image

8 April 2026 11:01 AM IST

Premium

വികസിത കേരളം; നികുതി ചോർച്ച ഒഴിവാക്കാം, വരുമാനം ഉയർത്താനുണ്ട് പല വഴികൾ

MyFin Desk

വികസിത കേരളം; നികുതി ചോർച്ച ഒഴിവാക്കാം,  വരുമാനം ഉയർത്താനുണ്ട് പല വഴികൾ
X

Summary

ജിഎസ്ടി പിരിവ് കേരളത്തിന് നേരിട്ട് നടത്താൻ കഴിയാതെ വരികയും കേന്ദ്ര വിഹിതത്തിൽ അർഹമായ തുക ലഭിക്കാതെയും വന്നതോടെ സംസ്ഥാനം ശ്വാസം മുട്ടുകയാണ്. നികുതി ചോർച്ച ഒഴിവാക്കുന്നതിനുള്ള സംവിധാനങ്ങൾ സർക്കാർ കാര്യക്ഷമമാക്കുന്നതിലൂടെ മാത്രമേ ഇതിന് ഒരു പരിധി വരെയെങ്കിലും പരിഹാരം കാണാനാകൂ


ഒരു രാജ്യം ഒരൊറ്റ നികുതി എന്ന ആശയം ഉൾക്കൊണ്ട് രാജ്യത്തെ പരോക്ഷ നികുതി പിരിവ് സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിൽ നിന്ന് മാറികേന്ദ്ര സർക്കാരിൻ്റെ നിയന്ത്രണത്തിലേക്ക് വന്നതിൻ്റെ അനന്തരഫലമായി കേരളത്തിന് ലഭിക്കേണ്ട തുക കേന്ദ്രസർക്കാർ പലപ്പോഴും നൽകുന്നില്ല എന്ന ആക്ഷേപം നേരത്തെ ഉയർന്നിട്ടുണ്ട്. എന്നാൽ കേന്ദ്രം പറയുന്നത് കേരളം ആവശ്യമായ റിപ്പോർട്ടുകൾ സമയത്ത് നൽകുന്നില്ല എന്നാണ്. അത് പോലെ കേരളത്തിലെ നികുതി പിരിവ് സംവിധാനം ശരിയായി പ്രവർത്തിക്കുന്നില്ല എന്നും ആരോപണം ഉണ്ട്.

വിൽപ്പന നികുതി വരുമാനം ആണ് ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലേയും പോലെ കേരളത്തിൻ്റേയും പ്രധാന വരുമാന സ്രോതസ് ആയിരുന്നത്. എന്നാൽ ജിഎസ്ടി വന്നതോടെ ഇതിനു മാറ്റം വന്നു. എങ്കിലും നിലവിലെ നികുതി ചോർച്ച ഒഴിവാക്കാനും വരുമാനം ഒരു പരിധി വരെ ഉയർത്താനും സർക്കാരിന് സ്വീകരിക്കാവുന്ന നിരവധി നടപടികളുണ്ട്.

എല്ലാ വിൽപ്പനക്കും വേണം നികുതി

നികുതി ചോർച്ചക്കുള്ള പഴുതുകൾ അടക്കുന്നത് തന്നെയാണ് ഏറ്റവും പ്രായോഗികമായ വഴി.ഉദാഹരണത്തിന് വഴി വക്കിൽ ഉന്ത് വണ്ടിയിൽ ചായയും കാപ്പിയും പലഹാരങ്ങളും വിൽക്കുന്നിടത്ത് നിന്ന് വാങ്ങുന്ന സാധനങ്ങൾക്കും റെസ്റ്റോറൻ്റിൽ നിന്ന് വാങ്ങുന്ന സാധനങ്ങൾക്കും ഒരേ തുകയാണ് പല ഇടങ്ങളിലും ഈടാക്കുന്നത്. ഒരു റെസ്റ്റോറൻ്റിൽ ചായക്ക് 15 രൂപയാണ് നിരക്ക് എങ്കിൽ ഉന്തുവണ്ടിയിൽ ചായ വിൽക്കുന്ന ആളും ഇതേ തുക വാങ്ങുന്നു. ജി എസ് ടി, ലോക്കൽ അതോറിറ്റി രജിസ്ട്രേഷൻ, ഫുഡ് സേഫ്റ്റി, തൊഴിൽ കരം തുടങ്ങിയ നികുതികൾ എല്ലാം അടച്ചാണ് റെസ്റ്റോറൻ്റുകൾ പ്രവർത്തിക്കുന്നത്.

എന്നാൽ മറ്റേയാൾക്ക് യാതൊരു നികുതി ബാധ്യതയുമില്ല. ഇങ്ങനെ വലിയൊരു വിഭാഗം ആളുകൾ പ്രവർത്തിക്കുന്നുണ്ട് . ഇതിൽ തന്നെ വലിയ വരുമാനം നേടുന്നവരുമുണ്ട്. ഈ അവസ്ഥ ഉണ്ടാവാതിരിക്കാൻ നിയമങ്ങളിൽ ആവശ്യമായ മാറ്റം കൊണ്ടുവരാം. ഇങ്ങനെ വിവിധ മേഖലകളിലെ നികുതി ചോർച്ച പരമാവധി ഒഴിവാക്കാം.

ജി എസ് ടി യിൽ രണ്ട് തരം ട്രാൻസ്മിഷൻ ഉണ്ട്, ഒന്ന്, ബി ടു ബി അഥവാ ബിസിനസ്സ് ടു ബിസിനസ്. രണ്ടാമത്തേത് ബി ടു സി അഥവാ ബിസിനസ്സ് ടു കസ്റ്റമർ. ഇതിൽ ആദ്യം പറഞ്ഞ ട്രാൻസാക്ഷൻ മോണിറ്റർ ചെയ്യാനും നികുതി കൃത്യമായി നികുതി അടക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താനും സർക്കാരിന് വലിയ പ്രയാസം ഇല്ല. എന്നാൽ ബിസിനസ് ടു കസ്റ്റമർ ട്രാൻസാക്ഷൻ്റെ നികുതി ബാധ്യത ട്രാക്ക് ചെയ്യാൻ പലപ്പോഴും സാധിക്കാതെ വരുന്നു.

ജിഎസ്ടി സോഫ്റ്റ്‌വെയർ കാര്യക്ഷമമാക്കണം

ഉദാ. ഡൽഹിയിൽ രജിസ്ട്രേഷൻ ഉള്ള ഒരു സ്ഥാപനം, രാജ്യത്ത് വ്യാപകമായി ഓൺലൈനായും മറ്റും എൻ്റട്രൻസ് കോച്ചിംഗ് പോലുള്ള കോഴ്സുകൾ നടത്തുന്നു. കേരളത്തിൽ നിന്ന് ഒരു കുട്ടി ഈ കോഴ്സിന് ചേർന്ന് ഫീസ് അടയ്ക്കുന്നു. ഡൽഹിയിൽ രജിസ്ട്രേഷൻ ഉള്ള സ്ഥാപനം കേരളത്തിൽ നിന്ന് ഫീസ് കിട്ടിയതായി രേഖപ്പെടുത്തി നികുതി ഐജിഎസ്ടിയായി അടച്ച് കേരളത്തിൻ്റെ കോഡ് കാണിച്ച് റിട്ടേൺ ഫയൽ ചെയ്താൽ മാത്രമേ കേരളത്തിന് ആ നികുതി വരുമാനം ലഭിക്കുകയുള്ളൂ. എന്നാൽ നിലവിൽ ജി എസ് ടി സോഫ്റ്റ്‌വെയറിൽ ഇത്തരം കാര്യങ്ങളിൽ വ്യക്തത വരുത്താൻ പാകത്തിന് ഉള്ള സംവിധാനം ഇല്ല. ഇത്തരം അപാകതകൾ പരിഹരിച്ചാൽ മാത്രമാണ് സംസ്ഥാനത്തിന് കൂടുതൽ വരുമാന നേട്ടമുണ്ടാക്കാനാകുക.

ജി എസ് ടി പിരിവ് കേരളത്തിന് നേരിട്ട് നടത്താൻ കഴാതെ വരികയും കേന്ദ്ര വിഹിതത്തിൽ അർഹമായ തുക ലഭിക്കാതെയും വന്നപ്പോൾ കേരളം സ്റ്റാമ്പ് ഡ്യൂട്ടി, അത് പോലെ തൊഴിൽ കരം, തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ഉള്ള സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയ്ക്ക് ഉള്ള ഫീസ് വർധിപ്പിച്ചു. നാടിൻ്റെ വികസനത്തിന് സർക്കാരിൻ്റെ വരുമാനം കൂട്ടാനുള്ള വഴികൾ തേടുക തന്നെയാണ് ഏതൊരു സർക്കാരും ചെയ്യുന്നത്.

പക്ഷേ സ്വയം തൊഴിൽ കണ്ടെത്തുന്നതിൻ്റെ ഭാഗമായി ചെറുകിട ഇടത്തരം കച്ചവടം നടത്തി ഉപജീവനം നടത്തുന്നവർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏർപ്പെടുത്തിയ ഫീസ് തീർത്തും താങ്ങാൻ കഴിയാത്തതാണ് എന്ന് പരക്കെ ആക്ഷേപമുണ്ട്. വേണ്ടത്, നിലവിൽ ഒരു സ്ഥലത്ത് 100 ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട് എങ്കിൽ 40 % മാത്രം ആണ് കൃത്യമായ മാനദണ്ഡങ്ങളോടെ നികുതി നൽകി പ്രവർത്തിക്കുന്നത്. ബാക്കിയുള്ള 60 ശതമാനത്തേ കൂടി നികുതി അടപ്പിച്ചാൽ നിലവിലെ വരുമാനം കുറയാതെ തന്നെ നികുതി കുറയ്ക്കാൻ കഴിയും. അതിന് പരിശോധനകൾ കാര്യക്ഷമം ആക്കണം.

വളരട്ടെ ടൂറിസം രംഗം

പിന്നെ വരുമാന വർധനക്കായി കൂടുതൽ ആശ്രയിക്കാവുന്നത് ടൂറിസം മേഖലയെ ആണ്. കഴിഞ്ഞ സർക്കാർ തുടങ്ങി വെച്ച ഓരോ ഗ്രാമത്തിലും ഒരു ടൂറിസം പദ്ധതി കൂടുതൽ കാര്യക്ഷമമാക്കാം. ഓരോ പ്രദേശത്തെയും കുടുംബശ്രീ പോലുള്ള സെൽഫ് ഹെൽപ്പ് ഗ്രൂപ്പുകളെ ഏകോപിപ്പിച്ച് പ്രാദേശിക ഭക്ഷണം, കലാ സാംസ്കാരിക പ്രകടനങ്ങൾ എന്നിവയൊക്കെ സഞ്ചാരികൾക്കും പ്രയോജനപ്പെടുത്താനാകുന്ന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിലൂടെ പ്രാദേശിക വികസനം മാത്രമല്ല സംസ്ഥാനത്തിൻ്റെ വരുമാനവും ഉയരും.