image

27 Dec 2022 7:34 AM GMT

Premium

അര്‍ജന്റീനയെ രക്ഷിക്കാന്‍ മെസിയുടെ ലോകകപ്പിനാകുമോ?

Bureau

അര്‍ജന്റീനയെ രക്ഷിക്കാന്‍ മെസിയുടെ ലോകകപ്പിനാകുമോ?
X

Summary

  • മെസ്സിപ്പടയെ ആശീര്‍വദിക്കാന്‍ ബ്യൂണസ് ഐറീസിലെ തെരുവില്‍ അണിനിരന്ന 45 ലക്ഷം പേരില്‍ പകുതി പേരുടെ വയറും എരിയുന്നുണ്ടാവണം
  • വിശപ്പകറ്റാന്‍ തെരുവിലിറങ്ങാനൊരുങ്ങുന്നതിനിടെയാണ് അവരെ തേടി ലോകകപ്പ് എത്തിയിരിക്കുന്നത്
  • ലോകകപ്പ് ആരവം അവരുടെ അരവയറിനെ നിറയ്ക്കുന്നെങ്ങനെ?


45 ലക്ഷം പേര്‍,അര്‍ജന്റീനിയന്‍ നഗരമായ ബ്യൂണസ് ഐറീസിലെ തെരുവില്‍ ലോകകപ്പ് വിജയാഘോഷം കൊണ്ടാടാന്‍ ഒത്തുകൂടിയവരുടെ ഏകദേശ...

45 ലക്ഷം പേര്‍,അര്‍ജന്റീനിയന്‍ നഗരമായ ബ്യൂണസ് ഐറീസിലെ തെരുവില്‍ ലോകകപ്പ് വിജയാഘോഷം കൊണ്ടാടാന്‍ ഒത്തുകൂടിയവരുടെ ഏകദേശ കണക്കാണിത്. ആനന്ദത്തിന്റെയും ആഹ്ലാദത്തിന്റെയും മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്ന ഈ തെരുവില്‍, ഈ ലോകകപ്പ് അടിച്ചിരുന്നില്ലെങ്കില്‍ കേള്‍ക്കേണ്ടിയിരുന്നത് വമ്പന്‍ കോലാഹല ശബ്ദമായിരുന്നു. ഇതേ തെരുവിലിറങ്ങിയവര്‍ക്ക് പ്രക്ഷോഭത്തിന്റെ ശബ്ദമാവുമായിരുന്നു. എന്നാല്‍ ഖത്തറിലെ മെസിപ്പടയുടെ വിജയത്തില്‍ അതൊരു വകയ്ക്കെങ്കിലും മാറിനിന്നിരിക്കുന്നു. അതുകൊണ്ടു തന്നെ, ലോകകപ്പിലെ വിജയത്തില്‍ മെസിക്കൊപ്പമോ അതിനപ്പുറമോ സന്തോഷിക്കുന്നുണ്ടാവും, അര്‍ജന്റീനിയന്‍ പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ്.

നൂറു വര്‍ഷം മുമ്പ് ലോകത്തിലെ സമ്പന്ന രാജ്യങ്ങളിലൊന്നായിരുന്നു അര്‍ജന്റീന. അതൊക്കെ പഴയ കഥ. ഇക്കഴിഞ്ഞ നവംബറില്‍ രാജ്യത്തെ പണപ്പെരുപ്പം 92.4 ശതമാനമാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണിത്. ഡിസംബറില്‍ ഇത് 100 ശതമാനത്തിലെത്തുമെന്നാണ് പ്രവചനം. കഴിഞ്ഞ 12 വര്‍ഷമായി പണപ്പെരുപ്പം ശരാശരി 88 ശതമാനമായി തുടരുകയാണ്. 2020 ല്‍ പണപ്പെരുപ്പം 40 ശതമാനവും 2021 ല്‍ 50 ശതമാനവും ആയിരുന്നയിടത്തു നിന്നാണ് 2022ല്‍ പടുകൂറ്റന്‍ പതനമുണ്ടായിരിക്കുന്നത്. വരും വര്‍ഷങ്ങളിലും പ്രതിസന്ധി തുടരുമെന്നാണ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്റ് ഡെവലപ്മെന്റ് (OECD) കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. (പട്ടിക നോക്കുക)



(പട്ടിക ക്യാപ്ഷന്‍- അര്‍ജന്റീനയുടെ ജിഡിപിയും കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സും)

പലരുടെയും സ്വപ്നങ്ങളും സമ്പാദ്യവും ഇല്ലാതാക്കിയ വര്‍ഷങ്ങളാണ് അര്‍ജന്റീനയില്‍ കടന്നുപോകുന്നത്. പ്രത്യേകിച്ച് മിഡില്‍ ക്ലാസിനെയാണ് ഈ മാന്ദ്യം ഏറെയും ബാധിച്ചത്. രാജ്യത്തെ 40 ശതമാനത്തോളം പേരെ ദാരിദ്ര്യത്തിലേക്ക് തള്ളിയിട്ടു. വലിയൊരു വിഭാഗം കടക്കെണിയിലും പെട്ടു. തെരുവിലെ മാലിന്യപ്പെട്ടികളില്‍ ഭക്ഷണം തിരയുന്നവര്‍, അതില്‍ നിന്നെന്തെങ്കിലും വില്‍ക്കാന്‍ കിട്ടുമോയെന്ന് പരതുന്നവര്‍, ബ്ലാക് മാര്‍ക്കറ്റില്‍ അര്‍ജന്റീനന്‍ പെസോസിന് പകരം ഡോളര്‍ വില്‍ക്കുന്നവര്‍... കലങ്ങിമറിഞ്ഞൊരു സാമ്പത്തികസ്ഥിതിയാണിന്ന് അര്‍ജന്റീനയുടേത്. അവിടേക്കാണ് ലോകകപ്പിന്റെ രൂപത്തില്‍ ചെറിയൊരു ആശ്വാസമഴ പെയ്തിരിക്കുന്നത്. അതെങ്ങനെ മുതലെടുക്കുമെന്ന് മാത്രം കണ്ടറിയണം.

പ്രതിസന്ധി നീക്കാനുള്ള ഫെര്‍ണാണ്ടസിന്റെ നടപടികളില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാത്ത സ്ഥിതിയാണ്. കറന്‍സിയും സമ്പദ്വ്യവസ്ഥയും സുസ്ഥിരമായി നിര്‍ത്താന്‍ സോയാബീനും ഇറച്ചിയും ഗോതമ്പും തുടങ്ങി പ്രധാന കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ നികുതി ഏര്‍പ്പെടുത്തുകയും നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും ചെയ്തു. ഇതൊന്നും നിലവിലെ സ്ഥിതിയെ തരണം ചെയ്യാന്‍ മാത്രം ഏശുന്ന നടപടികളല്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. അവരിപ്പോള്‍ വീടില്ലാത്തവരായിക്കൊണ്ടിരിക്കുകയാണ്, തെരുവില്‍ അലയുന്നവരായി മാറിക്കൊണ്ടിരിക്കുകയാണ്, കടക്കെണിയില്‍ അകപ്പെട്ടു കൊണ്ടിരിക്കുകയാണ്. അവശ്യവസ്തുക്കളുടെ വില ഒരു വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഇരട്ടിയായി.

പ്രതീക്ഷയുടെ തിരിനാളങ്ങള്‍

ഉരുണ്ടുകൂടിയ പ്രതിസന്ധികള്‍ക്കിടയില്‍ പെയ്തിറങ്ങിയ ആശ്വാസമഴ തന്നെയാണ് അര്‍ജന്റീനിയന്‍ ഭരണകൂടത്തിന് ഈ ലോകകപ്പ് നേട്ടം. താല്‍ക്കാലികമായെങ്കിലും ജനങ്ങള്‍ക്ക് ആഹ്ലാദിക്കാനും പ്രതീക്ഷയ്ക്ക് വക നല്‍കാനും ലോകകപ്പ് നേട്ടത്തിലൂടെ സാധ്യമാക്കുകയെന്ന തരത്തിലുള്ള നീക്കമാണ് പ്രസിഡന്റ് ഫെര്‍ണാണ്ടസ് നടത്തുന്നത്. കൂടാതെ, സാമ്പത്തിക ഉത്തേജനത്തിനായി ചില ശ്രമങ്ങളും അദ്ദേഹം നടത്തുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷെയ്ല്‍ ഗ്യാസ് റിസര്‍വായ പാറ്റഗോണിയയില്‍ നിന്ന് കൂടുതല്‍ ഉല്‍പ്പാദനം ലക്ഷ്യമിട്ടിരിക്കുകയാണിപ്പോള്‍. ഇലക്ട്രോണിക്സ് വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും ബാറ്ററികളിലെ പ്രധാന ഭാഗമായ ലിഥിയത്തിന്റെ ഉല്‍പ്പാദനവും പൂര്‍വ്വാധികം വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. ഇത്തരത്തിലുള്ള പ്രകൃതി വിഭവങ്ങളുടെ 'ചൂഷണ'ത്തിന് സഹായിക്കാമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് സ്‌കോളസും താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

നീണ്ട കാലത്തെ കാത്തിരിപ്പിനുശേഷം, യൂറോപ്പ്യന്‍ യൂണിയന്‍ രാജ്യങ്ങളും മെര്‍കോസര്‍ ബ്ലോകും (അര്‍ജന്റീന, ബ്രസീല്‍, ഉറുഗ്വായ്, പരഗ്വായ് ഉള്‍പ്പെട്ട) തമ്മിലുള്ള വ്യാപാര കരാറിനും വഴി തെളിയുകയാണ്. ഉക്രെയ്ന്‍-റഷ്യ യുദ്ധവും തുടര്‍ന്നുണ്ടായ പ്രതിസന്ധികളും ചില യൂറോപ്യന്‍ രാജ്യങ്ങളെ കണ്ണുതുറപ്പിച്ചതാണ് കരാര്‍ പൂര്‍ത്തീകരണത്തിലേക്ക് വഴിതിരിച്ചത്. കരാര്‍ വരുന്നതോടെ, അര്‍ജന്റീനയില്‍ പുതിയ നിക്ഷേപ സാധ്യതകള്‍ തുറക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ലോകകപ്പ് ജിഡിപിക്കെന്ത് ഗുണം ചെയ്യും?

ലോകകപ്പ് നേട്ടം ജനങ്ങളുടെ പ്രതീക്ഷയ്പ്പുറം കണക്കുകള്‍ നോക്കിയാല്‍, ജിഡിപിക്കും ഗുണം ചെയ്യുമെന്നാണ് വ്യക്തമാവുന്നത്. OECD ഡാറ്റ ഉപയോഗിച്ച് മാര്‍കോ മെലോ ഓഫ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നത്, ലോകകപ്പ് രാജ്യത്തെ ജിഡിപി വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നാണ്. 0.25 ശതമാനമെങ്കിലും വളര്‍ച്ച കൈവരിക്കാന്‍ രാജ്യത്തെ സഹായിക്കുമെന്നാണ് ഇവര്‍ കണക്ക് സഹിതം പറയുന്നത്.



ആഗോളതലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ കപ്പ് നേടിയതോടെ, രാജ്യത്തെ ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്റ് കൂടുകയും കയറ്റുമതി വര്‍ധിക്കുകയും ചെയ്യുന്നതാണ് ജിഡിപിയില്‍ പ്രതിഫലിക്കുന്നത്. ഒന്നു മാത്രം ആലോചിച്ചാല്‍ മതി, ഏത് രാജ്യത്തിന്റെ ജേഴ്സിക്കാണ് ഏറ്റവും കൂടുതല്‍ ആവശ്യക്കാരെന്ന്. അപ്പോള്‍ തന്നെ അതില്‍ നിന്ന് ആ രാജ്യത്തിന് ലഭിക്കാന്‍ പോവുന്ന നേട്ടത്തിന്റെ ഗണമറിയാം.

അധികാരമാണ് മുഖ്യം

അടുത്ത വര്‍ഷം ഒക്ടോബറില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് കൂടി ഫെര്‍ണാണ്ടസിന്റെ മുമ്പിലുണ്ട്. അതിനു മുന്നേ സാമ്പത്തിക നില ശരിപ്പെടുത്തിയില്ലെങ്കില്‍ ജനം തന്നെ ശരിപ്പെടുത്തുമെന്ന് അദ്ദേഹത്തിനറിയാം. ഫെര്‍ണാണ്ടസിനെ മാറ്റി കൂടുതല്‍ വിപണി-സൗഹൃദനായ മത്സരാര്‍ത്ഥിയെ കൊണ്ടുവരാനായിരിക്കും ഭരണപക്ഷമായ ഇടതുപക്ഷം ആലോചിക്കുന്നതെന്നും വാര്‍ത്തകളുണ്ട്.



ഇതിന് മുമ്പ് ലോകകപ്പ് കിട്ടിയ 1986ലെ സംഭവവികാസങ്ങളും അര്‍ജന്റീനിയക്കാര്‍ മറന്നിട്ടില്ല. കപ്പ് കിട്ടി മൂന്നു വര്‍ഷത്തിനു പിന്നാലെയാണ് സൈനിക ആധിപത്യം തകര്‍ത്ത് ജനാധിപത്യം സ്ഥാപിച്ചത്. ഇക്കൊല്ലം കപ്പ് കിട്ടി. അടുത്ത കൊല്ലം തെരഞ്ഞെടുപ്പ് നടക്കുന്നു. ഒരുപക്ഷേ, തങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ അവര്‍ മറ്റൊരു ചരിത്ര വിധി എഴുതിയേക്കാം.