image

7 April 2026 3:58 PM IST

Premium

ഓരോ ജില്ലയിലും വേണം ടൂറിസം പ്രമോഷൻ; ശ്രദ്ധിക്കേണ്ടത് തെരുവ് നായ നിയന്ത്രണം മുതൽ പരിസര ശുചിത്വം വരെ!

Rinku Francis

ഓരോ ജില്ലയിലും വേണം ടൂറിസം പ്രമോഷൻ; ശ്രദ്ധിക്കേണ്ടത് തെരുവ് നായ നിയന്ത്രണം മുതൽ പരിസര ശുചിത്വം വരെ!
X

Summary

സംസ്ഥാനത്തിൻ്റെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനായാൽ കേരളത്തിൻ്റെ വരുമാനം കുത്തനെ ഉയരും. ദൈവത്തിൻ്റെ സ്വന്തം നാടെന്ന് വിളിപ്പേരുണ്ടെങ്കിലും ടൂറിസത്തിൽ പിന്നിലെന്ന് വിദഗ്ധർ . ടൂറിസം മേഖലയിൽ വേണ്ടത് അടിമുടി പൊളിച്ചെഴുത്ത്. ചില നിർദേശങ്ങൾ


കേരളത്തിൻ്റെ വികസനത്തിൽ ടൂറിസം മേഖലക്ക് വളരെ വലിയ പങ്ക് വഹിക്കാൻ കഴിയുമെന്ന് ഒന്നടങ്കം പറയുകയാണ് വിവിധ മേഖലകളിലുള്ളവർ. ടൂറിസത്തിന് അനന്തമായ സാധ്യതകൾ ഉണ്ടെങ്കിലും പലതും ഫലപ്രദമായി വിനിയോഗിക്കാൻ ഇപ്പോൾ സംസ്ഥാനത്തിനാകുന്നില്ല. കേരളത്തിൻ്റെ സമ്പദ്ഘടനയിലും നിർണായകമാകാൻ സാധ്യതയുള്ള ടൂറിസം വികസനത്തിനായി കേരളം സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെയാണ്? ഈ രംഗത്തുള്ളവർ നൽകുന്ന ക്രിയാത്മക നിർദേശങ്ങൾ ഇങ്ങനെ.

കേരളത്തിൻ്റെ സുസ്ഥിര വികസനത്തിനായി കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ ചൂണ്ടിക്കാട്ടുന്ന ത് രണ്ട് നിർദേശങ്ങളാണ്. സസ്റ്റയിനബ്ൾ ട്രാൻസ്പോർട്ട് സംവിധാനം കൂടുതൽ കാര്യക്ഷമ മാക്കണം എന്നതിനൊപ്പം തന്നെ ടൂറിസം വികസനത്തിൻ്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറയുന്നു.

വരട്ടെ കൂടുതൽ വാട്ടർ ടൂറിസം, ഇക്കോ ടൂറിസം പ്രോജക്റ്റുകൾ

മൈഫിൻ ടിവിക്ക് നൽകിയ അഭിമുഖത്തിൽ കേരളത്തിൽ സസ്റ്റയിനബിൾ ട്രാൻസ്പോർട്ട് സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനായി കൂടുതൽ ലോ ഫ്ലോർ എസി ബസുകൾ, ഹൈഡ്രജൻ ബസുകൾ, മെട്രോ, വാട്ടർ മോട്രോ സംവിധാനങ്ങൾ വിപുലീകരിക്കണമെന്ന് പറഞ്ഞ ബെഹ്റ സസ്റ്റയിനബ്ൾ ടൂറിസത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചും ഓർമിപ്പിച്ചിരുന്നു.'' ടൂറിസത്തിൽ കേരളം മുമ്പിലാണെങ്കിലും ഇനിയും ഒരുപാട് കാര്യങ്ങൾ ഈ മേഖലയിൽ ചെയ്യാനുണ്ട്. വാട്ടർ ടൂറിസം, ഇക്കോ ടൂറിസം എന്നിവ കേരളത്തിൽ കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെടണം .

ടൂറിസത്തിനു വേണ്ടി എന്തൊക്കെ ചെയ്യാനാകുമോ അതൊക്കെ ഗവൺമെൻ്റാണെങ്കിലും പൊതുജനങ്ങളാണെങ്കിലും ചെയ്യണം.'' വേസ്റ്റ് മാനേജ്മൻ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണമെന്നും ലോക്നാഥ് ബെഹ്റ ഓർമിപ്പിക്കുന്നു.

ഹെറിറ്റേജ് ടൂറിസം പ്രോത്സാഹിപ്പിക്കാം

കേരളത്തിലെ ഹെറിറ്റേജ് ടൂറിസത്തിൻ്റെ സാധ്യതകൾ ചൂണ്ടിക്കാട്ടുകയാണ് സാമ്പത്തിക വിദ​ഗ്ധയായ ഡോ മേരി ജോ‍ർജ്. ശബരിമല, ​ഗുരുവായൂ‍ർ, മലയാറ്റൂർ പോലുള്ള തീ‍ർത്ഥാടന കേന്ദ്രങ്ങളുടെ ഹെറിറ്റേ‍ജ് ടൂറിസം സാധ്യതകൾ സംസ്ഥാനത്തിന് പ്രയോജനപ്പെടുത്താനാകണം. കേരളത്തിലെ നിലവിലെ സാഹചര്യത്തിൽ ഏറ്റവും അനുയോജ്യം സസ്റ്റയിനബ്ൾ ടൂറിസമാണ്. ഇക്കോ ടൂറിസം, മൺസൂൺ ടൂറിസം, കൾച്ചറൽ ടൂറിസം എന്നിവ കേരളത്തിൽ നല്ലരീതിയിൽ പ്രോത്സാഹിപ്പിക്കാനാകും. മേരി ജോർജ് ചൂണ്ടിക്കാട്ടുന്നു

ഓരോ ജില്ലയിലും വ്യത്യസ്ത സംസ്കാരം, ഭക്ഷണം; സാധ്യതകൾ പ്രയോജനപ്പെടുത്തേണ്ടേ?

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ജില്ലകൾ നോക്കിയാൽ ഓരോ ജില്ലയിലും വ്യത്യസ്ത സംസ്കാരം, ഭക്ഷണം തുടങ്ങിയവയാണുള്ളത്. ഇവയുടെയെല്ലാം ടൂറിസം സാധ്യതകൾ കൂടി പ്രയോജനപ്പെടുത്താനാകണം എന്ന് ചൂണ്ടിക്കാട്ടുകയാണ് കേരള ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി പ്രസിഡൻ്റ് എംപി ശിവദത്തൻ .'' ഇപ്പോൾ ടൂറിസം സാധ്യതകളിൽ പലതും ഫലപ്രദമായി പ്രയോജനപ്പെടുത്താത്ത സാഹചര്യമാണുള്ളത്. കണ്ണൂരിലെ തെയ്യം പോലുള്ള കലാരൂപങ്ങൾ അന്യം നിന്നു പോകുന്നു.

ഇത്തരം കലാരൂപങ്ങൾ സംരക്ഷിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണം. കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഓരോ പ്രദേശത്തെയും സംസ്കാരം, ഭക്ഷണം ഇവയൊക്കെ ആസ്വദിക്കാനും പരിചയപ്പെടാനുമുള്ള അവസരങ്ങൾ ഉണ്ടാകണം. ഉദാഹരണത്തിന് വടക്കൻ മലബാറിലെ രുചിവൈവിധ്യങ്ങൾ.

പഞ്ചായത്ത് തലങ്ങൾ മുതൽ ടൂറിസം പ്രമോഷൻ വേണം

ഇതിന് പഞ്ചായത്ത് തലങ്ങൾ മുതൽ ടൂറിസം പ്രമോഷൻ ഏറ്റെടുക്കണം. തെരുവു പട്ടികളെ നിയന്ത്രിക്കുന്നതിനും നമ്മുടെ പുഴകളും അരുവികളുമൊക്കെ മാലിന്യം തള്ളാതെ സംരക്ഷിക്കുന്നതിനുമൊക്കെ സർക്കാർ മുൻകൈ എടുക്കണം. ജലാശയങ്ങളിൽ മാലിന്യം ഒഴുക്കരുതെന്നത് കർശനമാക്കണം. സിസിടിവികൾ സ്ഥാപിക്കാം.

വൃത്തിയും വെടിപ്പുമുള്ള, നിയമ വിധേയമായ കൂടുതൽ ഹോം സ്റ്റേകൾ പ്രോത്സാഹിപ്പിക്കപ്പെടണം. വിവിധ രാജ്യങ്ങളിലെ അതിഥികളെ സ്വീകരിക്കാനും അവർക്ക് നമ്മുടെ നാടും സംസ്കാരവുമൊക്കെ പരിചയപ്പെടുത്താനുമാകണം. അന്യം നിന്നുപോകുന്ന കലാരൂപങ്ങളിൽ പലതും അതിഥികൾക്ക് മുന്നിൽ പ്രദർശിപ്പിക്കാനും കലാകാരൻമാർക്ക് വരുമാനം നേടാനുമാകും. ഇതിന് സർക്കാർ തലത്തിൽ നിന്നുള്ള ഇടപെടലുകൾ ഉണ്ടാകണം. ''