18 Jan 2026 11:24 AM IST
എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ''എം.ടി.ച്ച് റോബോ സമ്മിറ്റ് '' കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ് ഡയസ് ഉദ്ഘാടനം ചെയ്യുന്നു
Summary
എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'എം.ടി.എച്ച് റോബോ സമ്മിറ്റ്' റോബോട്ടിക് സര്‍ജറിയില്‍ പുതിയ അവബോധം സൃഷ്ടിച്ചു. സമ്മിറ്റിനോടനുബന്ധിച്ച് സജ്ജീകരിച്ച പ്രദര്‍ശനം ആയിരത്തിലധികം പേരാണ് സന്ദര്‍ശിച്ചത്
ആധുനിക വൈദ്യശാസ്ത്രരംഗത്തിന് വലിയ പ്രതീക്ഷ നല്‍കുന്നതാണ് റോബോട്ടിക് സര്‍ജറിയെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ് ഡയസ്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'എം.ടി.എച്ച് റോബോ സമ്മിറ്റ്' എറണാകുളം ക്രൗണ്‍ പ്ലാസയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ കണ്ടുപിടുത്തങ്ങള്‍ ഡോക്ടര്‍മാരെ ചികില്‍സാ രംഗത്ത് ഏറെ സഹായിക്കുന്നു. എന്നാല്‍ സാങ്കേതിക വിദ്യകള്‍ ഒരിക്കലും മനുഷ്യന് പകരമാകില്ല. ചികില്‍സയില്‍ രോഗികളുടെ സുരക്ഷ പ്രധാന ഘടകമാണെന്നും ജസ്റ്റിസ് സി. എസ് ഡയസ് പറഞ്ഞു. മെഡിക്കല്‍ രംഗത്തെ ആധുനികതയെ നിയമസംവിധാനവും വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. പി.വി ലൂയിസ് അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ആന്റ് കൊമേഴ്സല്‍ ഡയറക്ടര്‍ ഡോ. പി. വി തോമസ്, ഡോ. സച്ചിന്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോക്ടേഴ്സ് ലീഗ് ക്രിക്കറ്റ് ടൂര്‍മെന്റില്‍ ചാംമ്പ്യന്‍ന്മാരായ മെഡിക്കല്‍ ട്രസ്റ്റ് ടീമംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു.
തുടര്‍ന്ന് നടന്ന വൈദ്യശാസ്ത്ര സമ്മേളനത്തില്‍ റോബോട്ടിക് സര്‍ജറിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ഡോ. സച്ചിന്‍ ജോസഫ്, ഡോ. അശോക് കുമാര്‍ പിള്ള, ഡോ. ടി. സുനില്‍, ഡോ. ശ്യാം വിക്രം തുടങ്ങിയവര്‍ സംസാരിച്ചു.
ആധുനിക വൈദ്യശാസ്ത്ര മേഖലയില്‍ റോബോട്ടിക് സര്‍ജറിയുടെ പ്രാധാന്യം അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതിന്റെ പ്രയോജനങ്ങള്‍, പ്രവര്‍ത്തനം എന്നിവ സംബന്ധിച്ച് സാധാരണ ജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നേരിട്ട് കണ്ട് മനസിലാക്കുന്നതിനായി സമ്മിറ്റിനോടനുബന്ധിച്ച് ഹോട്ടല്‍ അങ്കണത്തില്‍ സജ്ജീകരിച്ച പ്രദര്‍ശനം ആയിരത്തിലധികം പേര്‍ സന്ദര്‍ശിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
