16 Dec 2025 9:29 PM IST
പ്രധാനമന്ത്രി ഒമാനിലേയ്ക്ക്; സമഗ്ര സാമ്പത്തിക സഹകരണ കരാറിന് സാധ്യത, ഇന്ത്യ-ഒമാന്‍ ബന്ധത്തിൻ്റെ 70 വര്‍ഷങ്ങള്‍!
MyFin Desk
സുപ്രധാന ചര്‍ച്ചകള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച ഒമാന്‍ സന്ദര്‍ശിക്കും. ജോര്‍ദാന്‍ സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി ഇന്ത്യന്‍ പ്രവാസികള്‍ ഏറെയുള്ള ഒമാനിലെത്തുന്നത്. ഇന്ത്യ-ഒമാന്‍ സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ പ്രഖ്യാപിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യ-ഒമാന്‍ നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെട്ടതിന്റെ എഴുപതാം വാര്‍ഷികത്തിലാണ് സന്ദര്‍ശനം. ഈ സന്ദര്‍ഭത്തിന്റെയും ബന്ധത്തിൻ്റയും ആഴം കൂട്ടുന്ന വലിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം. ഇന്ത്യ - ഒമാന്‍ സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ പ്രഖ്യാപിക്കുമോ എന്നതാണ് അതിലേറ്റവും പ്രധാനപ്പെട്ടത്. പ്രഖ്യാപിച്ചാല്‍ അത് പരസ്പരമുള്ള വ്യാപാര-സാമ്പത്തിക -വ്യവസായ രംഗത്ത് വന്‍ കുതിച്ചു ചാട്ടമുണ്ടാക്കും. വിവിധ മേഖലകളിലെ ചര്‍ച്ചകള്‍ക്കായി ഉന്നതതല സംഘവും കൂടെയുണ്ട്. പ്രതിരോധം, സാമ്പത്തികം, ഊര്‍ജ്ജം, നിക്ഷേപം, സുരക്ഷ, സാങ്കേതിക വിദ്യ എന്നിവയാണ് പ്രധാനമേഖലകള്‍.
ഈ സന്ദര്‍ശനം ഇന്ത്യ - ഒമാന്‍ നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെട്ടതിൻ്റെ എഴുപതാം വാര്‍ഷികത്തിൻ്റെ പശ്ചാത്തലത്തിലാണെന്നതിനാല് ഏറെ പ്രാധാന്യമേറിയതാണ് ഈ സന്ദര്‍ശനം. ഒമാനില്‍ പ്രധാനമന്ത്രിയുടെ രണ്ടാം വരവനാണിത്. 2018 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി ഒമാന്‍ സന്ദര്‍ശിക്കുകയും 2023 ഡിസംബറില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരിക് ഇന്ത്യ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ മഹാസമുദ്ര വ്യാപാരപാതയിലെ പ്രധാനകേന്ദ്രങ്ങളായ ഇന്ത്യയും ഒമാനും തമ്മില്‍ പുരാതനകാലം മുതല്‍ തന്നെ വാണിജ്യപരമായ ബന്ധമുണ്ടായിരുന്നു. വ്യാപാരബന്ധം ശക്തമായതോടെ 1955-ലാണ് ഇന്ത്യ-ഒമാന്‍ നയതന്ത്ര ബന്ധം ഔദ്യോഗികമായി ആരംഭിക്കുന്നത്. ഇന്ത്യയുടെ ഗള്‍ഫ് പങ്കാളിത്തങ്ങളില്‍ മുന്‍സ്ഥാനത്ത് നില്ക്കുന്ന ഒമാനുമായുള്ള സഹകരണം എഴുപതാണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ സൗഹൃദം, വിശ്വാസം, പരസ്പര ബഹുമാനം എന്നീ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ശക്തമായ പങ്കാളിത്തമായി അത് വളര്‍ന്നിരിക്കുകയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ ഒമാനിലേക്ക് നടത്തിയ സന്ദര്‍ശനങ്ങള്‍ ഇരുരാജ്യങ്ങളുടെയും പ്രതിരോധം, വ്യാപാരം, വാണിജ്യം, ഊര്‍ജം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ളതായാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നാള്‍വഴികള്‍ പരിശോധിക്കാം..
രാജീവ് ഗാന്ധി (1985 നവംബര്‍)
ഒമാൻ്റെ ദേശീയ ദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനായാണ് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നതതല-നയതന്ത്ര ഇടപെടലുകളുടെ ആരംഭമായാണ് ഈ സന്ദര്‍ശനത്തെ വീക്ഷിക്കുന്നത്. ഇന്ത്യ-ഒമാന്‍ സൈനിക സഹകരണ പ്രോട്ടോക്കോള്‍ ഒപ്പുവെച്ചത് ഈ സന്ദര്‍ശനത്തിലാണ്. നാവിക-സംയുക്ത അഭ്യാസങ്ങള്‍ക്കും സമുദ്രസുരക്ഷാസഹകരണത്തിനും തുടക്കം കുറിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ ഒമാന്‍ ഇന്ത്യയുടെ പ്രധാന പ്രതിരോധ പങ്കാളിയായി മാറിയത് ഈ സന്ദര്‍ശനത്തിന് ശേഷമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
പി. വി. നരസിംഹറാവു (1993 ജൂണ്‍)
ഇന്ത്യന്‍ മഹാസമുദ്രത്തിലെ പ്രധാന അയല്‍രാജ്യമായ ഒമാനിലേക്ക് നരസിംഹറാവു നടത്തിയ സന്ദര്‍ശനം സമുദ്രസുരക്ഷാസഹകരണത്തെ കൂടുതല്‍ ശക്തമാക്കുന്നതായിരുന്നു. ശീതയുദ്ധാനന്തര കാലഘട്ടത്തില്‍ ഇന്ത്യയുടെ വിദേശനയം പുതുക്കപ്പെടുന്ന സമയത്തായിരുന്നു ഈ സന്ദര്‍ശനം. ഒമാനുമായി ദീര്‍ഘകാല ഊര്ജ്ജസഹകരണത്തിനുള്ള അടിത്തറയൊരുക്കുന്നതിന് ഈ സന്ദര്‍ശനം സഹായകമായി. ഇരുരാജ്യങ്ങളും ചേര്‍ന്നുള്ള നാവിക അഭ്യാസമായ 'നസീം അല്‍ ബഹ്ര്' ആരംഭിച്ചത് ഈ സന്ദര്‍ശനത്തിന് ശേഷമാണ്.
അടല്‍ ബിഹാരി വാജ്പേയി (1998 ആഗസ്റ്റ്)
പ്രത്യേക കരാറുകളൊന്നും ഒപ്പുവച്ചില്ലെങ്കില്‍ കൂടിയും അടല്‍ ബിഹാരി വാജ്പേയിയുടെ ഒമാന്‍ സന്ദര്‍ശനം രാഷ്ട്രീയ-സാമ്പത്തിക-സുരക്ഷാ-സാമൂഹിക സഹകരണങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചു. 1990കളിലെ ജിയോ-പൊളിറ്റിക്കല്‍ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയബന്ധം സ്ഥിരതയാര്‍ന്നതാക്കാന്‍ ഈ സന്ദര്‍ശനത്തിലൂടെ കഴിഞ്ഞു. എണ്ണ, വാതകം തുടങ്ങിയ ഊര്‍ജമേഖലകളില്‍ സഹകരണം വര്ധിച്ചതോടൊപ്പം ഇന്ത്യന്‍ കമ്പനികള്‍ക്ക് ഒമാനില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതും ഈ സന്ദര്‍ശനത്തിന് ശേഷമാണ്.
ഡോ. മന്മോഹന് സിങ് (2008 നവംബര്‍)
ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി ഡോ. മന്മോഹന് സിങിന്റെ ഒമാന്‍ സന്ദര്‍ശനം ഇന്ത്യ-ഒമാന്‍ നയതന്ത്ര ബന്ധത്തിലെ നാഴികക്കല്ലായാണ് വിശേഷിപ്പിക്കുന്നത്. ഇരുരാജ്യങ്ങളും ഇന്ന് പങ്കിടുന്ന സമഗ്രതന്ത്ര വളര്‍ച്ചയ്ക്ക് ഈ സന്ദര്‍ശനം വഴിയൊരുക്കി. സമുദ്രസുരക്ഷ, പ്രതിരോധ പരിശീലനം, സംയുക്ത സൈനിക അഭ്യാസങ്ങള്‍ എന്നിവയില്‍ ഒമാനുമായി സഹകരണം വര്‍ധിപ്പിക്കാന്‍ ഈ സന്ദര്‍ശനത്തിലൂടെ കഴിഞ്ഞു. ഇന്ത്യയുടെ പടിഞ്ഞാറന്‍ സമുദ്രപരിധിയില്‍ ഒമാന്റെ നാവികസഹകരണം വര്‍ധിപ്പിക്കുന്നതും ഇന്ത്യന്‍ നാവികസേനയ്ക്ക് മസ്കറ്റ്, സലാല അടക്കമുള്ള ഒമാനിലെ തുറമുഖങ്ങളില്‍ സ്ഥിരമായ പ്രവേശനം ലഭിക്കുന്നതും ഇതിന്റെ തുടര്‍ച്ചയായാണ്. ഊര്‍ജസഹകരണം വ്യാപിപ്പിക്കുന്നതിനായുള്ള ദീര്‍ഘകാല വിതരണക്കരാറുകള്ക്ക് തുടക്കമിട്ടതും സാമ്പത്തിക-വ്യാപാരബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാവശ്യമായ ഇടപെടലുകള്‍ നടന്നതും ഈ സന്ദര്‍ശനവേളയിലാണ്.
നരേന്ദ്രമോദി (2018 ഫെബ്രുവരി)
പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഒമാന്‍ സന്ദര്‍ശനം ഇന്ത്യ-ഒമാന്‍ നയതന്ത്രസഹകരണം കൂടുതല്‍ ദൃഢമാക്കിയതായി നയതന്ത്രവിദഗ്ധര്‍ വിലയിരുത്തുന്നു. രണ്ട് രാജ്യങ്ങളുടെയും ഉഭയകക്ഷിബന്ധത്തിന്റെ സുദീര്‍ഘമായ ഭാവിയിലേക്കുള്ള ബഹുമുഖ പങ്കാളിത്തത്തിന് തുടക്കം കുറിച്ചത് ഈ സന്ദര്ശനത്തിലൂടെയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രധാനപ്പെട്ട എട്ട് കരാറുകള്‍ ഒപ്പുവച്ചതുള്‍പ്പെടെ വാണിജ്യ-വ്യാപാര വികസനം, ഊര്‍ജസംരക്ഷണ-സഹകരണം, പ്രതിരോധ- വിദ്യാഭ്യാസ സഹകരണം, ആരോഗ്യവും ബഹിരാകാശവും സംബന്ധിച്ചുള്ള സഹകരണം, വിനോദസഞ്ചാരമേഖലയിലെ സഹകരണം, പ്രവാസിഭാരതീയരുടെ ക്ഷേമം തുടങ്ങിയ പല നിര്‍ണായക വിഷയങ്ങള്‍ക്കും ഈ സന്ദര്‍ശനം ചര്‍ച്ചയായി. ഇന്ത്യന്‍ കമ്പനികള്‍ക്ക് ദുഖും, സോഹാര്‍, സലാല തുടങ്ങി ഒമാന്റെ SEZ മേഖലകളിലേക്ക് കൂടി നിക്ഷേപാവകാശം വിപുലീകരിക്കപ്പെട്ടതും, ഇന്ത്യന്‍ നാവികസേനയുടെ ദുഖും തുറമുഖ പ്രവേശനവും ഈ സന്ദര്‍ശനത്തിൻ്റെ വലിയ നേട്ടങ്ങളായി വിലയിരുത്തപ്പെടുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും സൗഹൃദവും വളര്‍ത്തുന്നതില്‍ പ്രധാനമന്ത്രിമാരുടെ ഒമാന്‍ സന്ദര്‍ശനങ്ങള്‍ പ്രാധാന്യമേറുന്നത് ഈ പശ്ചാത്തലങ്ങളിലാണ്. 1985-ലെ സൈനിക പ്രോട്ടോക്കോളില്‍ തുടങ്ങി 2008-ലെ തന്ത്രപങ്കാളിത്തത്തിലേക്കും 2018-ലെ ദുഖും തുറമുഖപ്രവേശനത്തിലേക്കും വരെ ഇത് പ്രതിരോധ-സമുദ്രസുരക്ഷാ സഹകരണം വ്യാപിപ്പിച്ചു. ഒമാന്റെ SEZ മേഖലകളിലെ ഇന്ത്യന്‍ നിക്ഷേപങ്ങള്‍, ഊര്ജസഹരണ പദ്ധതികള്‍, അടിസ്ഥാന സൗകര്യം, ടൂറിസം, വിദ്യാഭ്യസം, വിദ്യാര്‍ത്ഥി കൈമാറ്റം, പ്രവാസിക്ഷേമം തുടങ്ങി സാംസ്കാരികവും സമഗ്രവുമായ മുന്നേറ്റത്തിനാണ് ഇത് സാക്ഷ്യം വഹിച്ചത്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒമാനിലെത്തുമ്പോള്‍, സമഗ്ര-സാമ്പത്തിക-പങ്കാളിത്തക്കരാറിനായുള്ള ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളും ഈ വര്‍ഷം ആദ്യം തന്നെ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ദീര്‍ഘകാലമായി കാത്തിരിക്കുന്ന ഇന്ത്യ-ഒമാന്‍ സ്വതന്ത്രവാണിജ്യ ഉടമ്പടി സാധ്യമാകുമെന്ന പ്രതീക്ഷയോടുകൂടിയാണ് ഈ സന്ദര്‍ശനത്തെയും ഏവരും ഉറ്റുനോക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
