image

23 March 2026 1:20 PM IST

Premium

പശ്ചിമേഷ്യൻ യുദ്ധം, ലോകം അനിശ്ചിതത്വത്തിലേക്ക്, ലാഭം കൊയ്ത് അമേരിക്കൻ കമ്പനികൾ!

Rinku Francis

പശ്ചിമേഷ്യൻ യുദ്ധം, ലോകം അനിശ്ചിതത്വത്തിലേക്ക്, ലാഭം കൊയ്ത് അമേരിക്കൻ  കമ്പനികൾ!
X

Summary

യുഎസ് പിന്തുണയോടെയുള്ള ഇസ്രായേൽ- ഇറാൻ യുദ്ധം തുടങ്ങുന്നത് ഫെബ്രുവരി 28നാണെങ്കിലും അതിനും മുമ്പേ പൂ‍ർത്തിയായത് ശതകോടി ഡോളറുകളുടെ ആയുധ ഇടപാടുകളും കരാറുകളും. മാർച്ചിൽ പല യുഎസ് ഡിഫൻസ് കമ്പനികളുടെയും ഓഹരി വില എക്കാലത്തെയും ഉയർന്ന നിലയിലാണ്.


യുഎസ് പിന്തുണയോടെയുള്ള ഇസ്രായേൽ- ഇറാൻ യുദ്ധം നാലാം ആഴ്ചയിലേക്ക് കടക്കുന്നത് ലോക രാജ്യങ്ങൾക്കും കടുത്ത ഭീഷണിയാകുകയാണ്. കടുത്ത ഊർജ പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വരും. പൊതുവേ ശാന്തമായിരുന്ന ​ഗൾഫ് രാജ്യങ്ങളെയെല്ലാം യുദ്ധം സംഘ‍ർഷഭരിതമാക്കിയിരിക്കുന്നു. ഇന്ധന- ഊ‍ർജ വിതരണം തടസപ്പെടുന്നത് ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങൾക്കെല്ലാം കനത്ത തിരിച്ചടിയാണ്. പ്രകോപനപരമായ ആക്രമണം ഉണ്ടായാൽ ഗൾഫ് രാജ്യങ്ങളുടെ എണ്ണപ്പാടങ്ങൾ അപ്പാടെ തകർക്കുമെന്നാണ് ഇറാൻ്റെ ഭീഷണി. മാന്ദ്യത്തിലേക്ക് പോകുന്ന ചൈനീസ്, യൂറോപ്യൻ സമ്പദ്‍വ്യവസ്ഥകൾക്കും ഈ യുദ്ധം ഭീഷണിയാണ്. ലോകത്തെ മുഴുവൻ ആശങ്കയുടെ നിഴലിലാക്കിയിരിക്കുന്ന യുദ്ധം കൊണ്ട് വലിയ നേട്ടമുള്ള ഒരു വിഭാഗമുണ്ട്. ഡിഫൻസ് കമ്പനികൾ. ഏറ്റവുമധികം നേട്ടമുണ്ടാക്കുന്നതാകട്ടെ യുഎസ് കമ്പനികളും.

എയ്‌റോസ്‌പേസ് ആൻഡ് ഡിഫൻസ് വ്യവസായ രം​ഗം യുഎസിലെ ജിഡിപിയിലേക്ക് ഉയ‍ർന്ന സംഭാവനയാണ് ഓരോ വർഷവും നൽകുന്നത്. 2024-ൽ മൊത്തം ബിസിനസ് പ്രവർത്തനങ്ങൾ ഏകദേശം ഒരു ലക്ഷം കോടി ഡോളറിനടുത്താണ്. നോമിനൽ ജിഡിപിയുടെ 1.5 ശതമാനത്തിലേറെ ഈ രം​ഗത്തിൻ്റെ മാത്രം സംഭാവനയാണ്. ഇറാൻ ഇസ്രായേൽ യുദ്ധം വീണ്ടും ഈ വിഹിതം ഉയർത്തും.

ലോകത്ത് ഏറ്റവുമധികം വരുമാനം നേടുന്ന പ്രതിരോധ കമ്പനികളിൽ യുഎസ് കമ്പനികൾക്ക് തന്നെയാണ് ആധിപത്യം. മൊത്തം വരുമാനത്തിന്റെ പകുതിയോളം നേടിയതും ഈ കമ്പനികൾ തന്നെ. ലാഭം കൊയ്യുന്ന കമ്പനികളുടെ നിരയിൽ ലോക്ക്ഹീഡ് മാർട്ടിൻ, ആർടിഎക്സ് , ബോയിംഗ്, ജനറൽ ഡൈനാമിക്സ്, നോർട്രോപ്പ് ഗ്രമ്മൻ എന്നിവ ഉൾപ്പെടുന്നു.റഷ്യ-യുക്രെയ്ൻ സംഘ‍ർഷവും പശ്ചിമേഷ്യൻ അസ്വാരസ്യങ്ങളുമാണ് ഡിഫൻസ് കമ്പനികൾക്ക് ഇതുവരെ നേട്ടമായിരുന്നതെങ്കിൽ ഇറാൻ പുതിയ തുറുപ്പുചീട്ടായിരിക്കുകയാണ്.

എക്കാലത്തെയും ഉയർന്ന നിലയിലേക്ക് ചില ഓഹരികൾ

ആയുധങ്ങൾ, മിസൈലുകൾ, ഡിഫൻസ് രം​ഗത്തെ നൂതന സാങ്കേതികവിദ്യ എന്നിവയ്ക്ക് ആവശ്യകത ഉയ‍ർന്നത് മൂലം പല കമ്പനികളും നേട്ടമുണ്ടാക്കുന്നുണ്ട്. ചില കമ്പനികളുടെ ഓഹരികൾ ഇറാൻ- ഇസ്രായേൽ യുദ്ധം കൊടുമ്പിരി കൊള്ളുന്ന മാർച്ചിൽ ഏറ്റവും ഉയർന്ന നിരക്കിലാണ്. ഏറ്റവുമധികം നേട്ടമുള്ള കമ്പനികളിൽ മുന്നിൽ ലോക്ക്ഹീഡ് മാർട്ടിനുണ്ട്.

കമ്പനിയുടെ യുദ്ധോപകരണങ്ങൾക്ക് ഓഹരി വില ഉയ‍ർത്തി. കഴിഞ്ഞ ആറു മാസം കൊണ്ട് 40 ശതമാനമാണ് ഓഹരി വിലയിലെ വ‍ർധന. മാ‍ർച്ചിൽ 3.4 ശതമാനം ഓഹരി വില ഉയ‍ർന്നിട്ടുണ്ട്. അതേസമയം എയ്റോസ്പേസ് ഡിഫൻസ് രംഗത്തുള്ള ആർ‌ടി‌എക്സ് ഓഹരി വില മാ‍ർച്ചിൽ എക്കാലത്തെയും ഉയർന്ന നിലയിലെത്തിയിരുന്നു. ഏകദേശം 4.7 ശതമാനമാണ് ഈ മാസം ഓഹരി വിലയിലെ വർധന. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ 28- 33 ശതമാനം നേട്ടം ഈ ഓഹരിക്കുണ്ട്. നോർ‌ട്രോപ്പ് ഗ്രമ്മൻ‌ കോ‍ർപ്പറേഷൻ്റെ ഓഹരികളും മാ‍ർച്ചിൽ എക്കാലത്തെയും ഉയ‍ർന്ന നിരക്കിൽ എത്തിയിരുന്നു. ഫെഡറൽ ഗവൺമെൻ്റിൻ്റെ ഡിഫൻസ് വിഹിതം ഉയരുന്നത് കമ്പനിക്ക് വലിയ നേട്ടമാകും. മുൻമാസങ്ങളിൽ 25- 27 ശതമാനം വ‍ർധന ഓഹരി വിലയിൽ ഉണ്ടായിട്ടുണ്ട്.

ഇറാൻ- ഇസ്രായേൽ യുദ്ധം ലോകമെമ്പാടുമുള്ള ഡിഫൻസ് കമ്പനി ഓഹരികളിൽ പോസിറ്റീവ് മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഏറ്റവുമധികം നേട്ടം യുഎസ് കമ്പനികൾക്കാണ്. വലിയ നേട്ടമുണ്ടാക്കിയ ഒരു ഇസ്രായേലി കമ്പനിയും പട്ടികയിലുണ്ട്. ഇസ്രായേലിലെ ഏറ്റവും വലിയ പ്രതിരോധ കമ്പനിയായ എൽബിറ്റ് സിസ്റ്റംസ്. മാർച്ചിൽ എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക് ഈ കമ്പനിയുടെ ഓഹരി വില ഉയർന്നിരുന്നു എന്ന് മാത്രമല്ല ടെൽ അവീവിലെ ഏറ്റവും മൂല്യമുയർന്ന കമ്പനിയായും എൽബിറ്റ് മാറി. ഈ വർഷം ഇതുവരെ 45 ശതമാനമാണ് ഈ ഡിഫൻസ് കമ്പനിയുടെ ഓഹരി വില ഉയർന്നത്.

യുഎസ് പിന്തുണയോടെ ഇസ്രായേൽ ഇറാനെതിരെ യുദ്ധം തുടങ്ങുന്നത് ഫെബ്രുവരി 28നാണെങ്കിലും അതിനും വളരെ മുമ്പേ പൂ‍ർത്തിയായത് ശതകോടി ഡോളറുകളുടെ എത്രയോ ആയുധ ഇടപാടുകളും കരാറുകളുമാണ്!