image

20 Jun 2023 11:29 AM IST

Kerala

10 സ്‍റ്റേഷനുകളിലെ പാര്‍സല്‍ സര്‍വിസ് വിലക്ക് റെയില്‍വേ പിന്‍വലിച്ചു

MyFin Desk

10 സ്‍റ്റേഷനുകളിലെ പാര്‍സല്‍ സര്‍വിസ് വിലക്ക് റെയില്‍വേ പിന്‍വലിച്ചു
X

Summary

  • മലബാറിലെ കര്‍ഷകര്‍ക്കും വ്യവസായികള്‍ക്കും ഗുണം ചെയ്യും
  • പാർസൽ സർവീസ് നിർത്താക്കിയത് മെയ് 24 മുതൽ
  • വാതിൽപ്പടി സേവനം ലാഭകരമെന്ന് റെയിൽവേ


ദക്ഷിണ റെയില്‍വേയിലെ പത്ത് സ്റ്റേഷനുകളില്‍നിന്നുള്ള പാര്‍സല്‍ സര്‍വിസ് നിര്‍ത്തലാക്കിയ നടപടി റെയില്‍വേ റദ്ദാക്കി. ആരക്കോണം, പട്ടാമ്പി, കുറ്റിപ്പുറം, കൊയിലാണ്ടി, വടകര, മാഹി, കണ്ണപുരം, ചെറുവത്തൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട് എന്നീ റെയില്‍വേ സ്റ്റേഷനുകളില്‍ പാര്‍സലുകള്‍ ഇറക്കുന്നതും കയറ്റുന്നതും ഇതോടെ പഴയ പോലെ നടക്കും. മേയ് 24 മുതലാണ് ചെന്നൈ പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍ ഈ 10 സ്‌റ്റേഷനുകളില്‍ പാര്‍സല്‍ സര്‍വിസ് നിര്‍ത്തലാക്കിയത്.

നിരോധനം വന്നതോടെ ചരക്കുകള്‍ കയറ്റിയയക്കുന്നതിനും സ്വീകരിക്കുന്നതിനും ഈ പത്ത് സ്റ്റേഷനുകളെ ആശ്രയിച്ചിരുന്ന നിരവധി പേർ ബുദ്ധിമുട്ടിലായി. പാര്‍സല്‍ സര്‍വീസിനെ ആശ്രയിച്ചു ജീവിക്കുന്ന റെയില്‍വേ ലൈസന്‍സ് കൂലി പോര്‍ട്ടര്‍മാരെയും അവരെ സഹായിക്കുന്ന മറ്റ് പോര്‍ട്ടര്‍മാരെയും ഇത് പ്രതിസന്ധിയിലാക്കി.തുടര്‍ന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. അഞ്ചു മിനുട്ടില്‍ കൂടുതല്‍ സമയം വണ്ടികള്‍ നിര്‍ത്തുന്ന സ്റ്റേഷനുകളില്‍ മാത്രമേ പാര്‍സല്‍ സര്‍വീസ് അനുവദിക്കൂവെന്ന നിലപാടില്‍ നിന്നാണ് റെയില്‍വേ പിന്നോട്ടുപോയിരിക്കുന്നത്.

കൊയിലാണ്ടിയില്‍ ഒരു സ്ത്രീയടക്കം രണ്ടുപേരാണ് പോര്‍ട്ടര്‍മാരായിട്ടുള്ളത്. ഇവിടെ മത്സ്യബന്ധന ഉപകരണങ്ങളാണ് കൂടുതലായും ട്രെയിനിലൂടെ പാര്‍സലായി വരുന്നത്. മംഗലാപുരം, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍നിന്ന് കൊയിലാണ്ടി ഹാര്‍ബറിലേക്ക് വന്‍തോതില്‍ വലകള്‍ എത്താറുണ്ട്. കൊയിലാണ്ടി സ്റ്റേഷനില്‍ പാര്‍സല്‍ സര്‍വീസ് ഇല്ലാതായതോടെ ഇതുള്‍പ്പടെയുള്ള ചരക്കുകള്‍ കോഴിക്കോട് സ്റ്റേഷനില്‍ ഇറക്കി കൊയിലാണ്ടിയിലേക്ക് കൊണ്ടുപോകേണ്ടതായി വന്നു. ഇത് വലിയ പണച്ചെലവിന് ഇടയാക്കിയിരുന്നു. ചെമ്മീന്‍ പൊടി, തുണികള്‍ എന്നിവയും കൊയിലാണ്ടിയില്‍ ധാരാളമായി എത്താറുണ്ട്. മുമ്പ് പാല്‍, തൈര് എന്നിവ പാര്‍സലായി ഇതരസംസ്ഥാനങ്ങളില്‍നിന്ന് ഇവിടേക്ക് എത്തുമായിരുന്നു.

വരുമാനം കണക്കിലെടുത്താണ് സ്‌റ്റേഷനുകള്‍ക്ക് റെയില്‍വേ നിലവാരം നിശ്ചയിക്കുന്നത്. ഇതുപ്രകാരം നിലവില്‍ ബി ക്ലാസ് സ്‌റ്റേഷനാണ് കൊയിലാണ്ടി. പാര്‍സല്‍ സര്‍വീസ് ഇല്ലാതായാല്‍ വരുമാനം കുറയുകയും സ്‌റ്റേഷന്‍ സി ക്ലാസായി തരംതാഴ്ത്തുകയും ചെയ്യുമായിരുന്നു. വയനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള പാര്‍സലുകള്‍ കൊയിലാണ്ടി സ്റ്റേഷനിലാണ് എത്തിയിരുന്നത്. മാസം 30 ബൈക്ക് വരെ ഇവിടെ പാര്‍സലായി എത്താറുണ്ട്.

വാതില്‍പ്പടി പാര്‍സല്‍ സേവനം

തപാല്‍ വകുപ്പുമായി സഹകരിച്ചുള്ള വാതില്‍പ്പടി പാര്‍സല്‍ സേവനം ഈ വര്‍ഷമാദ്യമാണ് റെയില്‍വേ അവതരിപ്പിച്ചത്. അതുവരെ പാര്‍സല്‍ അയയ്ക്കാനും എടുക്കാനും റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈയാവശ്യത്തിനു റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകേണ്ട ആവശ്യമില്ല. ഉപഭോക്താക്കളുടെ അടുത്ത് തപാല്‍വകുപ്പ് പ്രതിനിധിയെത്തി പാര്‍സല്‍ സ്വീകരിച്ച് കൊണ്ടുപോകും.

വാതില്‍പ്പടി സേവനം റെയില്‍വേ സ്‌റ്റേഷന്റെ 40 കിലോമീറ്റര്‍ പരിധി വരെ ലഭ്യമാണ്. തപാല്‍ വകുപ്പ് ജീവനക്കാര്‍ അവരുടെ വാഹനങ്ങളിലെത്തിലെത്തുകയും പാര്‍സല്‍ സ്വീകരിച്ച് റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയുമാണ് ചെയ്യുന്നത്. പാര്‍സലിന്റെ തുക തപാല്‍ വകുപ്പില്‍ അടച്ചാല്‍ മതി. വാതില്‍പ്പടി സേവനം ലാഭകരമാണെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. കര്‍ഷകര്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ക്ക് ഈ പദ്ധതി കൂടുതല്‍ പ്രയോജനകരമാണ്.