image

19 Jan 2026 4:37 PM IST

Premium

Union Budget Expectations : കേന്ദ്ര ബജറ്റ് ; ഇത്തവണയെങ്കിലും കേരളത്തിന് പ്രതീക്ഷക്ക് വകയുണ്ടോ?

James Paul

Union Budget Expectations : കേന്ദ്ര ബജറ്റ് ;  ഇത്തവണയെങ്കിലും കേരളത്തിന് പ്രതീക്ഷക്ക് വകയുണ്ടോ?
X

Summary

ഇത്തവണയും കേരളം കേന്ദ്ര ബജറ്റിൻ്റെ വെറും കാഴ്ചക്കാരായി മാറുമോ? അതോ അർഹമായ വിഹിതം ചോദിച്ചുവാങ്ങാൻ നമ്മുടെ പ്രതിനിധികൾക്ക് കഴിയുമോ?2026-ലെ കേന്ദ്ര ബജറ്റ് കേരളത്തെ സംബന്ധിച്ചും വളരെ നിർണ്ണായകമാണ്. പ്രഖ്യാപനം കാക്കുന്ന ചില പദ്ധതികൾ.


ഏറെ പ്രതീക്ഷയോടെ കേന്ദ്ര ബജറ്റിനായി കാത്തിരിക്കുയാണ് രാജ്യം. പതിവ് കേന്ദ്ര അവഗണന തുടരുമോ അതോ അർഹമായ പ്രാധാന്യം ഇത്തവണയെങ്കിലും ബജറ്റിൽ ലഭിക്കുമോ എന്ന് സംസ്ഥാനവും ഉറ്റുനോക്കുന്നു. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയർത്തണമെന്ന ആവശ്യം കേന്ദ്രം പരിഗണിക്കുമോ എന്നത് സാമ്പത്തിക രംഗവും നിരീക്ഷിക്കുന്നുണ്ട് .ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടുകയോ സംസ്ഥാനങ്ങളുടെ വിഹിതം വർദ്ധിപ്പിക്കുകയോ ചെയ്യണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം പരിഗണിക്കുമോ എന്നതും ശ്രദ്ധയാകർഷിക്കും.

ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങളുടെ വികസനമാണ് രാജ്യത്തിന്റെ കരുത്ത് എന്നതിൽ സംശയമില്ല. വിഴിഞ്ഞം പോലുള്ള പദ്ധതികൾ കേരളത്തിന്റേത് മാത്രമല്ല, ഇന്ത്യയുടെ തന്നെ അഭിമാനമാണ്. അങ്ങനെയുള്ള പദ്ധതികൾക്ക് വേണ്ടത്ര പിന്തുണ നൽകാൻ കേന്ദ്രത്തിന് ഉത്തരവാദിത്തമുണ്ട്. കേന്ദ്ര വിഹിതത്തെ മാത്രം ആശ്രയിക്കാതെ സ്വന്തം വരുമാന സ്രോതസ്സുകൾ കണ്ടെത്താനും സാമ്പത്തിക അച്ചടക്കം പാലിക്കാനും സംസ്ഥാനവും ബാധ്യസ്ഥരാണെങ്കിലും ചില വൻകിട പദ്ധതികൾക്ക് കേന്ദ്രകൈത്താങ്ങ് കൂടിയേ തീരു.

കേരളത്തിന് പ്രതീക്ഷകളുള്ള മേഖലകൾ

കേന്ദ്ര ബജറ്റിൽ പ്രഖ്യാപനം കാത്തിരിക്കുന്ന ഒട്ടേറെ വലിയ പദ്ധതികളുണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനം തന്നെയാണ് ഇതിൽ ഏറ്റവും പ്രധാനം. വിഴിഞ്ഞം തുറമുഖം പ്രവർത്തനസജ്ജമാകുന്നതോടെ രണ്ടാം ഘട്ട വികസനത്തിനും സമീപത്തെ ഇൻഡസ്ട്രിയൽ കോറിഡോർ വികസിപ്പിക്കുന്നതിനും പ്രത്യേക ഫണ്ട് കേരളം പ്രതീക്ഷിക്കുന്നുണ്ട്. ഇത് ദക്ഷിണേന്ത്യയുടെ വാണിജ്യ ഭൂപടം തന്നെ മാറ്റാൻ സഹായിക്കും. കേന്ദ്രം എന്തുനിലപാട് സ്വീകരിക്കും എന്നത് ശ്രദ്ധേയമാകും.

റെയിൽവേ വികസനം (സിൽവർ ലൈൻ vs കെ-റെയിൽ)

അർദ്ധ അതിവേഗ ട്രെയിൻ പദ്ധതിയായ കെ-റെയിലിന് അനുമതി ലഭിക്കുമോ അതോ നിലവിലുള്ള പാതകളുടെ ഇരട്ടിപ്പിക്കലിനും സിഗ്നലിംഗ് പരിഷ്കരണത്തിനും വിഹിതം ലഭിക്കുമോ എന്ന് കേരളം നോക്കുന്നുണ്ട്. മെട്രോ റെയിൽ രണ്ടാം ഘട്ടത്തിന് കൂടുതൽ ഫണ്ട് ലഭിക്കുമോ എന്നതാണ് മറ്റൊരു ചോദ്യം. പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന ശബരി റെയിൽവേ പദ്ധതിക്ക് ഈ ബജറ്റിലെങ്കിലും പച്ചക്കൊടി കാട്ടുമെന്നും മതിയായ തുക അനുവദിക്കുമെന്നുമുള്ള പ്രതീക്ഷ റെയിൽവേ മേഖലക്കുണ്ട്. ഇത് ശബരിമല തീർത്ഥാടകർക്ക് മാത്രമല്ല, ഇടുക്കി, കോട്ടയം ജില്ലകളുടെ വികസനത്തിനും അത്യാവശ്യമാണ്.

പ്രഖ്യാപിക്കുമോ കാർഷിക പാക്കേജ്?

പ്രത്യേക കാർഷിക പാക്കേജും റബ്ബർ സബ്സിഡിയും ബജറ്റിൽ സംസ്ഥാനത്തെ കർഷകർ പ്രതീക്ഷിക്കുന്നുണ്ട്. വിലത്തകർച്ച പരിഹരിക്കാൻ മിനിമം താങ്ങു വില വർദ്ധിപ്പിക്കുകയോ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുകയോ ചെയ്യുമെന്ന് കർഷകർ പ്രതീക്ഷിക്കുന്നു. നാളികേരം, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കാനുള്ള സഹായങ്ങളും ഇതിൽ ഉൾപ്പെടും.

യാഥാർഥ്യമാകണം എയിംസ്

കേരളത്തിന്റെ കാലങ്ങളായുള്ള ആവശ്യമാണ് എയിംസ്. കോഴിക്കോട് കിനാലൂരിൽ ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ടെങ്കിലും കേന്ദ്ര ബജറ്റിൽ പ്രഖ്യാപനം ഉണ്ടായാൽ മാത്രമേ പദ്ധതി യാഥാർത്ഥ്യമാകൂ. ആരോഗ്യ മേഖലയിൽ വലിയൊരു കുതിച്ചുചാട്ടത്തിന് സഹായിക്കുന്ന പദ്ധതിയാണിത്. രാഷ്ട്രീയ പോരിനിടയിൽ കേരളത്തിന്റെ വികസനം ബലി കഴിക്കപ്പെടുമോ എന്നതാണ് പ്രധാന ചോദ്യം.