image

17 March 2023 7:45 AM GMT

Technology

കസ്റ്റമറെ വലവീശിപ്പിടിക്കണ്ടേ? എങ്കില്‍ അതിനും വേണമൊരു വെബ്സൈറ്റ്-പാര്‍ട്ട് 1

MyFin Bureau

website to canvas the customer
X

Summary

  • നമ്മുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ മുതലാളി നമ്മള്‍ ആയതുകൊണ്ട് എന്ത് സംഭവിച്ചാലും അതിന്റെ ഡിജിറ്റല്‍ പ്രസന്‍സ് അവിടെത്തന്നെ കാണും


അച്യുത് ബി മോഹന്‍ദാസ്

'നിങ്ങള്‍ക്ക് വെബ്സൈറ്റ് ഇല്ലേ?' ഒരു ബിസിനസ് മീറ്ററിംഗിന് ചെല്ലുമ്പോഴോ, എവിടെയെങ്കിലും വച്ച് നമ്മുടെ ക്ലയന്റ്/കസ്റ്റമര്‍ ആകാന്‍ സാധ്യതയുള്ള ഒരാളെ പരിചയപ്പെടുമ്പോഴോ അവര്‍ക്ക് ബിസിനസ് കാര്‍ഡ് കൊടുക്കുമ്പോള്‍ നമ്മുടെ ബിസിനസിന് ഒരു വെബ്സൈറ്റ് ഇല്ലെങ്കില്‍ ഈ ചോദ്യം കേള്‍ക്കാത്ത സംരംഭകര്‍ കുറവായിരിക്കും. ശരിയാണ്, എങ്ങനെയെങ്കിലും നമ്മുടെ ബിസിനസിന് ഒരു നല്ല മുഖം മെനഞ്ഞെടുക്കാന്‍ നമ്മള്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ നമുക്കൊരു വെബ്‌സൈറ്റ് ഇല്ലെങ്കില്‍ മറ്റുള്ളവരുടെ മുഖത്തുദിക്കുന്ന 'അയ്യേ' എന്ന ഭാവം നമ്മുടെ ഉത്സാഹത്തെത്തന്നെ ചിലപ്പോള്‍ നിര്‍ജ്ജീവമാക്കിയേക്കാം.

ഇതിന് കാരണവുമുണ്ട്; നമ്മുടെ ക്ലയന്റ്/കസ്റ്റമര്‍ ആകാന്‍ സാധ്യതയുള്ള ഒരാള്‍ക്ക് എപ്പോഴും നമ്മുടെ സര്‍വീസിനെയോ ഉത്പന്നത്തെയോ കുറിച്ച് നമ്മള്‍ പറയുന്നത് കേള്‍ക്കാന്‍ സമയവും, സന്ദര്‍ഭവും, അതിലുപരി താത്പര്യവും ഉണ്ടാകണമെന്നില്ല. ഈ ഘടകങ്ങള്‍ അവര്‍ക്ക് എപ്പോള്‍ ഉണ്ടാകുന്നുവോ അപ്പോള്‍ നമ്മുടെ സര്‍വീസിനെയോ ഉത്പന്നത്തെയോ കുറിച്ച് മനസ്സിലാക്കാന്‍ നമ്മുടെ ഔദ്യോഗിക വെബ്സൈറ്റ് ഉപകരിക്കും. അതുവഴി നഷ്ടപ്പെടാമായിരുന്ന ഒരു കച്ചവടം നടക്കാനുള്ള സാധ്യതകളും തുറന്നുവരും.

ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട എന്ത് കാര്യം സംസാരിക്കുമ്പോഴും അത് കേള്‍ക്കുന്ന ആളുകള്‍ പൊതുവേ ചോദിക്കുന്ന ഒന്നാണ് 'ലിങ്കുണ്ടോ' എന്ന്. എന്താണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്നും മിക്കവര്‍ക്കും അറിയാം. ഇന്റര്‍നെറ്റില്‍ ലഭ്യമായ ഏതെങ്കിലും വെബ്സൈറ്റിലെ ഒരു പേജിലേക്ക് കടന്നുചെന്ന് അതിലെ ഉള്ളടക്കം ഗ്രഹിക്കാനുള്ള മാര്‍ഗമാണ് ഈ ലിങ്ക് (URL അഥവാ Uniform Resource Locator).

ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഒരു വല അഥവാ വേള്‍ഡ് വൈഡ് വെബ് (www എന്നതിന്റെ ചുരുക്കരൂപം) എന്നതിലൂടെ ലോകത്തെവിടെയുമുള്ള വിവരങ്ങള്‍ തത്ക്ഷണം നമുക്ക് ഇപ്പോള്‍ അറിയാനും മനസ്സിലാക്കാനുമാകുന്നു. ഇത്തരത്തില്‍ വേള്‍ഡ് വൈഡ് വെബ് മുഖേന ലോകത്തെ മുഴുവന്‍ വിവരസാങ്കേതിക വിദ്യയിലൂടെ ബന്ധിപ്പിക്കുന്ന ഒരു സങ്കേതമാണ് ഇന്റര്‍നെറ്റ് എന്നും നമുക്കറിയാം. ഇന്റര്‍നെറ്റ് വഴി കോടിക്കണക്കിന് വരുന്ന വെബ്സൈറ്റുകളിലേക്ക് അനായാസം പ്രവേശിക്കാനും അതിലെ വിവരങ്ങള്‍ മനസ്സിലാക്കാനും ഇന്ന് നമുക്കാകും.

ഇന്റര്‍നെറ്റില്‍ ഓരോ വിവരങ്ങളും നമുക്ക് ലഭ്യമാക്കുന്നത് വെബ്സൈറ്റുകള്‍ വഴിയാണ് എന്ന് പറഞ്ഞല്ലോ, ഇന്നത്തെ ആധുനിക ഡിജിറ്റല്‍ യുഗത്തില്‍ വെബ്സൈറ്റുകള്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഇന്റര്‍നെറ്റിന്റെ ഉയര്‍ച്ചയും സാങ്കേതിക ഉപകരണങ്ങളുടെ വര്‍ധിച്ചുവരുന്ന ഉപയോഗവും, ഒപ്പം ആളുകള്‍ ആശയവിനിമയം നടത്തുന്ന രീതിയില്‍ വന്ന മാറ്റങ്ങളും വെബ്സൈറ്റുകളുടെ പ്രചാരവും വര്‍ധിപ്പിച്ചു.

പണ്ടൊക്കെ നമുക്കൊരു കാര്യം അറിയാനുണ്ടെങ്കില്‍ ആ വിഷയത്തില്‍ അറിവുള്ള ഒരാളോട് ചോദിക്കും, അല്ലേ? പക്ഷേ ഇത്തരത്തില്‍ ഓരോ കാര്യങ്ങളും തരംതിരിച്ച് അറിയാന്‍ അത്രയധികം വിഷയങ്ങളില്‍ അറിവുള്ള വ്യത്യസ്ത ആളുകളെ സമീപിക്കേണ്ടി വരും. ഇതിനെല്ലാം ഒരു പരിഹാരമായിരുന്നു ഗൂഗിള്‍ പോലെയുള്ള സേര്‍ച്ച് എന്‍ജിനുകള്‍, ഇപ്പോള്‍ അതിനും മുകളില്‍ ചാറ്റ് ജി പി റ്റി പോലെയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകള്‍ സ്ഥാനമുറപ്പിക്കുന്നുവെങ്കില്‍പ്പോലും. സേര്‍ച്ച് എന്‍ജിനുകള്‍ നമുക്ക് എവിടെനിന്നാണ് ഇത്രയധികം വിവരങ്ങള്‍ കൊണ്ടെത്തിച്ചുതരുന്നത്? ഇന്റര്‍നെറ്റില്‍ ലഭ്യമായിട്ടുള്ള പല വെബ്സൈറ്റുകളില്‍ നിന്നുതന്നെ.

ഓരോ വെബ്സെറ്റിലുമുള്ള വിവരങ്ങള്‍ ക്രോളിങ് ബോട്ടുകളെ ഉപയോഗിച്ച് മനസ്സിലാക്കി നമ്മുടെ ഓരോ ചോദ്യം വരുമ്പോഴും പ്രസക്തമായ ഉത്തരങ്ങള്‍ ഈ വെബ്സൈറ്റുകളില്‍ നിന്നും നമുക്ക് ഈ സേര്‍ച്ച് എന്‍ജിനുകള്‍ എത്തിച്ചുതരുന്നു.

നമുക്കറിയാവുന്ന ഏറ്റവും പ്രധാനപ്പെട്ട ചില വെബ്സൈറ്റുകളാണ് ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ജി മെയില്‍, ട്വിറ്റര്‍ തുടങ്ങിയവ. ഇവയെല്ലാം എന്ത് ആവശ്യത്തിനുള്ളതാണെന്നും നമുക്കറിയാം. പക്ഷേ വെബ്സൈറ്റുകളുടെ ലോകം ഇതുപോലെയുള്ള ഏകോപയോഗ (Single Usecase) വെബ്സൈറ്റുകള്‍ കൊണ്ടൊന്നും അവസാനിക്കുന്നില്ല. ഇതുപോലെയല്ലാതെയുള്ള ബിസിനസ്സ് വെബ്സൈറ്റുകളുടേത് കൂടിയാണ് ഇന്റര്‍നെറ്റ് ലോകം. പറഞ്ഞുവരുമ്പോള്‍ ഒരൊറ്റ കാറ്റഗറിയായി കണക്കിലെടുത്താല്‍ മറ്റേത് തരം വെബ്സൈറ്റുകളെക്കാളും കൂടുതല്‍ എണ്ണം ഈ ഇന്റര്‍നെറ്റ് ലോകത്ത് ബിസിനസ് വെബ്സൈറ്റുകള്‍ ആയിരിക്കും.

എല്ലാ സംരംഭകരും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍, ഒരു വെബ്സൈറ്റ് ഉണ്ടായിരിക്കുന്നത് ഒരു ആഢംബരമല്ല, അത് ഒരു ആവശ്യമാണ് എന്നത്. നിങ്ങള്‍ ഇപ്പോഴും നോട്ടീസുകളുടെയും, ബ്രോഷറുകളുടെയും മാത്രം യുഗത്തിലാണ് ജീവിക്കുന്നതെങ്കില്‍ ഉടനെതന്നെ ഡിജിറ്റല്‍ യുഗത്തിലേക്കുള്ള കാല്‍വയ്പ്പ് നടത്താന്‍ നിങ്ങള്‍ തയ്യാറാവണം, കാരണം നിങ്ങളുടെ ബിസിനസിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ കഴിയുന്ന ഒരു അത്ഭുത ടൂളാണ് ചിത്രങ്ങളും, വിവരങ്ങളും. കോഡുകളും ചേര്‍ന്ന ആ മാന്ത്രിക പേജുകള്‍.

ബിസിനസ് വെബ്സൈറ്റുകളുടെ പ്രാധാന്യം മനസ്സിലാക്കാന്‍ ഒരു ചെറിയ ഉദാഹരണം മതി. നിങ്ങള്‍ക്ക് ഒരു സ്ഥാപനത്തെയോ അല്ലെങ്കില്‍ ഒരു ഉത്പന്നത്തെയോ കുറിച്ചറിയാന്‍ ഏറ്റവും എളുപ്പത്തില്‍ ഗൂഗിളില്‍ സേര്‍ച്ച് ചെയ്താല്‍ മതിയാകും. അതോടുകൂടി അവരെക്കുറിച്ചോ, ആ ഉത്പന്നത്തെക്കുറിച്ചോ ഉള്ള സകല വിവരങ്ങളും പല വെബ്സൈറ്റുകളില്‍ നിന്നും, ഒപ്പം അവരുടെ തന്നെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും നിങ്ങളുടെ മുന്നിലെത്തും. ഒന്ന് ആലോചിച്ചുനോക്കൂ, ഒരു ബിസിനസിനെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ നിങ്ങള്‍ അവസാനമായി ഒരു ഫോണ്‍ ബുക്ക് അല്ലെങ്കില്‍ ഡയറക്ട്ടറി എടുത്തത് എപ്പോഴാണ്? ആ ചോദ്യത്തിന്റെ ഉത്തരം മതി ബിസിനസ് വെബ്സൈറ്റുകളുടെ പ്രാധാന്യം എത്രയുണ്ടെന്ന് മനസ്സിലാക്കാന്‍.

ശക്തമായ ഒരു ഓണ്‍ലൈന്‍ സാന്നിധ്യം കെട്ടിപ്പടുക്കുന്നതിനും പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനും നിങ്ങളുടെ ബിസിനസ്സ് വളര്‍ത്തുന്നതിനും ഒരു വെബ്സൈറ്റ് അനിവാര്യമായ ഒരു ഉപകരണമാണ്. അതിന് ഏതൊക്കെത്തരത്തില്‍ ഒരു ബിസിനസിനെ സ്വാധീനിക്കാന്‍ കഴിയുമെന്ന് നോക്കാം.

കൂടുതല്‍ ആളുകളിലേക്ക് എത്തുക: നേരത്തെ പറഞ്ഞതുപോലെ ഈ ഡിജിറ്റല്‍ യുഗത്തില്‍ കൂടുതല്‍ പേരും ഒരു സര്‍വീസ് സ്വീകരിക്കുന്നതിനോ, ഉത്പന്നം വാങ്ങുന്നതിനോ മുന്‍പ് ആ സ്ഥാപനത്തെക്കുറിച്ചും ആ ഉത്പന്നത്തെക്കുറിച്ചും ഇന്റര്‍നെറ്റില്‍ തിരയുന്നത് സ്വാഭാവികമാണ്. അപ്പോള്‍ കൃത്യമായ വിവരങ്ങള്‍ വെബ്സൈറ്റ് വഴി ലഭ്യമാക്കിയില്ലെങ്കില്‍ അവരെ നമ്മുടെ ബിസിനസിലേക്ക് അടുപ്പിക്കാന്‍ കഴിയാതെ വരും. പരമ്പരാഗത രീതികളേക്കാള്‍ ഡിജിറ്റല്‍ രീതികള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ ഈ വിശാലമായ വിപണി സാധ്യതകളെ ടാപ്പുചെയ്യാനും ഉപഭോക്താക്കളുമായി ബന്ധപ്പെടാനും സാധിക്കാതെ വന്നേക്കാം. ഇതിന്റെ ഏറ്റവും വലിയ ഗുണം എന്തെന്നാല്‍ വെബ്സൈറ്റുകള്‍ വഴി നമ്മുടെ സംരംഭത്തിന്റെ ദൃശ്യപരത (visibility) വര്‍ധിപ്പിക്കാനും കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേരാനും കഴിയും.

വിശ്വാസ്യത സ്ഥാപിക്കുക: ഏതൊരു ബിസിനസിനും വിശ്വാസ്യത അത്യാവശ്യമായൊരു ഘടകമാണ്. ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍, ഒരു ബിസിനസ്സും അതിന്റെ ഉപഭോക്താക്കളും തമ്മിലുള്ള സമ്പര്‍ക്കത്തിന്റെ ആദ്യ പോയിന്റാണ് ഒരു വെബ്‌സൈറ്റ്. പ്രൊഫഷണലായി രൂപകല്പന ചെയ്ത ഒരു വെബ്സൈറ്റിന് തങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിശ്വാസ്യത സ്ഥാപിക്കാനും ഒരു നല്ല ആദ്യ മതിപ്പ് (first impression) ഉണ്ടാക്കാനും കഴിയും. നിങ്ങളുടെ ഉത്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങള്‍, പ്രവൃത്തി സമയം, നേരിട്ട് ബന്ധപ്പെടാനുള്ള വിവരങ്ങള്‍ എന്നിവയും ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കിക്കൊടുക്കാന്‍ ഇതിന് കഴിയും.

വില്‍പ്പനയും വരുമാനവും വര്‍ധിപ്പിക്കുക: ഒരു വെബ്സൈറ്റിന് നിങ്ങളുടെ ബിസിനസ്സിനായുള്ള ശക്തമായ വില്‍പ്പന കേന്ദ്രമാകാന്‍ കഴിയും എന്നത് ഓരോ സംരംഭകരും മനസ്സിലാക്കണം. ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും നിങ്ങളുടെ വെബ്സൈറ്റിലൂടെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയും. ഇനി അഥവാ നിങ്ങളുടെ വെബ്സൈറ്റ് ഒരു ഇ-കൊമേഴ്സ് വെബ്സൈറ്റ് അല്ലെങ്കില്‍പ്പോലും വെബ്സൈറ്റില്‍ നിങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും വ്യക്തമായി പ്രദര്‍ശിപ്പിക്കുകവഴി ആളുകള്‍ക്ക് അവയില്‍ താത്പര്യമുണ്ടാക്കാനും ഒപ്പം അതേത്തുടര്‍ന്നുള്ള വില്പന വര്‍ധിപ്പിക്കാനും കഴിയും.

ഉപഭോക്തൃ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുക: വെബ്സൈറ്റിലൂടെ ഉപഭോക്താക്കള്‍ക്ക് നിങ്ങളുമായി വേഗത്തിലും, കൃത്യതയോടെയും ബന്ധപ്പെടാനാവും എന്നത് ഒരു വലിയ പ്ലസ് പോയിന്റാണ്. അതുകൊണ്ടുതന്നെയാണ് ഉപഭോക്തൃ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനുള്ള മൂല്യവത്തായ ടൂളായി അതിനെ ലോകമെങ്ങും കാണുന്നതും. ഏറ്റവും ലളിതമായ ഒരു ഉദാഹരണമെടുത്താല്‍ വളരെ എളുപ്പത്തില്‍ ഒരു ഫോം പൂരിപ്പിച്ചുകൊണ്ടുപോലും ഉപഭോക്താക്കള്‍ക്ക് നിങ്ങളെ ബന്ധപ്പെടാന്‍ ഇതുവഴി സാധിക്കും. അതോടൊപ്പം വാട്‌സാപ്പ് വഴിയോ സ്‌കൈപ്പ് വഴിയോ ഫോണ്‍ മുഖാന്തിരമോ നിങ്ങളുമായി തത്സമയ ആശയവിനിമയത്തിനും അവര്‍ക്ക് കഴിയും.

വിപണിയിലെ മത്സരത്തില്‍ മുന്നില്‍ നില്‍ക്കുക: ഇന്നത്തെ മത്സരാധിഷ്ഠിത ബിസിനസ്സ് ലാന്‍ഡ്സ്‌കേപ്പില്‍, വിപണിയിലെ മത്സരത്തില്‍ മുന്നില്‍ നില്‍ക്കുക എന്നുപറഞ്ഞാല്‍ത്തന്നെ പകുതി വിജയിച്ചു എന്നാണര്‍ത്ഥം. നിങ്ങളെപ്പോലെ മറ്റനേകം സംരംഭകര്‍ സേവനങ്ങളും സാരൂപ്യമുള്ള ഉത്പന്നങ്ങളും വില്‍ക്കുണ്ടാകും. അവരില്‍നിന്നും വ്യത്യസ്തമായി നിങ്ങളെ ഓണ്‍ലൈനായി അവതരിപ്പിക്കുകവഴി വിപണിയില്‍ മുന്നേറാനുള്ള അവസരമാണ് ലഭിക്കുന്നത്.

ഒരു ബിസിനസിന്റെ ഡിജിറ്റല്‍ നിലനില്‍പ്പ് ആരംഭിക്കുന്നതുതന്നെ വെബ്സൈറ്റില്‍ നിന്നാണ് എന്നാണ് പറയെപ്പെടുന്നത്. പലരും പലപ്പോഴും പറയുന്നതുകേള്‍ക്കാം നമുക്ക് ഫെയിസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളൊക്കെ ഉണ്ടെങ്കില്‍ വെബ്സൈറ്റിന്റെ ആവശ്യമില്ല എന്ന്. പക്ഷേ യഥാര്‍ത്ഥത്തില്‍ മറ്റൊന്നാണിവിടെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യം. നമ്മള്‍ ഫെയ്‌സ്ബുക്കിന്റെയോ, ഇന്‍സ്റ്റാഗ്രാമിന്റെയോ മുതലാളിയല്ലാത്തപക്ഷം ഏതുനിമിഷവും ആ പേജുകള്‍ നമുക്ക് നഷ്ടപ്പെടാന്‍ ഇടയുണ്ട്. മാസ്സ് റിപ്പോര്‍ട്ടിംഗ്, പോളിസികളുടെ അറിയാതെയുള്ള ലംഘനം ഒക്കെ ഇതിന് കാരണമാകാം. പക്ഷേ നമ്മുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ മുതലാളി നമ്മള്‍ ആയതുകൊണ്ട് എന്ത് സംഭവിച്ചാലും അതിന്റെ ഡിജിറ്റല്‍ പ്രസന്‍സ് അവിടെത്തന്നെ കാണും.

ഇത്രയും പറഞ്ഞ സ്ഥിതിക്ക് എങ്ങനെ ഒരു മികച്ച വെബ്സൈറ്റ് തയ്യാറാക്കാം എന്ന് നോക്കിയാലോ? എന്തൊക്കെ വേണം, എങ്ങനെ വേണം, അതിനുള്ള വിദഗ്ധ സേവനം എങ്ങിനെ ലഭ്യമാക്കാം എന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഈ ലേഖനത്തിന്റെ അടുത്ത പാര്‍ട്ടില്‍ വായിക്കാം.