image

21 Feb 2026 8:25 PM IST

Premium

Trump's Tariff-ട്രംപിൻ്റെ പകരച്ചുങ്ക നിരക്ക്; സുപ്രീം കോടതിയുടെ കരുത്തൻ തിരിച്ചടി, നാൾ വഴി

Vidhya Nk

Trumps Tariff-ട്രംപിൻ്റെ പകരച്ചുങ്ക നിരക്ക്; സുപ്രീം കോടതിയുടെ കരുത്തൻ തിരിച്ചടി, നാൾ വഴി
X

Summary

പ്രത്യേക നിയമം ഉപയോഗിച്ച് രാജ്യങ്ങങ്ങൾക്കെതിരെ ചുമത്തിയ പകരച്ചുങ്കം യുഎസ് സുപ്രീം കോടതി റദ്ദാക്കി. നികുതികളും തീരുവകളും തീരുമാനിക്കാൻ ഭരണഘടന നൽകുന്ന അധികാരം യുഎസ് കോൺഗ്രസിനാണെന്നും പ്രസിഡന്റിനല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി പകരച്ചുങ്കം റദ്ദാക്കിയത്.


പ്രത്യേക നിയമം ഉപയോഗിച്ച് രാജ്യങ്ങങ്ങൾക്കെതിരെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയ പകരച്ചുങ്കം യുഎസ് സുപ്രീം കോടതി റദ്ദാക്കിയതോടെ യുഎസിൽ ഭരണകൂടവും സുപ്രീം കോടതിയും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ മറനീക്കി പുറത്ത് വരികയാണ്. യുഎസ് സമ്പദ്‍വ്യവസ്ഥയെ രക്ഷിക്കാനാണ് സർക്കാർ നോക്കുന്നതെന്നും അതുപക്ഷേ കോടതിക്ക് മനസിലാകുന്നില്ലെന്നും ട്രംപ് തുറന്നടിച്ചു. സുപ്രീം കോടതി നടപടി പ്രസിഡൻ്റ് എന്ന നിലയിലുള്ള തൻ്റെ അധികാരങ്ങൾ ഇല്ലാതാക്കില്ലെന്നും ട്രംപ് പറയുന്നു . നികുതികളും തീരുവകളും തീരുമാനിക്കാൻ ഭരണഘടന നൽകുന്ന അധികാരം യുഎസ് കോൺഗ്രസിനാണെന്നും പ്രസിഡന്റിനല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി പകരച്ചുങ്കം റദ്ദാക്കിയിരിക്കുന്നത്. ഇൻ്റ‍ർനാഷണൽ എമ‍ർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐഇഇപിഎ) ദുരുപയോ​ഗം ചെയ്തു എന്നാണ് കോടതി നിരീക്ഷണം. ഈ പശ്ചാത്തലത്തിൽ ട്രംപിൻ്റെ പകരച്ചുങ്ക നിരക്കുകളും നാൾവഴികളും ഒറ്റനോട്ടത്തിൽ...

ഏപ്രില്‍ 2, 2025: യുഎസിലേക്കുള്ള ഇറക്കുമതികളില്‍ 10% അടിസ്ഥാന പകരച്ചുങ്കം പ്രഖ്യാപിച്ചതോടെ, ട്രംപ് ഭരണകാലത്ത് വ്യാപാര രംഗത്ത് വലിയ രൗദ്രത ആരംഭിച്ചു. ചൈനയ്ക്ക് 34%, യൂറോപ്യന്‍ യൂണിയന് 20%, ഇന്ത്യയ്ക്ക് 27%, ജപ്പാന് 24%, ദക്ഷിണ കൊറിയയ്ക്ക് 26%, വിയറ്റ്‌നാമിന് 46% എന്നിങ്ങനെ ഏകദേശം 60 രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കുകളും ചുമത്തി. അടിസ്ഥാന തീരുവ ഏപ്രില്‍ 5 മുതലും, ഉയര്‍ന്ന നിരക്കുകള്‍ ഏപ്രില്‍ 9 മുതലും പ്രാബല്യത്തില്‍ വരും എന്നാണ് പ്രഖ്യാപനം.

ഏപ്രില്‍ 9, 2025: ഉയര്‍ന്ന തീരുവകള്‍ പ്രാബല്യത്തില്‍

ട്രംപ് പ്രഖ്യാപിച്ച ഉയര്‍ന്ന തീരുവകള്‍ ഏപ്രില്‍ 9 മുതലും പ്രാബല്യത്തില്‍ വന്നപ്പോള്‍, ചൈന അതിരുകളെ മറികടന്ന് പകരച്ചുങ്കം വര്‍ധിപ്പിക്കുകയും മൊത്തം നിരക്ക് 84% ആക്കുകയും ചെയ്തു. ഉടന്‍ തന്നെ, ട്രംപ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള പകരച്ചുങ്കം 125% വരെ ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചു. പിന്നീട് വൈറ്റ് ഹൗസ് ഈ നിരക്ക് യഥാര്‍ത്ഥത്തില്‍ 145% ആണെന്ന് വ്യക്തമാക്കി.

മേയ് 14, 2025: ഉഭയകക്ഷി ചര്‍ച്ചകള്‍

90 ദിവസത്തെ പ്രാഥമിക കാലയളവില്‍, അമേരിക്കയും ചൈനയും പരസ്പരം ഉല്‍പ്പന്നങ്ങളുടെ പകരച്ചുങ്കം ഗണ്യമായി കുറയ്ക്കാന്‍ സമ്മതിച്ചു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള പകരച്ചുങ്കം 145%-ല്‍ നിന്ന് 30% ആയി, അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ചൈനീസ് പകരച്ചുങ്കം 125%-ല്‍ നിന്ന് 10% ആയി കുറച്ചു. ഇത് വ്യവസായങ്ങള്‍ക്കും ആഗോള വിപണിക്കും വലിയ ആശ്വാസമായി.

യൂറോപ്യന്‍ യൂണിയനുമായുള്ള തര്‍ക്കം

മേയ് 23, 2025: യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര ചര്‍ച്ചകള്‍ മുന്നോട്ട് പോകുന്നില്ലെന്ന് ആരോപിച്ച്, ട്രംപ് ജൂണ്‍ 1 മുതലുള്ള യൂറോപ്യന്‍ യൂണിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50% പകരച്ചുങ്കം ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി.

ഇന്ത്യയ്ക്കും നേരിയ ഇളവ്

ഫെബ്രുവരി 2, 2026: ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള പകരച്ചുങ്കം 18% ആയി കുറയ്ക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. മുന്‍പ് 25% പാരസ്പര്യ നിരക്കും, ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങിയതിന് പ്രതികാരമായി ചുമത്തിയ 25% നിരക്കും നിലനിന്നിരുന്നിടത്തോളം, പുതിയ ആകെ നിരക്ക് 18% ആയിരിക്കുമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സ്ഥിരീകരിച്ചു.

ഫെബ്രുവരി 20, 2026: സുപ്രീം കോടതിയുടെ ഇടപെടല്‍

ഫെബ്രുവരി 20, 2026: സാമ്പത്തിക അടിയന്തരാവ്സ്ഥക്കാലത്ത് ഉപയോ​ഗിക്കുന്ന ഇൻ്റ‍ർനാഷണൽ എമ‍ർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് ഉപയോ​ഗിച്ച് ട്രംപ് ഭരണകൂടം വിവിധ രാജ്യങ്ങൾക്ക് ചുമത്തിയ പകരച്ചുങ്കം യുഎസ് സുപ്രീം കോടതി റദ്ദാക്കി. നികുതികളും തീരുവകളും തീരുമാനിക്കാന്‍ ഭരണഘടന പ്രകാരം അധികാരം യുഎസ് കോണ്‍ഗ്രസിന് മാത്രമാണുള്ളതെന്നും പ്രസിഡൻ്റിനല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ട്രംപിന് തിരിച്ചടിയായ ഈ തീരുമാനം യുഎസിൻ്റെ ആഗോള വ്യാപാര നയങ്ങളിലെ വലിയ മാറ്റവും നിയമപരമായ പരിഷ്‌കരണവുമാണ്. നടപടി യുഎസിൻ്റെ വ്യാപാര അന്തരീക്ഷത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.