image

14 Oct 2023 12:56 PM IST

News

വരിസംഖ്യാ പദ്ധതിയുമായി പിവിആര്‍; 699 രൂപയ്ക്ക് 10 സിനിമകള്‍ കാണാം

MyFin Desk

With subscription plan, PVR can watch 10 movies for Rs 699
X

Summary

തിയേറ്ററുകളില്‍ സിനിമ കാണാന്‍ ഇത് ആദ്യമായിട്ടാണു വരിസംഖ്യാ പദ്ധതി അവതരിപ്പിക്കുന്നത്


തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിനായി മള്‍ട്ടിപ്ലെക്‌സ് ഓപ്പറേറ്ററായ പിവിആര്‍ ഐനോക്‌സ് വരിസംഖ്യാ പദ്ധതിയുമായെത്തുന്നു.

മാസത്തില്‍, തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ 70 രൂപയ്ക്ക് 10 സിനിമകള്‍ കാണാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്.

തിയേറ്ററുകളില്‍ സിനിമ കാണാന്‍ ഇത് ആദ്യമായിട്ടാണു വരിസംഖ്യാ പദ്ധതി അവതരിപ്പിക്കുന്നത്.

നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ഡിസ്‌നി ഹോട്ട്സ്റ്റാര്‍ പോലുള്ള ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കാണ് വരിസംഖ്യാ പദ്ധതിയുള്ളത്.

ലക്ഷ്യം ഒടിടിയെ പ്രതിരോധിക്കല്‍

കോവിഡ്19 നെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ വീടിനുള്ളില്‍ കഴിയേണ്ട സാഹചര്യം ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് വലിയ സ്വീകാര്യതയാണു നേടിക്കൊടുത്തത്. ലോക്ക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും ഒടിടിയിലാണ് ഇന്നും വലിയൊരു വിഭാഗം സിനിമ കാണുന്നത്. ഇത് തിയേറ്ററുകള്‍ക്ക് ഭീഷണിയായി മാറുകയും ചെയ്തു. ഈ സാഹചര്യം മറികടക്കാനാണ് ഇപ്പോള്‍ വരിസംഖ്യാ പദ്ധതിയുമായി പിവിആര്‍ ഐനോക്‌സ് എത്തുന്നത്.

കോവിഡ്19 തിയേറ്ററുകളിലെ തിരക്ക് കുറയാന്‍ വന്‍തോതില്‍ കാരണമായി. ഇപ്പോള്‍ കോവിഡ്19 ഭീഷണി അകന്നെങ്കിലും കോവിഡ്19ന് മുമ്പ് തിയേറ്ററില്‍ എത്തിയിരുന്ന പ്രേക്ഷകരേക്കാള്‍ 20 ശതമാനം കുറവാണ് എത്തുന്നത്.

31 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ എണ്ണത്തിലാണ് പ്രധാനമായും ഇടിവ് സംഭവിച്ചിരിക്കുന്നതെന്ന് ഓര്‍മാക്‌സ് എന്ന മീഡിയ കണ്‍സല്‍ട്ടിംഗ് ഗ്രൂപ്പ് പറയുന്നു.

31-40 വയസ് പ്രായത്തിലുള്ളവരുടെ എണ്ണത്തില്‍ 31 ശതമാനത്തിന്റെയും 41 വയസ്സ് മുകളില്‍ പ്രായമുള്ളവരുടെ എണ്ണത്തില്‍ 39 ശതമാനത്തിന്റെയും ഇടിവാണ് സംഭവിച്ചത്.

പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ൡക്‌സിന് പ്രതിമാസം 149 രൂപ, 199, 499, 649 രൂപയുടെ വരിസംഖ്യാ പ്ലാനുകളാണുള്ളത്.

ജിയോ സിനിമയ്ക്ക് 999 രൂപയുടെ പ്രതിമാസ പ്ലാനുമുണ്ട്.

അതേസമയം ആമസോണ്‍ പ്രൈമിനാകട്ടെ, 299, 599, 1,499, 999 രൂപയുടെ പ്രതിമാസ പ്ലാനുകളുണ്ട്.

തിയേറ്ററുകളിലേക്ക് ആളുകളെ ആകര്‍ഷിക്കാനാകുമോ

ഒടിടി പ്ലാറ്റ്‌ഫോമുകളെ പ്രതിരോധിക്കാന്‍ പ്രതിമാസ പ്ലാനുകളുമായി പിവിആര്‍ എത്തുമ്പോള്‍ അത് എത്രത്തോളം വിജയിക്കുമെന്ന ആശങ്കയും മറുവശത്തുണ്ട്. കാരണം പിവിആര്‍ ഇപ്പോള്‍ 699 രൂപ പ്രതിമാസം ഈടാക്കുമ്പോള്‍ 10 സിനിമകളാണ് കാണാന്‍ അവസരമുള്ളത്. എന്നാല്‍ പല ഒടിടി പ്ലാറ്റ്‌ഫോമുകളിലും ഈ നിരക്കില്‍ നിരവധി സിനിമകള്‍ കാണാന്‍ അവസരമുണ്ട്.

മാത്രമല്ല, തിയേറ്ററിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ പ്രാപ്തമായ സിനിമകള്‍ മാസം തോറും റിലീസ് ചെയ്യുമോ എന്നതും ചോദ്യചിഹ്നമായി ഉണ്ട്.

സമീപകാലത്ത് ജയിലറും, ഗദ്ദര്‍ 2ും, ജവാനും പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിച്ച സിനിമകളാണ്. എന്നാല്‍ ഇതു പോലെ എത്ര ചിത്രങ്ങള്‍ക്ക് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയുമെന്നതും ചോദ്യമായി നിലനില്‍ക്കുന്നുണ്ട്.