image

20 Feb 2025 2:54 PM IST

News

ഡെല്‍ഹിയെ ഇനി രേഖ ഗുപ്ത നയിക്കും

MyFin Desk

rekha gupta will now lead delhi
X

Summary

  • ആദ്യമായി എംഎല്‍എ ആയി, പിന്നാലെ മുഖ്യമന്ത്രിയും
  • ചടങ്ങില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും


ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു. രാംലീല മൈതാനിയില്‍ നടന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേന സത്യവാചകം ചൊല്ലിക്കൊടുത്തു. വന്‍ ജനാവലിയെ സാക്ഷിനിര്‍ത്തിയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.

ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാര്‍, എന്‍ഡിഎ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രേഖാ ഗുപ്തയ്ക്കൊപ്പം ഉപമുഖ്യമന്ത്രിയായി പര്‍വേഷ് സാഹിബ് സിംഗും മന്ത്രിമാരായി ആശിഷ് സൂദ്, മഞ്ജീന്ദര്‍ സിംഗ് സിര്‍സ, രവീന്ദര്‍ ഇന്ദ്രജ് സിംഗ്, കപില്‍ മിശ്ര, പങ്കജ് കുമാര്‍ സിംഗ് എന്നിവരും ഡല്‍ഹി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഇതില്‍ കപില്‍ മിശ്ര മു്ന്‍ എഎപി നേതാവാണ്.

സിനിമാതാരങ്ങളും വ്യവസായികളും മറ്റ് പ്രമുഖരും അടങ്ങുന്നതായിരുന്നു ചടങ്ങ്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിയെ 29,595 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി ഷാലിമാര്‍ ബാഗ് നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് രേഖ ഗുപ്ത വിജയിച്ചെത്തിയത്. 70 അംഗ നിയമസഭയില്‍ 48 സീറ്റുകള്‍ നേടിയാണ് 27 വര്‍ഷത്തിന് ശേഷം പാര്‍ട്ടി ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്.

ആദ്യമായാണ് മഹിളാ മോര്‍ച്ചാ ദേശീയ ഉപാധ്യക്ഷയായ രേഖ ഗുപ്ത എംഎല്‍എ ആകുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

മഹിളാ സമൃദ്ധി യോജനയ്ക്ക് കീഴില്‍ സ്ത്രീകള്‍ക്കുള്ള വരുമാന പിന്തുണയുടെ ആദ്യ ഗഡു, പ്രതിമാസം 2,500രൂപ മാര്‍ച്ച് 8-നകം അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുമെന്ന് സത്യപ്രതിജ്ഞക്കുശേഷം രേഖാ ഗുപ്ത പറഞ്ഞു.