image

28 May 2026 2:12 PM IST

Premium

ഭായിമാരില്ല, സമസ്ത മേഖലകൾക്കും പ്രഹരം, കേരളം ഇനിയെങ്കിലും മാറി ചിന്തിക്കേണ്ടേ?

Rinku Francis

ഭായിമാരില്ല, സമസ്ത മേഖലകൾക്കും പ്രഹരം, കേരളം  ഇനിയെങ്കിലും മാറി ചിന്തിക്കേണ്ടേ?
X

Summary

അന്യസംസ്ഥാന തൊഴിലാളികളെ മാത്രം ആശ്രയിച്ചുകൊണ്ട് എക്കാലത്തും കേരളത്തിന് മുന്നോട്ട് പോകാനാകുമോ? ഈ പ്രതിസന്ധിക്ക് എങ്ങനെ പരിഹാരം കാണും?


ഭവന നി‍ർമാണം, ഹോട്ടൽ നടത്തിപ്പ്, ഫാക്ടറി ജോലി, എന്തിന് ​ഗൃഹപരിപാലനത്തിന് പോലും അതിഥി തൊഴിലാളികളെ എവിടുന്ന് കിട്ടും എന്നാണ് മലയാളികൾ ആദ്യം തിരക്കുന്നത്. ഏതാണ്ട് എല്ലാ മേഖലകളിലും ഇതര സംസ്ഥാനക്കാരാണ് കൂടുതൽ . അധ്വാനവും മെനക്കേടുമുള്ള ജോലികൾക്ക് പ്രത്യേകിച്ച്. മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇതര സംസ്ഥാനക്കാർക്ക് കേരളം വിദേശ രാജ്യങ്ങൾ പോലെയായിരുന്നു ഏതാനും വർഷങ്ങൾ മുമ്പ് വരെ. ഉയർന്ന കൂലിയും സൗകര്യങ്ങളും. മിക്കവരുടെയും പട്ടിണി മാറി. കേരളത്തിൽ ദിവസ വേതനത്തിന് ജോലി ചെയ്യാനെത്തി പിന്നീട് ഇവിടെ തന്നെ സ്ഥിരതാമസമാക്കിയ എത്രയോ കുടുംബങ്ങൾ.

40 ലക്ഷത്തോളം അന്യ സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് ഏകദേശ കണക്കുകൾ. ഓരോ വ‍ർഷവും ഏകദേശം 16000 - 17000 കോടി രൂപയാണ് ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് അയക്കുന്നത്. ഇന്ന് കേരളത്തിൻ്റെ അസംഘടിത മേഖലയുടെ നട്ടെല്ലായ ഇവ‍ർ ജോലിചെയ്ത് ഉത്തരേന്ത്യയിലെ പല വീടുകളിലെയും പട്ടിണിയകറ്റിയിട്ടുമുണ്ട്. മിക്ക വീടുകൾക്കും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായി.

നടുവൊടിച്ച പ്രഹരം

എന്നാൽ സ്ഥിതി മാറുകയാണ്. ഇലക്ഷനും പെരുന്നാളിനുമൊക്കെയായി നാട്ടിലേക്ക് മടങ്ങി പോയ അന്യസംസ്ഥാന തൊഴിലാളികളിൽ പലരും മടങ്ങി വരാതായതോടെ കേരളത്തിൻ്റെ നി‍ർമാണ മേഖലയുൾപ്പെടെ സകല മേഖലകളുടെയും താളം തെറ്റിയിരിക്കുന്നു. ഇന്ധന ക്ഷാമം മൂലം രൂഷമായ പ്രതിസന്ധി നേരിടുന്ന റെസ്റ്റോറൻ്റ് വ്യവസായ രം​ഗത്തിനും കിട്ടി കനത്ത പ്രഹരം. തട്ടുകടകൾ മുതൽ പല റെസ്റ്റോറൻ്റുകളിലും ഭായിമാരില്ലാത്തതിനാൽ ഒന്നും നടക്കാത്ത അവസ്ഥയാണ്.

ഈ അവസരം നന്നായി മുതലാക്കുകയാണ് ഇപ്പോൾ ഇതര സംസ്ഥാന തൊഴിലാളികൾ. ഇവരുടെ മട്ടും ഭാവവും മാറി. കേരളത്തിൽ അ‍ർഹമായ ശമ്പളം കിട്ടുന്നില്ലെന്നും ശമ്പളം കൂട്ടണമെന്നും മിക്കവരും ആവശ്യപ്പെടുന്നു. കൂലി കൂട്ടിയാലെ മടങ്ങി വരൂ എന്ന് ചിലർ. ബീഹാർ, ഒഡീഷ പോലുള്ള സംസ്ഥാനങ്ങളിലെ നിരക്കുകളുടെ ഇരട്ടിയോ മൂന്നിരട്ടിയോ ഇപ്പോൾ തന്നെ കേരളം നൽകുന്നുണ്ട് .

നി‍ർമാണ മേഖലയിൽ 1200 രൂപ മുതൽ 2000 രൂപ വരെയാണ് ഇപ്പോൾ ഇവരും ആവശ്യപ്പെടുന്നത്. മെയിസൻമാ‍രൂടെ 1150 രൂപയും ഹെൽപ്പ‍ർമാരുടെ 950 രൂപയും മിനിമം വേതനമൊക്കെ പഴങ്കഥയായി. നിർമ്മാണ രംഗത്ത് കൊത്തുപണി, പ്ലംബിംഗ്, മരപ്പണി എന്നിവയുൾപ്പെടെ മിക്കതും കുടിയേറ്റ തൊഴിലാളികളാണ് ചെയ്യുന്നത്. ഇവരുടെ വരവ് താമസിച്ചാൽ ആയിരക്കണക്കിന് റെസിഡൻഷ്യൽ, ഇൻഫ്രാസ്ട്രക്ചർ പദ്ധതികളാണ് അവതാളത്തിലാകുക. നിലവിലെ യുദ്ധ സാഹചര്യത്തിൽ വലിയ ചെലവ് വർദ്ധനവിനും ഇത് വഴിവെക്കും. റിയൽ എസ്റ്റേറ്റ് വിപണിയുടെ മുരടിപ്പിനും തൊഴിലാളികളുടെ അഭാവം കാരണമാകും.

വർക്ക്ഷോപ്പുകൾ, ഹോട്ടലുകൾ, ചെറുകിട ഉൽപ്പാദന മേഖലകൾ എന്നിവയിൽ തൊഴിലാളിക്ഷാമം മൂലമുണ്ടാകുന്ന ചെലവ് വർധന വീണ്ടും പണപ്പെരുപ്പം ഉയർത്തും. തോട്ടം മേഖലയിലും വരും പ്രതിസന്ധി. റബ്ബർ, കുരുമുളക്, ഏലം തോട്ടങ്ങളിലും വിളവെടുപ്പ് സമയത്തും കയറ്റുമതിക്കുമൊക്കെയായി കുടിയേറ്റ തൊഴിലാളികളെ ഇപ്പോൾ വളരെയധികം ആശ്രയിക്കുന്നുണ്ട്. ഏതാണ്ട് കേരളത്തിലെ എല്ലാ അസംഘടിത മേഖലകളെയും തൊഴിലാളി ക്ഷാമം ബാധിക്കുന്നതാണ് നിലവിലെ സ്ഥിതി.

കൂലികൂട്ടാൻ തൊഴിലാളികൾ പറയുന്ന കാരണങ്ങളിലുണ്ട് വാസ്തവം. ''ഒരു ചായ കുടിക്കണമെങ്കിൽ 15 രൂപ കൊടുക്കണം. സാധനങ്ങൾക്ക് എല്ലാം തീ വിലയാണ്. പരിപ്പിനും പച്ചക്കറിക്കും എല്ലാം വില കൂടി. മീനിനും ഉയർന്ന വില . നിലവിലെ വേതനത്തിൽ നിന്ന് ചെലവുകളും കഴിഞ്ഞ് ഒന്നും മിച്ചം പിടിക്കാനില്ല.'' പറയുന്നത് ഒരുത്തരേന്ത്യക്കാരനാണ്.

ഇനിയെങ്കിലും മാറി ചിന്തിക്കേണ്ടേ?

അതിഥി തൊഴിലാളികളുടെ അഭാവം സൃഷ്ടിക്കുന്ന ശൂന്യത കേരളത്തിൻ്റെ സാമ്പത്തിക രംഗത്തിൻ്റെ താളം തെറ്റിക്കാതിരിക്കണമെങ്കിൽ ഇനിയെങ്കിലും മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. തൊഴിലില്ലെങ്കിലും വൈറ്റ് കോളർ ജോലി മാത്രമേ ചെയ്യൂ എന്ന പൊതുസൂഹത്തിൻ്റെ കാഴ്ചപ്പാടിലാണ് ആദ്യം മാറ്റം വരേണ്ടത്. നമ്മുടെ വനിതകളുടെയും തൊഴിൽ ചെയ്യാൻ സന്നദ്ധരായ യുവാക്കളുടെ സേവനവും കൂടുതൽ ഉപയോഗിക്കേണ്ടിയിരിക്കുന്നു.

വനിതകളെ പ്രോത്സാഹിപ്പിക്കാം

തൊഴിൽ പ്രാപ്തിയുള്ള നമ്മുടെ സ്ത്രീകളുടെ സേവനം വിവിധ മേഖലകളിൽ കൂടുതലായി വിനിയോഗിക്കാം . കുടുംബശ്രീ ഹോട്ടലുകൾ ഉൾപ്പെടെ വിജയകരമായി നടത്തുന്ന എത്രയെത്ര വനിതകളുണ്ട്. വനിതകൾ മാത്രം ഏറ്റെടുത്തു നടത്തുന്ന നിരവധി റെസ്റ്റോറൻ്റുകൾ ലാഭകരമായി പ്രവർത്തിക്കുന്നുണ്ട്. ന്യായമായ മിനിമം വേതനവും മികച്ച തൊഴിൽ സാഹചര്യങ്ങളും വിവിധ മേഖലകളിൽ ഉറപ്പാക്കി സ്ത്രീകളുടെ സേവനം കൂടുതലായി പ്രയോജനപ്പെടുത്തണം. കാർഷിക മേഖല മുതൽ സ്വന്തം സംരംഭങ്ങളും പ്രോജക്റ്റുകളും വികസിപ്പിക്കുന്നതിനെക്കുറിച്ച് അഭ്യസ്ത വിദ്യരും ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതിനായി സർക്കാരും പ്രോത്സാഹനം നൽകണം.

കുടിയേറ്റ തൊഴിലാളികളെ പാടെ അവഗണിക്കാനാകില്ല. അവർ പ്രാദേശിക വിപണിയിൽ പ്രതിവർഷം നല്ലൊരു തുക ചെലവഴിക്കുന്നുണ്ട്. ഏതാണ്ട് 1000 കോടി രൂപയോളം ചെലവഴിക്കുന്നുണ്ടെന്നാണ് കണക്കുകൾ. അവരുടെ അഭാവം സമ്പദ്‍വ്യവസ്ഥയെ ബാധിക്കാതിരിക്കാനും ഇനിയെങ്കിലും ഇടപെടൽ വേണം.