്ചും ലേഖനത്തിന്റെ കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞിരുന്നല്ലോ....

ബിസിനസ് കൺസൾട്ടിംഗ് സേവനത്തെക്കുറിച്ചും അത് സംരംഭങ്ങൾക്ക് നൽകുന്ന ഗുണഗണങ്ങളെക്കുറിച്ചും ലേഖനത്തിന്റെ കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞിരുന്നല്ലോ.

ആ ഗുണങ്ങൾ മനസ്സിലാക്കി ഒരു ബിസിനസ് കൺസൾട്ടിംഗ് സേവനം നിങ്ങൾക്കും ആവശ്യമുണ്ടെന്ന് തോന്നിയാൽ അതിനുതകുന്ന ഒരു നല്ല കൺസൾട്ടന്റിനെ കൺസൾട്ടിംഗ് സേവനം നൽകാൻ കണ്ടെത്തേണ്ടതും പരമപ്രധാനമാണ്, കാരണം ഒരു ശരിയായ ബിസിനസ് കൺസൾട്ടന്റിന് നിങ്ങളുടെ ബിസിനസ്സ് ലക്ഷ്യങ്ങൾ നേടാൻ സഹായിക്കുന്നതിന് വിദഗ്ധമായ മാർഗനിർദേശവും പിന്തുണയും നൽകാൻ കഴിയും.

എന്നിരുന്നാലും, തെറ്റായ കൺസൾട്ടന്റിനെ തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ ബിസിനസിനെ പ്രതികൂലമായി ബാധിക്കുകയും സമയവും പണവും പാഴാക്കുകയും ചെയ്യും.

കൺസൾട്ടിംഗ് സർവീസിലേക്ക് വരുമ്പോഴുള്ള ഏറ്റവും പ്രധാന ഗുണം എന്തെന്നാൽ ബിസിനസ് കൺസൾട്ടന്റുകൾക്ക് നിഷ്പക്ഷമായ ഉപദേശം നൽകാനും ആന്തരിക രാഷ്ട്രീയമോ (internal politics) വികാരങ്ങളോ സ്വാധീനിക്കാത്ത വസ്തുനിഷ്ഠമായ കാഴ്ചപ്പാട് നൽകാനും കഴിയും എന്നതാണ്.

വേണ്ടിവന്നാൽ കഠിനമായ തീരുമാനങ്ങൾ എടുക്കാനും ചുമതലകൾക്ക് മുൻഗണന നൽകാനും വ്യക്തിഗത പക്ഷപാതങ്ങളില്ലാതെ വളർച്ചയ്ക്കുള്ള അവസരങ്ങൾ തിരിച്ചറിയാനും അവർക്ക് നിങ്ങളെ സഹായിക്കാനാകും. നിങ്ങളുടെ ബിസിനസ്സിന്റെ വിജയത്തിന് ശരിയായ ബിസിനസ് കൺസൾട്ടന്റിനെ എങ്ങനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇനി പറയാം:

നിങ്ങളുടെ ബിസിനസ്സ് ആവശ്യങ്ങൾ നിർവചിക്കുക:

നിങ്ങൾ ഒരു ബിസിനസ് കൺസൾട്ടിംഗ് സേവനത്തിനായി ഒരു കൺസൾട്ടന്റിനെ തിരയാൻ തുടങ്ങുന്നതിനുമുമ്പ്, നിങ്ങളുടെ ബിസിനസ്സ് ആവശ്യങ്ങൾ നിർവചിക്കേണ്ടത് പ്രധാനമാണ്.

നിങ്ങളുടെ ബിസിനസ്സിന്റെ ഏതൊക്കെ മേഖലകളിൽ കൺസൾട്ടിംഗ് സേവനങ്ങൾ ആവശ്യമാണെന്നും ഒപ്പം നിങ്ങൾ നേടാൻ ആഗ്രഹിക്കുന്ന ഫലങ്ങൾ എന്താണെന്നും നിർണ്ണയിക്കണം കാരണം ആഴക്കടലിൽ മുങ്ങിത്തപ്പുന്നതുപോലെയാണ് ഇതും; നമുക്ക് വേണ്ടത് എന്താണെന്ന് അടിസ്ഥാനപരമായി ആദ്യമേതന്നെ ഒരു ധാരണവേണം, ഒപ്പം കൂടുതലായി കിട്ടുന്നതെന്തും ബോണസ്.

ഓരോ ബിസിനസിനും വ്യത്യസ്ത ഉദ്ദേശ്യലക്ഷ്യങ്ങളാണല്ലോ, അതുകൊണ്ട് കൃത്യമായ ധാരണയില്ലാതെ കൺസൾട്ടിംഗ് സേവനങ്ങൾ നേടാൻ ശ്രമിച്ചാൽ ഈ ഉദ്ദേശ്യലക്ഷ്യങ്ങളിൽ മുൻഗണന കൊടുക്കേണ്ടത് ഏതിനാണെന്ന കാര്യം ചിലപ്പോൾ കൃത്യമായി കൺസൾട്ടന്റുമായി ആശയവിനിമയം നടത്താൻ കഴിയാതെ വന്നേക്കാം. പക്ഷേ നല്ലൊരു കൺസൾട്ടന്റിന് ഏറ്റവും ചുരുങ്ങിയ വിവരങ്ങളിൽ നിന്നുപോലും നിങ്ങളെ മുന്നോട്ടുനയിക്കാൻ കഴിയും.


അനുഭവവും വൈദഗ്ധ്യവും വിലയിരുത്തുക

ഒരു കൺസൾട്ടിംഗ് സേവനം വിലയിരുത്തുമ്പോൾ, അവരുടെ പ്രവൃത്തിപരിചയവും വൈദഗ്ധ്യവും പരിഗണിക്കേണ്ടത് ഏറ്റവും പ്രധാനമാണ്. അവരുടെ വിജയത്തിന്റെ ട്രാക്ക് റെക്കോർഡ്, ക്ലയന്റ് സാക്ഷ്യപത്രങ്ങൾ, കേസ് സ്റ്റഡീസ് എന്നിവ പരിശോധിച്ചാൽ നിങ്ങൾ ആഗ്രഹിക്കുന്ന മേഖലയിൽ ഫലങ്ങൾ നൽകാനുള്ള അവരുടെ കഴിവ് എത്രത്തോളമുണ്ടെന്ന് വ്യക്തമാകും.

അതോടൊപ്പം തന്നെ അവരുടെ ക്രെഡൻഷ്യലുകളും വിദ്യാഭ്യാസവും കൂടാതെ ഏതെങ്കിലും സർട്ടിഫിക്കേഷനുകളോ പ്രൊഫഷണൽ അഫിലിയേഷനുകളോ ഉണ്ടോയെന്നും പരിശോധിക്കുന്നതും ഗുണകരമാണ്. ഇനി അഥവാ ഇതൊന്നുമില്ലെങ്കിലും കുഴപ്പമില്ല, അവരോടൊപ്പം കുറച്ചുനേരം ചിലവഴിച്ച് സംസാരിച്ചാൽ അവരുടെ വിഷയത്തിലെ ഗ്രാഹ്യവും, കൺസൾട്ടിംഗിലെ കഴിവും മനസ്സിലാക്കാവുന്നതേയുള്ളൂ.

അവരുടെ സമീപനവും രീതിശാസ്ത്രവും (methodology) നിർണ്ണയിക്കുക

ബിസിനസ്സ് വെല്ലുവിളികൾ പരിഹരിക്കുന്നതിന് കൺസൾട്ടൻറുകൾ വിവിധ സമീപനങ്ങളും രീതികളും ഉപയോഗിക്കുന്നുണ്ട് അത് നിങ്ങളുടെ ബിസിനസ്സ് ലക്ഷ്യങ്ങളുമായും മൂല്യങ്ങളുമായും പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ അവരുടെ സമീപനവും രീതിശാസ്ത്രവും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

നിങ്ങൾ പരിഗണിക്കുന്ന കൺസൾട്ടന്റുകളോട് അവർ നിങ്ങളോടൊപ്പം എങ്ങനെ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും, അവർ അവരുടെ സേവനങ്ങൾ എങ്ങനെ നൽകുമെന്നും, നിങ്ങളുടെ ബിസിനസ്സ് വെല്ലുവിളികൾ പരിഹരിക്കാൻ അവർ ഉപയോഗിക്കുന്ന ടൂളുകളും സാങ്കേതികതകളും എന്താണെന്നും ചോദിച്ച്‌ മനസ്സിലാക്കണം.

ചില കൺസൾട്ടന്റുകൾ മാർക്കറ്റിംഗ്, ഫിനാൻസ് തുടങ്ങി ഏതെങ്കിലും ഒരു മേഖലയിൽ മാത്രം സേവനങ്ങൾ നൽകുമ്പോൾ ചിലർ ബിസിനസിന്റെ വിവിധ മേഖലകളിൽ ഒരേസമയം സേവനം നൽകുന്നുണ്ട്. അതുപോലെ ചില കൺസൾട്ടന്റുകൾ ടൂറിസം, ഹെൽത്ത് കെയർ തുടങ്ങി ഏതെങ്കിലും ഒരു ഇൻഡസ്ട്രിയിൽ മാത്രം ശ്രദ്ധപതിപ്പിക്കുമ്പോൾ മറ്റുചിലർ അസംഖ്യം ഇൻഡസ്ട്രികളിൽ വ്യാപിച്ചുകിടക്കുന്നു.

അങ്ങനെ വളരെ ബൃഹത്തായ പ്രവൃത്തിപരിചയവും വൈദഗ്ധ്യവും ഉള്ളവരെ നിങ്ങളുടെ ബിസിനസിന്റെ ആവശ്യകതയ്ക്കനുസരിച്ച് തിരഞ്ഞെടുക്കുന്നതിലാണ് നിങ്ങളുടെ കഴിവ്.

ലഭ്യത

ബിസിനസ് കൺസൾട്ടിംഗ് സേവനങ്ങൾ പലപ്പോഴും തിരക്കുള്ളതും ഉയർന്ന ഡിമാൻഡുള്ളതുമാണ്. നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ കൺസൾട്ടന്റ് ലഭ്യമാണെന്നും നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ റിസോഴ്സുകൾ ഉണ്ടെന്നും സ്ഥിരീകരിക്കേണ്ടത് ഇക്കാര്യത്തിൽ അത്യാവശ്യമാണ്.

നിങ്ങളുടെ ബിസിനസ് ആവശ്യങ്ങൾ കൃത്യസമയത്ത് നടത്താൻ കഴിയുമോ, വെല്ലുവിളികളോട് വേഗത്തിൽ പ്രതികരിക്കാനുള്ള ശേഷിയുണ്ടോ, വേഗതയുള്ള തീരുമാനമെടുക്കാൻ അവർക്ക് കെൽപ്പുണ്ടോ എന്നൊക്കെയുള്ള കാര്യങ്ങൾ ഇവിടെ പരിഗണിക്കപ്പെടേണ്ടതാണ്.

ചിലപ്പോൾ ഒരാൾ മാത്രമായിരിക്കില്ല കൺസൾട്ടിംഗ് നൽകുന്നത്; ഒരുകൂട്ടം വിദഗ്ധർ അടങ്ങുന്ന ഒരു പാനലായിരിക്കും ഈ സേവനം നൽകുന്നത്. ആ സാഹചര്യത്തിൽ എങ്ങിനെ ഇവരുടെ സമയം മാനേജ് ചെയ്യപ്പെടുന്നു, കാര്യക്ഷമമായി പ്രവർത്തികൾ ചെയ്യാൻ എങ്ങിനെ സാധിക്കുന്നു എന്നൊക്കെക്കൂടി മനസ്സിലാക്കണം.

ചെലവും കരാർ നിബന്ധനകളും

ഒരു കൺസൾട്ടിംഗ് സേവനവും കൺസൾട്ടന്റും തിരഞ്ഞെടുക്കുമ്പോൾ അവരുടെ ഫീസ് ഘടനയും കരാർ നിബന്ധനകളും പൂർണ്ണമായും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. അവർ മണിക്കൂർ തോറുമാണോ, പ്രോജക്റ്റ് അധിഷ്‌ഠിതമായാണോ, മാസം തോറുമുള്ള നിശ്ചിത ഫീസ് ആയാണോ ചാർജ് ഈടാക്കുന്നത് എന്നും മനസ്സിലാക്കിയിരിക്കണം.

ഓരോ പ്രൊജക്റ്റുകളും വ്യത്യസ്തമാണ്, അതുപോലെതന്നെ ഓരോന്നിനും വ്യത്യസ്ത തരത്തിലുള്ള ചെലവുകളും നിബന്ധനകളും ഉണ്ടാകും. പലരും പലപ്പോഴും എന്നോട് ചോദിക്കാറുള്ള ഒരു കാര്യമാണ് ബിസിനസ് കൺസൾട്ടിംഗിന് ഞാൻ എത്രയാണ് ഫീസായി വാങ്ങുക എന്നത്.

അപ്പോഴൊക്കെയും ഞാൻ പറയാറുള്ളത് അവരുടെ പ്രോജക്ട് എന്താണെന്നും അതിന് എന്റെ സാന്നിധ്യം എത്രത്തോളം വേണം, എത്ര കാലത്തോളം വേണം എന്നൊക്കെ പഠിച്ച ശേഷമേ ഒരു ഫീസ് പറയാൻ കഴിയൂ എന്നാണ്. ഫ്ലാറ്റായി ഒരു ഫീസ് പറഞ്ഞാൽ പലപ്പോഴും ആ ബിസിനസിന്റെ ആവശ്യകത കൃത്യമായി മനസ്സിലാക്കാതെ മൂല്യനിര്‍ണ്ണയം ചെയ്യേണ്ടിവരുന്നതിനാൽ ആ സംരംഭത്തിന് നഷ്ടം വരാനിടയുണ്ട്.

എന്നാൽ അവരുടെ പ്രൊജക്റ്റിനെ നന്നായി മനസ്സിലാക്കി ആവശ്യത്തിനുമാത്രം ഫീസ് ഈടാക്കിയാൽ അത് ഏതുതരത്തിലും അവർക്ക് ഗുണകരമാകും.

അനുയോജ്യത സ്ഥിരീകരിക്കുക

നിങ്ങൾക്ക് സുഖകരവും നിങ്ങളുടെ ബിസിനസ്സ് സംസ്കാരവുമായി പൊരുത്തപ്പെടുന്ന വ്യക്തിത്വവുമുള്ള ഒരു കൺസൾട്ടന്റുമായി പ്രവർത്തിക്കേണ്ടത് ഏത് സമയത്തും സുപ്രധാനമാണ്. അവസാന പോയിന്റായി പറയുകയാണെങ്കിലും ഒരിക്കലും മറക്കാൻ പാടില്ലാത്ത ഒന്നാണിത്.

നിങ്ങൾ തിരഞ്ഞെടുക്കുന്ന കൺസൾട്ടന്റ് നിങ്ങളുടെ കമ്പനി സംസ്കാരത്തിന് അനുയോജ്യമായ ഒരാളായിരിക്കണം. അവർ നിങ്ങളുമായി അടുത്ത് പ്രവർത്തിക്കുന്നതുകൊണ്ടും, ഒരേ ലക്ഷ്യത്തിലേക്ക് യാത്രചെയ്യേണ്ടവരായതിനാലും നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്ന, നിങ്ങളുടെ കമ്പനിയുടെ മൂല്യങ്ങളും ലക്ഷ്യങ്ങളും മനസ്സിലാക്കുന്ന ഒരാളെ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.

“സഹകരണമാണ് സാറേ ഇതിന്റെ മെയിൻ” എന്ന് പറയാൻ തക്കവിധം ഒരു സഹകരണ സമീപനം ഒരു ബിസിനസ് കൺസൾട്ടന്റുമായി പ്രവർത്തിക്കുന്നതിന് അത്യാവശ്യമാണ്. തുറന്ന് ആശയവിനിമയം നടത്തുക, കിട്ടുന്ന മാർഗനിർദേശങ്ങൾ ഉൾക്കൊള്ളുക, ചോദ്യങ്ങളുണ്ടെങ്കിൽ ഉന്നയിക്കുക, മെച്ചപ്പെടുത്താനുണ്ടെങ്കിൽ അത് ചെയ്യുക തുടങ്ങി അനേകം ഘടകങ്ങളിലൂടെയാണ് കൺസൾട്ടിംഗിൽ ഓരോ പ്രക്രിയയും കടന്നുപോകുന്നത്.

അതുകൊണ്ടുതന്നെ തുടങ്ങി കുറച്ചുകാലത്തിനുശേഷം നിർത്താം എന്ന മനോഭാവത്തിൽ മുന്നോട്ടുപോകാതെ ഇന്നലെയെക്കാളും നന്നായി ഇന്നെങ്ങനെ മുന്നോട്ടുപോകാം എന്നതിൽ മാത്രം ശ്രദ്ധിക്കുക.

PS: “ഞങ്ങൾക്കൊരു ബിസിനസ് കൺസൾട്ടന്റിനെ ആവശ്യമുണ്ട്, ഏതെങ്കിലും നല്ല ആളുകൾ ഉണ്ടെങ്കിൽ പറയാമോ?” എന്ന് കുറച്ചുപേരോട് ചോദിച്ചാൽ കിട്ടുന്ന മറുപടികളിൽ ഏറ്റവും കൂടുതലും ഇങ്ങനെയായിരിക്കും - “അതിന്റെയൊക്കെ ആവശ്യമുണ്ടോ? എന്തിനാ വെറുതേ കാശ് കളയുന്നത്?

നിങ്ങളുടെ പരിചയത്തിൽ അല്ലെങ്കിൽ അടുത്ത് ചെറിയ തോതില്‍ തുടങ്ങി നല്ല നിലയില്‍ എത്തിയ ബിസിനസ്സ് ചെയ്തവരെ സമീപിച്ച് അവരുമായി ഫ്രീ ആയി സംസാരിച്ച് കാര്യങ്ങൾ മനസ്സിലാക്കിയാൽ മതി. അതുവച്ച് തീരുമാനമെടുത്ത് മുന്നോട്ടുപോയാൽ എല്ലാം നന്നാവും, കാശും ലാഭിക്കാം.”

ചില വിശിഷ്ട സാഹചര്യങ്ങളിൽ ഇത് നടന്നേക്കാം, പക്ഷേ ഭൂരിപക്ഷം അവസ്ഥകളിലും ഇത് പൊളിഞ്ഞുപോകാറാണ് പതിവ്. കാരണം നല്ല നിലയില്‍ എത്തിയ ബിസിനസ്സ് ചെയ്യുന്നവർക്ക് നിങ്ങളെ സഹായിച്ചുകൊണ്ടിരിക്കാൻ മിക്കപ്പോഴും സമയമുണ്ടാകില്ല, ചിലപ്പോൾ സൗകര്യവും.

നിങ്ങളുടെ ഓരോ സംശയങ്ങൾക്കും നിരന്തരം മാർഗനിർദേശങ്ങൾ തരാൻ അവർക്ക് കഴിഞ്ഞെന്നുവരില്ല, ഒപ്പം തന്നെ ചിലപ്പോൾ നിങ്ങളുടെ ബിസിനസ് അവർക്ക് ഒരു എതിരാളിയായാലോ എന്നുപോലും സംശയിച്ചേക്കാം.

ഇതിനെല്ലാമൊപ്പം നിങ്ങളുടെ ഐഡിയകൾ മറ്റ് ബിസിനസുകാരോട് പങ്കുവയ്ക്കുന്നതിലെ അപകടം, നമ്മുടെ അതേ ഇൻഡസ്ട്രിയിൽ ഉള്ളവരെ കണ്ടെത്തുക എന്ന ദുഷ്കരമായ കർമ്മം ഒക്കെ ഒടുവിൽ സമയ നഷ്ടം, ധന നഷ്ടം തുടങ്ങിയവ സമ്മാനിച്ചേക്കാം.

ഒരു ശക്തമായ കാരണം ഉള്ളതുകൊണ്ടാണല്ലോ ഒരു ബിസിനസ് കൺസൾട്ടന്റിനെ വേണമെന്ന് തോന്നിയത്? അതുകൊണ്ട് നിങ്ങൾക്കും നിങ്ങളുടെ സംരംഭത്തിനും പറ്റിയൊരാളെ കണ്ടെത്തുന്നതിൽ ശ്രദ്ധിക്കുന്നതാവും നല്ലത്, മറ്റുള്ളവരുടെ വൃഥാ ഉപദേശങ്ങളിലല്ല.