image

24 Jan 2024 11:15 AM GMT

Regulators

ലേലം പിടിച്ചിട്ടും 5ജി ഇല്ല; അദാനിക്കും വൊഡാഫോണിനും നോട്ടീസ്

MyFin Desk

no 5g despite winning the auction, notice to adani and vodafone
X

Summary

  • സമയപരിധി കഴിഞ്ഞിട്ടും 5 ജി സേവനം ആരംഭിച്ചില്ല
  • അദാനി തങ്ങളുടെ എല്ലാ സ്വകാര്യ ബിസിനസുകൾക്ക് 5G സ്പെക്ട്രം ഉപയോഗപ്പെടുത്തുന്നു
  • വിശദീകരണം തൃപ്തികരമല്ലെങ്കിൽ കനത്ത പിഴ ഈടാക്കിയേക്കും.


കേന്ദ്രസർക്കാരിൽ നിന്ന് 5ജി സ്‌പെക്ട്രം ലേലത്തിലൂടെ സ്വന്തമാക്കി ഒന്നരവർഷം കഴിഞ്ഞിട്ടും ഔദ്യോഗികമായി 5 ജി സേവനം നൽകാൻ കഴിയാതെ വോഡഫോൺ ഐഡിയയും, അദാനി ഡേറ്റ നെറ്റ്‌വർക്കും. സമയപരിധി കഴിഞ്ഞിട്ടും സേവനം ആരംഭിക്കാത്തതിന്റെ വിശദീകരണം തേടി ഇരു കമ്പനികള്‍ക്കും ടെലികോം മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസിന്‌ മറുപടി നല്‍കാന്‍ കമ്പനികള്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കനത്ത പിഴ ഈടാക്കിയേക്കും.

വോഡഫോൺ ഐഡിയയ്ക്ക് 14 മുതൽ 15 കോടി രൂപയും അദാനി ഡേറ്റ നെറ്റ്‌വർക്‌സിന് 5 മുതൽ 6 കോടി രൂപയും വരെ പിഴ ലഭിക്കാനുള്ള സാധ്യതയുണ്ട്.

വോഡഫോൺ ഐഡിയ 2022 ഓഗസ്റ്റിൽ 18,800 കോടി രൂപയ്ക്ക് 3300 MHz, 26 GHz ബാൻഡുകളിലെ 5ജി സ്‌പെക്‌ട്രം വാങ്ങി. 2022 ജൂലൈയിൽ അദാനി ഡാറ്റ 212 കോടി രൂപയ്ക്ക് 26 GHz ബാൻഡിലെ 400 MHz സ്പെക്‌ട്രം വാങ്ങി.

വോഡഫോൺ ഐഡിയ 2023 ഓഗസ്റ്റിനകം 5ജി സേവനം ആരംഭിക്കേണ്ടതായിരുന്നു, പക്ഷേ ഇത് പാലിച്ചിട്ടില്ല. അദാനി ഡാറ്റ 5ജി സേവനം എങ്ങനെ വിന്യസിക്കുമെന്ന് ഇപ്പോഴും തീരുമാനിച്ചിട്ടില്ല. അദാനി തങ്ങളുടെ എല്ലാ സ്വകാര്യ ബിസിനസുകൾക്കും ആണ് ഇപ്പോൾ 5G സ്പെക്ട്രം ഉപയോഗപ്പെടുത്തുന്നത്.

ഇരു കമ്പനികളും 5ജി സേവനം ആരംഭിക്കാത്തതിൽ ടെലികോം മന്ത്രാലയം അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ട്.

ഒന്നാം വർഷ 5G റോൾഔട്ട് ബാധ്യതകൾ പ്രകാരം, ഓപ്പറേറ്റർമാർ മെട്രോയിലും നോൺ-മെട്രോ സർക്കിളുകളിലും വാണിജ്യപരമായി സേവനങ്ങൾ ആരംഭിക്കേണ്ടതുണ്ട്. എന്നാൽ ഒരു വർഷത്തിലേറെയായി, വോഡഫോൺ ഐഡിയയും അദാനി ഡാറ്റ നെറ്റ്‌വർക്കുകളും രാജ്യത്ത് ഒരു നഗരത്തിൽ പോലും ഇത് വരെ വാണിജ്യപരമായി 5G സേവനങ്ങൾ ആരംഭിച്ചിട്ടില്ല.