image

25 Jan 2026 1:23 PM IST

News

റിപ്പബ്ലിക് ദിനാഘോഷം നാളെ; പഴുതടച്ച സുരക്ഷയില്‍ ഡെല്‍ഹി

MyFin Desk

റിപ്പബ്ലിക് ദിനാഘോഷം നാളെ;  പഴുതടച്ച സുരക്ഷയില്‍ ഡെല്‍ഹി
X

Summary

77-മത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും മുഖ്യാതിഥികളായി പങ്കെടുക്കും. ആഘോഷങ്ങളുടെ ഭാഗമായി പഴുതടച്ച സുരക്ഷയാണ് ദേശീയതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്


റിപ്പബ്ലിക് ദിനാഘോഷം നാളെ. സുരക്ഷയുടെ കോട്ടകെട്ടി ദേശീയ തലസ്ഥാനം. റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഏകദേശം 10,000 വിശിഷ്ടാതിഥികളാണ് പങ്കെടുക്കുക. ഈ വര്‍ഷം, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും മുഖ്യാതിഥികളായി തിങ്കളാഴ്ച നടക്കുന്ന പ്രൗഢഗംഭീരമായ പരിപാടിയില്‍ പങ്കെടുക്കും.

ജനുവരി 25 മുതല്‍ 27 വരെ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഇന്ത്യയിലുണ്ടാകും. ഈ സാഹചര്യത്തില്‍ ഇരൂകൂട്ടരും വ്യാപാര കരാറില്‍ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനെ വോണ്‍ ഡെര്‍ ലെയ്ന്‍ ' എല്ലാ ഇടപാടുകളുടെയും മാതാവ് ' എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. പത്മാ പുരസ്‌കാരങ്ങളും സൈനിക ബഹുമതികളുടെ ഇന്ന് പ്രഖ്യാപിക്കും.

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി പഴുതടച്ച സുരക്ഷയാണ് ദേശീയതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. മറ്റ് വലിയ നഗരങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഇത്തവണ റിപ്പബ്ലിക് ദിനത്തില്‍ ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സുരക്ഷാസേന മഹാനഗരത്തിന്റെ മുക്കുംമൂലയും അരിച്ചു പരിശോധിക്കുകയാണ്. സിസിടിവികളുടെ എണ്ണവും വര്‍ധിപ്പിച്ചു. വലിയ പരിശോധനകളും നടക്കുന്നുണ്ട്.

ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ആദ്യമായി അവതരിപ്പിക്കുന്ന പ്രതിരോധ സംവിധാനങ്ങളും കാണാവുന്നതാണ്. ആഴത്തിലുള്ള ആക്രമണ ശേഷിയുള്ള റോക്കറ്റ് ലോഞ്ചര്‍ സിസ്റ്റം 'സൂര്യസ്ത്ര', അതിലൊന്നാണ്. ഭൈരവ് ലൈറ്റ് കമാന്‍ഡോ ബറ്റാലിയന്‍, സാന്‍സ്‌കാര്‍ പോണികള്‍, ബാക്ട്രിയന്‍ ഒട്ടകങ്ങള്‍ എന്നിവയും ആദ്യമായി റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകുകയാണ്.

61 കുതിരപ്പടയിലെ അംഗങ്ങളും ഇത്തവണ പരേഡിലുണ്ടാകും. ആചാരപരമായ യൂണിഫോമും ശ്രദ്ധേയമായ തലപ്പാവും ധരിച്ച അംഗങ്ങള്‍ ഗംഭീര സാന്നിധ്യത്തിന് പേരുകേട്ട 61 കുതിരപ്പട, പരമ്പരാഗതമായി ആചാരപരമായ പരേഡില്‍ സായുധ സേനയുടെ മുന്‍നിര സംഘമാണ്.

പീരങ്കികളില്‍ സജ്ജീകരിച്ചിരിക്കുന്ന ശക്തിബന്‍ റെജിമെന്റിന്റെ അരങ്ങേറ്റവും പരേഡില്‍ കാണപ്പെടും. പുതുതായി ഉയര്‍ത്തിയ റെജിമെന്റില്‍ ഡ്രോണ്‍, കൗണ്ടര്‍-ഡ്രോണ്‍, ലോയിറ്റര്‍ യുദ്ധോപകരണങ്ങള്‍ എന്നിവ സജ്ജീകരിച്ചിരിക്കും.

ഏകദേശം 6,000 പ്രതിരോധ ഉദ്യോഗസ്ഥര്‍ പരേഡില്‍ പങ്കെടുക്കുമെന്ന് ഡല്‍ഹി ഏരിയ ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ നവരാജ് ധില്ലണ്‍ പറഞ്ഞു.

പരേഡില്‍ പ്രദര്‍ശിപ്പിക്കുന്ന പ്രതിരോധ ആയുധങ്ങളില്‍ ബ്രഹ്‌മോസ്, ആകാശ് മിസൈല്‍ സംവിധാനം, മീഡിയം റേഞ്ച് സര്‍ഫേസ്-ടു-എയര്‍ മിസൈല്‍ സംവിധാനം, അഡ്വാന്‍സ്ഡ് ടോവ്ഡ് ആര്‍ട്ടിലറി ഗണ്‍ സിസ്റ്റം , ധനുഷ് പീരങ്കി തോക്ക്, ശക്തിബാന്‍, ചില ഡ്രോണുകളുടെ സ്റ്റാറ്റിക് ഡിസ്‌പ്ലേ എന്നിവ ഉള്‍പ്പെടും. ഏകദേശം 90 മിനിറ്റ് നീണ്ടുനില്‍ക്കുന്ന പരേഡില്‍ പതിനെട്ട് മാര്‍ച്ചിംഗ് സംഘങ്ങളും 13 ബാന്‍ഡുകളും പങ്കെടുക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.