image

15 March 2024 11:02 AM IST

News

ജനുവരിയില്‍ ആര്‍ബിഐയുടെ റെക്കോര്‍ഡ് സ്വര്‍ണം വാങ്ങല്‍

MyFin Desk

ജനുവരിയില്‍ ആര്‍ബിഐയുടെ റെക്കോര്‍ഡ് സ്വര്‍ണം വാങ്ങല്‍
X

Summary

  • 2018 കലണ്ടര്‍ വര്‍ഷം മുതലാണ് ആര്‍ബിഐ സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയത്
  • 2023 ഡിസംബറില്‍ ആര്‍ബിഐയുടെ സ്വര്‍ണ ശേഖരം 803.58 ടണ്ണായിരുന്നു
  • ജനുവരിയില്‍ ചൈന 10 സ്വര്‍ണം വാങ്ങി


റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഈ വര്‍ഷം ജനുവരിയില്‍ 8.7 ടണ്‍ സ്വര്‍ണം വാങ്ങി. 2022 ജൂലൈയ്ക്ക് ശേഷം ആര്‍ബിഐ നടത്തുന്ന ഏറ്റവും വലിയ വാങ്ങലാണിത്.

തുര്‍ക്കി, ചൈന, കസാക്കിസ്ഥാന്‍ എന്നിവയും ജനുവരിയില്‍ ഗണ്യമായ അളവില്‍ സ്വര്‍ണം വാങ്ങി. തുര്‍ക്കി 11.8 ടണ്ണും ചൈന 10 ടണ്ണും കസാക്കിസ്ഥാന്‍ 6.2 ടണ്ണും സ്വര്‍ണം വാങ്ങി.

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കണക്കുകള്‍ പ്രകാരം 2023 ഡിസംബറില്‍ ആര്‍ബിഐയുടെ സ്വര്‍ണ ശേഖരം 803.58 ടണ്ണായിരുന്നു. ഇത് 2024 ജനുവരിയിലെത്തിയപ്പോള്‍ 812.3 ടണ്ണായി ഉയര്‍ന്നു.

ആര്‍ബിഐ അതിന്റെ ഫോറെക്‌സ് (വിദേശനാണ്യം) കരുതല്‍ ശേഖരം വൈവിധ്യവല്‍കരിക്കുന്നതിനും വിദേശ കറന്‍സിയുടെ മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടം പോലുള്ള അപകട സാധ്യതയില്‍ നിന്ന് പരിരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് സ്വര്‍ണം വാങ്ങുന്നത്.

ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകള്‍ വിദേശ കറന്‍സികളുടെ അപകടസാധ്യതകള്‍ തടയുന്നതിനായി കഴിഞ്ഞ അഞ്ച് വര്‍ഷമായി തങ്ങളുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തിലേക്ക് വന്‍തോതില്‍ സ്വര്‍ണം വാങ്ങി കൂട്ടിച്ചേര്‍ക്കുകയാണ്.

2018 കലണ്ടര്‍ വര്‍ഷം മുതലാണ് ആര്‍ബിഐ സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയത്. അതിനുമുമ്പ്, ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് 2009-ല്‍ 200 ടണ്‍ വാങ്ങിയിരുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ (2023-24) ആദ്യ 10 മാസങ്ങളില്‍ ആര്‍ബിഐ 17.7 ടണ്‍ സ്വര്‍ണമാണ് ശേഖരത്തിലേക്ക് കൂട്ടിച്ചേര്‍ത്തത്.