image

11 April 2023 8:33 AM GMT

Premium

യുപിഐ ഇടപാട് തട്ടിപ്പുകള്‍ വര്‍ധിക്കുന്നു; കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ ഒരു ലക്ഷത്തോളം

MyFin Desk

യുപിഐ ഇടപാട് തട്ടിപ്പുകള്‍ വര്‍ധിക്കുന്നു;  കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ ഒരു ലക്ഷത്തോളം
X

Summary

  • പണം മോഷ്ടിക്കാന്‍ 'പേയ്‌മെന്റ് മിസ്‌റ്റേക്ക് തന്ത്രങ്ങൾ
  • മാല്‍വെയര്‍ ഫിഷിംഗ് എന്ന സങ്കീര്‍ണമായ സാങ്കേതികവിദ്യ ഉപയോഗിച്ച് തട്ടിപ്പ്
  • തട്ടിപ്പിന് ഇരയായാൽ 1930 എന്ന സൈബര്‍ ക്രൈം പോര്‍ട്ടലിന്റെ ഹെല്‍ലൈന്‍ നമ്പർ


ഓണ്‍ലൈന്‍ പണമിടപാട് സൗകര്യങ്ങള്‍ വര്‍ധിച്ചതോടൊപ്പം ഇതുമായി ബന്ധപ്പെട്ട തട്ടിപ്പുകളുടെ എണ്ണവും വര്‍ധിക്കുകയാണ്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2022-23 കാലയളവില്‍ യു.പി.ഐ ഇടപാടുകളുടെ പേരില്‍ 95,000ത്തിലധികം തട്ടിപ്പുകള്‍ സൈബര്‍ സെല്ലുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2020-21 കാലളവില്‍ കേസുകളുടെ എണ്ണം 77,000 ആയിരുന്നു. 2021-22ല്‍ ഇത് 84,000ത്തിലേക്ക് ഉയര്‍ന്നു. എന്‍പിസിഐ പുറത്തുവിട്ട കണക്കുപ്രകാരം യു.പി.ഐയുടെ പ്രതിമാസ ഇടപാടുകളുടെ എണ്ണം മാര്‍ച്ചില്‍ 870 കോടിയായി. മൊത്തം ഇടപാട് മൂല്യമാകട്ടെ 14.05 ലക്ഷം കോടിയിലുമെത്തി. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 8400 കോടി ഇടപാടുകളാണ് നടന്നിരുന്നത്. 139.09 ലക്ഷം കോടിയായിരുന്നു മൂല്യം.

പണി തരുന്നത് അറിവില്ലായ്മ

നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) വികസിപ്പിച്ചെടുത്ത യു.പി.ഐ സംവിധാനം സുരക്ഷിതമാണെങ്കിലും ഉപഭോക്താക്കളുടെ അറിവില്ലായ്മയും മറ്റു അബദ്ധങ്ങളും കാരണവുമാണ് പണം തട്ടിയെടുക്കുന്നത്.

യു.പി.ഐയുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം മോഷ്ടിക്കാന്‍ 'പേയ്‌മെന്റ് മിസ്‌റ്റേക്ക്' തന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. യു.പി.ഐ തട്ടിപ്പ് വഴി മുംബൈയിലെ 81 പേരില്‍ നിന്നായി ഒരു കോടിയിലധികം രൂപ തട്ടിയെടുത്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എഫ്.ഐ.ആറില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് തട്ടിപ്പുകാര്‍ അവരുടെ ഗൂഗിള്‍ പേ പോലുള്ള യു.പി.ഐ ആപ്പുകളില്‍ ആളുകള്‍ക്ക് പണം അയയ്ക്കുകയും കൈമാറ്റം ചെയ്തത് തെറ്റായിപ്പോയെന്ന് അവകാശപ്പെട്ട് അവരെ ബന്ധപ്പെടുകയും ചെയ്യുന്നു. അജ്ഞാത കോളര്‍ ആളുകളോട് അവരുടെ നമ്പറിലേക്ക് പണം തിരികെ അയയ്ക്കാന്‍ അഭ്യര്‍ഥിക്കുന്നു. എന്നാല്‍, ആരെങ്കിലും പണം തിരികെ അയച്ചാലുടന്‍ തട്ടിപ്പുകാര്‍ അവരുടെ യു.പി.ഐ അക്കൗണ്ട് ഹാക്ക് ചെയ്യുകയും അവരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് പണം മോഷ്ടിക്കുകയും ചെയ്യുന്നു. ഇതാണ് പതിവ് രീതി.

തട്ടിപ്പ് ഇങ്ങനെ

തട്ടിപ്പുകാരന്‍ യു.പി.ഐ ആപ് വഴി ഇരയുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കുകയും അത് അബദ്ധത്തില്‍ അയച്ചതാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. തുടര്‍ന്ന് തട്ടിപ്പുകാരന്‍ ഇരയെ വിളിച്ച് അവരുടെ നമ്പറിലേക്ക് തുക തിരികെ നല്‍കാന്‍ ആവശ്യപ്പെടുന്നു. യു.പി.ഐ ആപ് ഉപയോഗിച്ച് പണം തിരിച്ചടച്ചാല്‍ മാല്‍വെയര്‍ ഇരയുടെ ഹാന്‍ഡ്‌സെറ്റിനെ ബാധിക്കുകയും തട്ടിപ്പുകാര്‍ക്ക് ഇരയുടെ ബാങ്ക്, കെ.വൈ.സി വിശദാംശങ്ങളായ പാന്‍, ആധാര്‍ എന്നിവ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളിലേക്കും ആക്‌സസ് നല്‍കുകയും ചെയ്യുന്നു. ഈ വിവരങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പുകാരന് ഇരയുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യാനും കൂടുതല്‍ പണം തട്ടിയെടുക്കാനും സാധിക്കും.

ഉപയോക്താവിന്റെ മൊബൈല്‍ നമ്പര്‍ തട്ടിപ്പുകാരുടെ നമ്പറുമായി ബന്ധിപ്പിക്കും. ശേഷം യു.പി.ഐ ഉപയോഗിച്ച് പണമിടപാട് നടത്തുന്ന വ്യക്തിയുടെ ആപ്പിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കും. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ തിരിച്ചറിയാന്‍ തന്നെ ബുദ്ധിമുട്ടായിരിക്കും.

തട്ടിപ്പ് തടയുക പ്രയാസം!

ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ എളുപ്പമല്ലെന്നാണ് സൈബര്‍ വിദഗ്ദ്ധര്‍ പറയുന്നത്. മാല്‍വെയര്‍ ഫിഷിംഗ് എന്ന സങ്കീര്‍ണമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ആന്റി മാല്‍വെയര്‍ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ക്ക് ഇവയെ തടയാന്‍ കഴിയില്ല. അതിനാല്‍ അപരിചിതരില്‍ നിന്ന് പണം യു.പി.ഐ വഴി അക്കൗണ്ടിലേക്ക് വന്നാല്‍ അത് തിരിച്ചു യു.പി.ഐ സംവിധാനത്തിലൂടെ മടക്കിനല്‍കുന്നത് ഒഴിവാക്കണം. തെറ്റായി അക്കൗണ്ടിലേക്ക് പണം കൈമാറി എന്ന് പറഞ്ഞ് ആരെങ്കിലും വിളിച്ചാല്‍ ബാങ്ക് ട്രാന്‍സ്ഫര്‍ വഴി തിരിച്ചു നല്‍കാമെന്ന് അറിയിക്കുക.

കബളിപ്പിക്കപ്പെടാതിരിക്കാന്‍ ഇത് ചെയ്യുക

ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കാം:

1. വിശ്വസനീയമായ യു.പി.ഐ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുക.

2. മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ ഊഹിച്ചെടുക്കാവുന്ന പിന്‍ വേണ്ട. യു.പി.ഐ പിന്‍ മറ്റാരുമായും പങ്കുവയ്ക്കരുത്.

3. യു.പി.ഐ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കുക (ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ലഭിക്കും).

4. സംശയാസ്പദമായ യു.പി.ഐ ഇടപാടുകള്‍ ഉണ്ടാകുമ്പോള്‍ ബാങ്കിനെ അറിയിക്കുക

5. പ്രതിദിന ഇടപാട് പരിധിവച്ചാല്‍ നഷ്ടപ്പെടുന്ന തുക ചെറുതായിരിക്കും.

ഓണ്‍ലൈനില്‍ പണം നഷ്ടമായാല്‍

ഓണ്‍ലൈന്‍ ബാങ്കിങ് സജീവമായതോടെ സാമ്പത്തിക തട്ടിപ്പും വര്‍ധിച്ചുവരികയാണ്. പല വഴികളിലൂടേയും പണം നഷ്ടപ്പെടാം. നിങ്ങളുടെ പരിചയക്കാരുടെ പേരില്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം വഴി പണം കടം ചോദിച്ച് വരുന്ന മെസേജുകളില്‍ പെട്ട് പണം നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ്. കൂടാതെ ഫേക്ക് ഒ.ടി.പി വേരിഫിക്കേഷന്‍ വഴിയും സാമ്പത്തിക തട്ടിപ്പ് നടക്കാം.

അത്തരത്തില്‍ തട്ടിപ്പിനിരയായി അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യണമെന്ന് പലര്‍ക്കും അറിയില്ല. ഇത്തരത്തില്‍ പണം നഷ്ടമായാല്‍ 1930 എന്ന സൈബര്‍ ക്രൈം പോര്‍ട്ടലിന്റെ ഹെല്‍ലൈന്‍ നമ്പറില്‍ ബന്ധപ്പെടുകയാണ് വേണ്ടത്.

തട്ടിപ്പിനരയായ വ്യക്തിയുടെ പേര്, മൊബൈല്‍ നമ്പര്‍, തൊട്ടടുത്തുള്ള പൊലിസ് സ്‌റ്റേഷന്റെ പേര്, ജില്ലയുടെ പേര്, ബാങ്കിന്റെ പേര്, നഷ്ടപ്പെട്ട തുക, അക്കൗണ്ട് നമ്പര്‍ അല്ലെങ്കില്‍ മര്‍ച്ചന്റ് വാലറ്റ്, തുക നഷ്ടപ്പെട്ട യു.പി.ഐ ഐ.ഡി, കൂടാതെ ഓരോ ഇടപാടിന്റേയും ട്രാന്‍സാക്ഷന്‍ ഐ.ഡി, കൂടാതെ തട്ടിപ്പ് എങ്ങനെയാണ് നടന്നതെന്ന ലഘുവിവരണവും പറയണം.

തുടര്‍ന്ന് നിങ്ങളുടെ പരാതി പൊലിസ് ഫ്രോഡ് റിപോര്‍ട്ടിങ് മാനേജ്‌മെന്റ് സിസ്റ്റത്തിലേക്ക് എത്തിക്കും. അവിടുന്ന് നിങ്ങളുടെ തുക മറ്റൊരു ബാങ്കില്‍ നിന്ന് പുറത്തുപോകാതെയാക്കും. നഷ്ടപ്പെട്ട തുക തിരികെ നിങ്ങളുടെ കരങ്ങളിലേക്കെത്തുകയും ചെയ്യും.