image

11 April 2023 10:53 AM GMT

Banking

യുപിഐ-അക്കൗണ്ട് ഫ്രീസിംഗ്; ഇടപാടുകാര്‍ എന്തുചെയ്യണം?

K A Babu

upi account freezing what should customers do
X

Summary

  • നിരപരാധികളായ ഇടപാടുകാര്‍ എന്തുചെയ്യും?
  • സമൂഹ മാധ്യമങ്ങളില്‍ കാണുന്ന നിക്ഷേപ ഓഫറുകളില്‍ ചെന്ന് പെടാതിരിക്കുക
  • അക്കൗണ്ട് തിരിച്ചു ലഭിക്കാൻ എന്ത് ചെയ്യണം?


ഓണ്‍ലൈന്‍ പണമിടപാട് രംഗത്ത് ഇന്ത്യയുടെ ശക്തമായ സംവിധാനമാണ് യുപിഐ (UPI) എന്ന് ചുരുക്കത്തില്‍ പറയുന്ന യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (Unified Payments Interface). നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (NPCI) ആണ് ഈ സംവിധാനം വികസിപ്പിച്ചതും മാനേജ് ചെയ്യുന്നതും. വ്യക്തികള്‍ തമ്മില്‍ തമ്മിലും (P2P) വ്യക്തികളും ബിസിനസ് സ്ഥാപനങ്ങള്‍ തമ്മിലും (P2M) തമ്മിലുള്ള പണമിടപാടുകളും UPI വഴി നടത്താം.

2016 ല്‍ നിലവില്‍ വന്ന UPI ഈ രംഗത്ത് ആഗോള തലത്തില്‍ തന്നെ മികച്ച സംവിധാനങ്ങളില്‍ ഒന്നാണ്. ഇന്ത്യക്കകത്തുള്ള പണമിടപാടുകള്‍ക്ക് മാത്രം ഉപയോഗിച്ചിരുന്ന UPI ഇപ്പോള്‍ അന്തര്‍ദേശീയ (cross border financial transactions) പണമിടപാടുകള്‍ക്കും ഉപയോഗിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് പണം അയക്കുവാന്‍ UPI സംവിധാനം സജ്ജമായിരിക്കുകയാണ്. ഇതെല്ലാം വിപ്ലവകരമായ മാറ്റങ്ങളാണ് ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ഓണ്‍ലൈന്‍ പണമിടപാട് രംഗത്ത് കൊണ്ട് വരുന്നത്.

യു പി ഐ നല്‍കുന്ന സൗകര്യം

ഓണ്‍ലൈന്‍ പണമിടപാട് നടത്താന്‍ പണം ലഭിക്കേണ്ട ഇടപാടുകാരന്റെ പേര്, ബാങ്ക് അക്കൗണ്ട് നമ്പര്‍, IFSC, ബാങ്കിന്റെയും ബ്രാഞ്ചിന്റെയും പേര് എന്നിവ അടക്കമുള്ള വിവരങ്ങള്‍ വേണം എന്നതായിരുന്നു UPI വരുന്നതിന് മുമ്പുള്ള രീതി. NEFT, RTGS, IMPS എന്നീ സംവിധാനങ്ങള്‍ ഈ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല, ഇങ്ങനെ പണം അയക്കാന്‍ ഏതു ബാങ്കിലെ അക്കൗണ്ടില്‍ നിന്നാണോ പണം അയക്കുന്നത് ആ ബാങ്കിന്റെ മൊബൈല്‍ ആപ്പ് അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിങ് സംവിധാനം തന്നെ ഉപയോഗിക്കേണ്ടതുണ്ട്. എന്നാല്‍ UPI സംവിധാനം ഈ ശൃംഖലയില്‍ ചേര്‍ന്നിട്ടുള്ള മുന്നൂറിലധികമുള്ള എല്ലാ ബാങ്കുകളിലെയും ഇടപാടുകാര്‍ക്ക് ഉപയോഗിക്കുവാന്‍ കഴിയും. അതിനാല്‍ പണമിടപാട് നടത്തുവാന്‍ ഓരോ ബാങ്കിന്റെയും മൊബൈല്‍ ആപ്പ് ഉപയോഗിക്കേണ്ടതില്ല.

അതുകൊണ്ടാണ് UPI ഏറ്റവും വലിയ ഓണ്‍ലൈന്‍ പണക്കൈമാറ്റ സംവിധാനമായി മാറിയത്. ബാങ്ക് അക്കൗണ്ടുകള്‍ കൂടാതെ ക്രെഡിറ്റ് കാര്‍ഡുകളും ഇപ്പോള്‍ UPI സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പണം അയക്കുവാന്‍ മാത്രമല്ല, പണം ആവശ്യപ്പെടാനും അങ്ങനെ ലഭിക്കുന്ന മെസേജുകള്‍ സ്വീകരിച്ച് ആ തുക നല്‍കുവാനും ഇടപാടുകാര്‍ക്ക് കഴിയും. ഓരോ അക്കൗണ്ടിനും പ്രത്യേകമായ QR കോഡ് നിര്‍മിക്കുവാന്‍ UPI സംവിധാനത്തിന് കഴിയും. അത് വഴി QR കോഡ് സ്‌കാന്‍ ചെയ്ത് പണം നല്‍കുവാന്‍ കഴിയുന്നു. ഇതാണ് ഇന്ന് നാം കടകളിലും മറ്റും പണം കൊടുക്കുവാന്‍ സ്‌കാന്‍ ചെയ്യുന്ന UPI QR കോഡ്.






UPI വഴി പണം അയക്കുവാന്‍ അയക്കുന്ന ആളിന്റെ മൊബൈല്‍ നമ്പര്‍ തന്റെ ബാങ്ക് അക്കൗണ്ടില്‍ ചേര്‍ത്തിരിക്കണം. അതുപോലെ തന്നെ പണം ലഭിക്കേണ്ട ആളുടെ ബാങ്ക് അക്കൗണ്ടില്‍ അദ്ദേഹത്തിന്റെ അല്ലെങ്കില്‍ സ്ഥാപനത്തിന്റെ മൊബൈല്‍ നമ്പര്‍ ചേര്‍ത്തിരിക്കണം. മൊബൈല്‍ നമ്പറിനെ അടിസ്ഥാനമാക്കിയാണ് UPI പണമിടപാട് നടക്കുന്നത്. മൊബൈല്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടില്‍ ചേര്‍ത്തിട്ടുള്ള എല്ലാ ഇടപാടുകാര്‍ക്കും ബാങ്ക് ഒരു UPI ID നല്‍കും.

ഈ ID യാണ് പണം കൈമാറാന്‍ ഉപയോഗിക്കുന്നത്. IMPS സംവിധാനത്തിന്റെ മേലെ പ്രവര്‍ത്തിക്കുന്ന ഒരു ഓപ്പണ്‍ സോഴ്‌സ് API വഴിയാണ് UPI സാങ്കേതിക സംവിധാനം പ്രവര്‍ത്തിക്കുന്നത്. NPCI നേരിട്ട് മാനേജ് ചെയ്യുന്ന UPI ആപ്പാണ് BHIM (ഭാരത് ഇന്റെര്‍ഫേസ് ഫോര്‍ മണി). ഇതുകൂടാതെ ഗൂഗിള്‍ പേ, ഫോണ്‍ പേ, പേ ടി എം, ആമസോണ്‍ പേ മോബിക്വിക്ക്, വാട്ട്‌സ്ആപ്പ് എന്നിങ്ങനെ വേറെയും UPI ആപ്പുകള്‍ ഇന്ന് ഉപയോഗത്തിലുണ്ട്. റിസര്‍വ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് UPI സംവിധാനവും.

UPI ഇടപാടുകളില്‍ കള്ളന്മാര്‍ കയറുന്നു

കറന്‍സിയുടെ ഉപയോഗം കുറക്കുക, കള്ളപ്പണം നിയന്ത്രിക്കുക, ആധുനിക ബാങ്കിങ് സംവിധാനങ്ങളുടെ സൗകര്യം എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാക്കുക, രാജ്യത്തെ സാമ്പത്തിക സംവിധാനം കാര്യക്ഷമമാക്കുക എന്നീ ലക്ഷ്യങ്ങളോട് കൂടിയാണ് UPI സംവിധാനം നിലവില്‍ വന്നത്. ഈ ലക്ഷ്യങ്ങളെല്ലാം ഭംഗിയായി നിറവേറ്റുവാന്‍ UPI സംവിധാനത്തിന് കഴിയുന്നു എന്നതില്‍ നമുക്ക് അഭിമാനിക്കാം.

എന്നാല്‍ ഡിജിറ്റല്‍, ഓണ്‍ലൈന്‍ പണമിടപാടുകളുടെ ഉപയോഗം വര്‍ദ്ധിക്കുന്നതിനോടൊപ്പം ചില കുബുദ്ധികള്‍ ഈ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നുവെന്നത് ഇന്ന് വലിയ ആശങ്കയാണ്. റിസര്‍വ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും നിബന്ധനകള്‍ക്കനുസരിച്ചുമുള്ള സുരക്ഷാ സംവിധാനത്തിന്റെ വേലികെട്ടുകള്‍ക്കുള്ളിലുമാണ് UPI അടക്കമുള്ള എല്ലാ ഡിജിറ്റല്‍, ഓണ്‍ലൈന്‍ സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ കള്ളന്മാര്‍ നുഴഞ്ഞുകയറി ആപത്തുകള്‍ ഉണ്ടാക്കുവാനുള്ള സാധ്യതകള്‍ വളരെ കുറവാണ്. എന്നാല്‍ ആവശ്യമായ ശ്രദ്ധയോടുകൂടി മാത്രമേ ഇത്തരം സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പാടുള്ളൂ. പണം അയക്കുമ്പോഴും സ്വീകരിക്കുമ്പോഴും ഈ ശ്രദ്ധ ആവശ്യമാണ്.

ഇലക്ട്രിസിറ്റി ഓഫീസില്‍ നിന്നാണെന്നും, കസ്റ്റംസില്‍ നിന്നാണെന്നും, ഗിഫ്റ്റ് അയച്ചിട്ടുണ്ടെന്നും, വീട് വാടകക്ക് എടുക്കാന്‍ തയ്യാറാണെന്നും, ക്രെഡിറ്റ് കാര്‍ഡ് അപ്പ്രൂവ് ആയിട്ടുണ്ട് എന്നും, ബാങ്ക് അക്കൗണ്ട് ബ്ലോക്കായത് ശരിയാക്കാനെന്നും, ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത സാധനം സംബന്ധിച്ച് എന്ന് പറഞ്ഞും മറ്റും ഫോണുകള്‍ വന്നാല്‍ അതിന്റെ സത്യാവസ്ഥ മനസ്സിലാക്കി മാത്രം പ്രതികരിക്കുക. പണം ആവശ്യപ്പെട്ടുള്ള ഫോണാണെങ്കില്‍ കൂടുതല്‍ കരുതലോടെ മറുപടി പറയുക.

സമൂഹ മാധ്യമങ്ങളില്‍ കാണുന്ന നിക്ഷേപ ഓഫറുകളില്‍ പെട്ടെന്ന് ചെന്ന് ചാടാതിരിക്കുക, ഏതു കാര്യത്തിനായാലും ആര്‍ക്കായാലും ബാങ്ക് അക്കൗണ്ട് നമ്പര്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, പാസ് വേര്‍ഡുകള്‍, OTP എന്നിവ കൊടുക്കാതിരിക്കുക. SMS വഴിയോ വാട്‌സ്ആപ്പ് വഴിയോ ഇ മെയില്‍ വഴിയോ ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് അതിന്റെ സത്യാവസ്ഥ പൂര്‍ണമായും മനസ്സിലാക്കിയതിന് മാത്രം ആയിരിക്കണം. അല്ലെങ്കില്‍ ഇതെല്ലാം ബാങ്ക് അക്കൗണ്ടില്‍ നിന്നോ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നോ പണം നഷ്ടപ്പെടാന്‍ ഇടയാക്കും. എന്തെങ്കിലും സംശയങ്ങള്‍ തോന്നിയാലോ, പണം നഷ്ടപ്പെട്ടാലോ, ഉടനെ ബാങ്കില്‍ അറിയിക്കുക.

കള്ളപ്പണം വെളുപ്പിക്കലിന്റെയും, (മണി ലോണ്ടറിംഗ്), ഭീകര പ്രവര്‍ത്തനത്തിന്റെയും (റ്റെററിസ്‌റ് ഫണ്ടിംഗ്) മറ്റും ഭാഗമായി നമ്മള്‍ അറിയാത്ത ഇടങ്ങളില്‍ നിന്ന് നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഓണ്‍ലൈന്‍ വഴി പണം എത്തിച്ചേരുന്ന സംഭവങ്ങള്‍ ഇന്ന് കൂടുതലായി കാണുന്നുണ്ട്. ഇങ്ങനെ പണം സ്വീകരിച്ച് ഉടനെ തന്നെ മറ്റു ബാങ്കുകളിലേക്കോ അക്കൗണ്ടുകളിലേക്കോ അയച്ചു കൊടുക്കുന്ന റാക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ഇടപാടുകാരും (Money Mules) ഉണ്ട്.

നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍

ഇങ്ങനെയുള്ള കുറ്റ കൃത്യങ്ങളെല്ലാം സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയിലാണ് വരുന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പ്രത്യേകം പോലീസ് സംവിധാനം ഉണ്ട്. തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതികള്‍ പോലീസില്‍ നേരിട്ട് നല്‍കാന്‍ കഴിയും. കൂടാതെ, കേന്ദ്ര സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പിന്റെ കീഴില്‍ രൂപീകരിച്ച നാഷണല്‍ സൈബര്‍ െ്രെകം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ (NCRP) പരാതി സമര്‍പ്പിക്കാം. ഇങ്ങനെ ലഭിക്കുന്ന പരാതികള്‍ അതാതു സംസ്ഥാന പോലീസ് അന്വേഷിക്കുകയും യുക്തമായ തുടര്‍നടപടികള്‍ എടുക്കുകയും ചെയ്യും.

അന്വേഷണത്തിന്റെയും തുടര്‍നടപടികളുടെയും ഭാഗമായി തട്ടിപ്പിന് ഇരയായ വ്യക്തി നല്‍കുന്ന ബാങ്ക് അക്കൗണ്ടും അതുമായി ഏതെങ്കിലും രീതിയില്‍ ബന്ധമുള്ള (അവിടെ നിന്ന് പണം ഏതു അക്കൗണ്ടിലേക്കാണ് പോയത്, ആ അക്കൗണ്ടില്‍ നിന്ന് പണം മറ്റേതെകിലും അക്കൗണ്ടുകളിലേക്ക് പോയിട്ടുണ്ടോ എന്നിങ്ങനെ) എല്ലാ അക്കൗണ്ടുകളും ഈ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് നോക്കും. ഇങ്ങനെ കണ്ടെത്തുന്ന അക്കൗണ്ടുകള്‍ അന്വേഷണത്തിന്റെ ഭാഗമായി തല്‍ക്കാലം മരവിപ്പിച്ചു നിര്‍ത്തുവാന്‍ പോലീസ് ബാങ്കുകളോട് ആവശ്യപ്പെടും. അങ്ങനെ ആവശ്യപ്പെടാനുള്ള അധികാരം പോലീസിനുണ്ട്. അത്തരം ഒരു ഓര്‍ഡര്‍ ലഭിച്ചാല്‍ അതനുസരിച്ച് പോലീസ് പറയുന്ന അക്കൗണ്ടുകള്‍ മരവിപ്പിച്ച് നിര്‍ത്തുവാന്‍ ബാങ്കുകള്‍ക്ക് നിയമപരമായി ബാധ്യതയുണ്ട്.

നിരപരാധികളായ ഇടപാടുകാര്‍ എന്തുചെയ്യും?

എന്നാല്‍ ഇങ്ങനെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതു നിരപരാധികളായ ഇടപാടുകാര്‍ക്ക് വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ടില്‍ ഉള്ള തുക ഏത് അത്യാവശ്യ കാര്യത്തിനാണെങ്കിലും തിരിച്ചെടുക്കാന്‍ കഴിയാത്ത വലിയ ബുദ്ധിമുട്ടില്‍ ഇടപാടുകാരന്‍ അകപ്പെടും. തന്റെ അക്കൗണ്ടില്‍ താനറിയാതെ വന്ന തുക ഓണ്‍ലൈന്‍ ആയി വന്നത് തിരിച്ച് കൊടുക്കുവാന്‍ ഇടപാടുകാരന്‍ തയ്യാറാണെങ്കില്‍ പോലും ഈ പുലിവാലില്‍ നിന്ന് രക്ഷപ്പെടില്ല. ഇടപാടുകാരുടെ ബുദ്ധിമുട്ട് മനസിലാക്കുമ്പോഴും പോലീസിന്റെ ഓര്‍ഡര്‍ മറികടന്ന് അക്കൗണ്ട് തുറന്നു കൊടുക്കുവാന്‍ ബാങ്കിന് കഴിയില്ല.

ഈയൊരു അവസ്ഥയില്‍ അക്കൗണ്ട് മരവിപ്പിക്കുവാന്‍ ഓര്‍ഡര്‍ നല്‍കിയ പോലീസിനെ സമീപിക്കുക എന്നതാണ് ഇടപാടുകാരനുള്ള ഏക വഴി. കാര്യത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുകയാണെങ്കില്‍ ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുവാന്‍ പോലീസിന് കഴിയും. അതനുസരിച്ച് യുക്തമായ ഓര്‍ഡറുകള്‍ പോലീസില്‍ നിന്ന് ബാങ്കിന് ലഭിച്ചാല്‍ അക്കൗണ്ട് തുറന്നു കൊടുക്കുവാനും മറ്റും ബാങ്കിന് കഴിയും.




നിരപരാധികളായ ഇടപാടുകാര്‍ ഇക്കാര്യത്തില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണ്ടറിഞ്ഞ് മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ തുറന്നുകൊടുക്കുന്ന കാര്യത്തില്‍ ആവശ്യമായ തീരുമാനങ്ങള്‍ എത്രയും വേഗം സൈബര്‍ ക്രൈം അന്വേഷിക്കുന്ന പോലീസ് ടീം എടുക്കുക എന്നത് വളരെ പ്രധാനമാണ്. ബാങ്ക് അക്കൗണ്ടിലേക്ക് ഇടപാടുകാരന്‍ അറിയാതെ എത്തിയ തുക തിരിച്ചെടുത്തോ, അല്ലെങ്കില്‍ ആ തുക മാത്രം അവിടെ നിര്‍ത്തുകയോ ചെയ്ത് ബാക്കി തുകയില്‍ ഇടപാട് തുടരുവാന്‍ അനുവദിക്കണം എന്നാണു ഇടപാടുകാരുടെ പൊതുവെയുള്ള ആവശ്യം.

ഇത്, അന്വേഷണം പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തില്‍ എല്ലായ്‌പോഴും സാധ്യമാകണമെന്നില്ല. അതേസമയം, സൈബര്‍ ക്രൈം സംബന്ധിച്ച കാര്യങ്ങളില്‍ രാജ്യ സുരക്ഷ അടക്കം ധാരാളം നൂലാമാലകള്‍ പരിശോധിച്ച് തീരുമാനിക്കേണ്ടതുണ്ടാവാം എന്നതിനാല്‍, വളരെ പെട്ടെന്ന് അത്തരം കേസുകള്‍ തീരണമെന്നുമില്ല. ഇത് തങ്ങളുടെ ബാങ്ക് അക്കൗണ്ടിലുള്ള തുക അത്യാവശ്യത്തിന് എടുത്തുപയോഗിക്കുവാന്‍ കഴിയാത്ത വിഷമാവസ്ഥയില്‍ ഇടപാടുകാരെ എത്തിക്കും. അതിനാല്‍, അന്വേഷണത്തിന്റെ ഗൗരവവും പരിപ്രേഷ്യവും സമഗ്രതയും നിലനിര്‍ത്തിക്കൊണ്ടുതന്നെ, മാനുഷികവും പ്രായോഗികവുമായ ഒരു നിലപാടാണ് ഇക്കാര്യത്തില്‍ വേണ്ടത്. ഉരുത്തിരിഞ്ഞു വരുന്ന ചര്‍ച്ചകള്‍ ഇക്കാര്യത്തില്‍ ഒരു സമവായത്തിലേക്ക് നയിക്കും എന്ന് പ്രതീക്ഷിക്കാം.

(ലേഖകൻ ഫെഡറല്‍ ബാങ്കിന്റെ മുന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയിരുന്നു)