12 April 2024 12:13 PM IST
Summary
- ബെംഗളൂരുവിലെ പ്രശസ്തമായ കഫേയില്‍ സ്‌ഫോടനം നടന്നത് മാര്‍ച്ച് ഒന്നിന്
- കേസുമായി ബന്ധപ്പെട്ട മാര്‍ച്ച് 26ന് ഒരാളെ ഏജന്‍സി അറസ്റ്റുചെയ്തിരുന്നു
ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്ഫോടനത്തിലെ രണ്ട് പ്രധാന പ്രതികളെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കസ്റ്റഡിയിലെടുത്തു. മുസാവിര്‍ ഹുസൈന്‍ ഷസേബ്, അബ്ദുള്‍ മത്തീന്‍ താഹ എന്നിവരെ ഇന്ന് രാവിലെ കൊല്‍ക്കത്തയില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് ഏജന്‍സി അറിയിച്ചു.
കഫേയിലെ ഒരു ബാഗിനുള്ളില്‍ ഷാസേബ് സ്ഫോടകവസ്തു സ്ഥാപിച്ചപ്പോള്‍, ആക്രമണത്തിനും തുടര്‍ന്നുള്ള അവരുടെ തിരോധാനത്തിനും ആസൂത്രണം ചെയ്തതിന് ഉത്തരവാദി താഹയാണെന്ന് തീവ്രവാദ വിരുദ്ധ ഏജന്‍സി പറഞ്ഞു.
മുഖ്യപ്രതിക്ക് ലോജിസ്റ്റിക് പിന്തുണ നല്‍കിയ മറ്റൊരു പ്രധാന സൂത്രധാരനായ മുസമ്മില്‍ ഷെരീഫിനെ മാര്‍ച്ച് 26 ന് അറസ്റ്റ് ചെയ്തിരുന്നു.
വെള്ളിയാഴ്ച രാവിലെ, എന്‍ഐഎ സംഘം രണ്ട് പേരെയും കൊല്‍ക്കത്തയിലെ ഒരു ഒളിത്താവളത്തില്‍ കണ്ടെത്തി. അവിടെ അവര്‍ വ്യാജ പേരുകളില്‍ താമസിക്കുകയായിരുന്നു. എന്‍ഐഎ, കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍, പശ്ചിമ ബംഗാള്‍, തെലങ്കാന, കര്‍ണാടക, കേരള എന്നീ സംസ്ഥാനങ്ങളിലെ പൊലീസ് ഏജന്‍സികളുമായി ചേര്‍ന്നു നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ തീര്‍ഥഹള്ളി സ്വദേശികളായ ഷാസേബ്, താഹ എന്നിവരെ കഴിഞ്ഞയാഴ്ചയാണ് മുഖ്യപ്രതികളായി ഏജന്‍സി തിരിച്ചറിഞ്ഞത്.
മാര്‍ച്ച് ഒന്നിന് ബെംഗളൂരുവിലെ പ്രശസ്തമായ കഫേയിലുണ്ടായ സ്ഫോടനത്തില്‍ പത്ത് ഉപഭോക്താക്കള്‍ക്കും ഹോട്ടല്‍ ജീവനക്കാര്‍ക്കും പരിക്കേറ്റിരുന്നു.
സ്ഫോടനത്തിന് ശേഷം, ബെംഗളൂരുവിലെ സിസിടിവി ക്യാമറകളില്‍ കണ്ട പ്രധാന പ്രതികളുടെ നിരവധി ഫോട്ടോകളും വീഡിയോകളും ഏജന്‍സി പുറത്തുവിട്ടു. കഫേയില്‍ സ്ഫോടനം നടന്ന് ഏകദേശം ഒരു മണിക്കൂറിന് ശേഷം മുഖം മൂടി ധരിച്ച പ്രതി ബസില്‍ കയറുന്നത് ക്ലിപ്പുകളില്‍ കാണാം.
പ്രധാന പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഏജന്‍സി പ്രഖ്യാപിച്ചിരുന്നു. പ്രതികളുടെ കോളേജ്, സ്‌കൂള്‍ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ള പരിചയക്കാരെയും ചോദ്യം ചെയ്തിട്ടുണ്ട്.
സ്ഫോടനത്തെ തുടര്‍ന്ന് വന്‍ നാശനഷ്ടം സംഭവിച്ച രാമേശ്വരം കഫേ 8 ദിവസത്തിന് ശേഷം മെറ്റല്‍ ഡിറ്റക്ടറുകള്‍ ഉള്‍പ്പെടെയുള്ള വര്‍ധിച്ച സുരക്ഷാ സംവിധാനങ്ങളോടെയാണ് വീണ്ടും തുറന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
