image

20 Dec 2023 6:01 PM IST

News

ദേശീയ സരസ് മേള 21 മുതല്‍ കൊച്ചിയില്‍

MyFin Desk

സരസ്‌മേള kochi | eranakulam 2023 | kudumbasree mission
X

Summary

  • കേന്ദ്രസര്‍ക്കാര്‍ സരസ് മേളയ്ക്കായി അനുവദിക്കുന്നത് 35 ലക്ഷം രൂപയാണ്
  • എറണാകുളം ജില്ലയിലെ ആദ്യത്തെ സരസ്‌മേളയ്ക്കാണ് ഇത്തവണ അതിഥ്യം വഹിക്കുന്നത്
  • മൂന്നൂറിലധികം ഭക്ഷണ വിഭവങ്ങളും 120ലധികം പാചകവിദഗ്ധരായ വനിതാ കാറ്ററിംഗ് സംരംഭകരും മേളയുടെ ഭാഗമാകും


കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ കുടുംബശ്രീ നടത്തുന്ന ദേശീയ സരസ് മേള കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ 21 ന് വൈകിട്ട് 4ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി, ടി.ജെ വിനോദ് എം.എല്‍.എ, ഉമാ തോമസ് എം.എല്‍.എ, കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, നടി നിഖിലാ വിമല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഇന്ത്യയിലെ ഗ്രാമീണ സംരംഭകരുടെ ഏറ്റവും വലിയ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേളയായ സരസ്‌മേള ഡിസംബര്‍ 21 മുതല്‍ ജനുവരി ഒന്ന് വരെയാണ് അരങ്ങേറുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വനിതാ സംരംഭകരുടെയും സ്വയംസഹായ സംഘങ്ങളുടെയും ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവുമാണ് ദേശീയ സരസ്‌മേള ലക്ഷ്യമിടുന്നത്. വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍, കലാസാംസ്‌കാരിക സായാഹ്നം, ജില്ലയിലെ വിവിധ സിഡിഎസ്സുകളുടെ നേതൃത്വത്തില്‍ നടക്കുന്ന കലാപരിപാടികളും മേളയില്‍ അരങ്ങേറും.

കൊച്ചി ദേശീയ സരസ്‌മേളയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ കുട്ടി പുഞ്ചിരി മത്സരം, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം, ഫോട്ടോഗ്രാഫി മത്സരം, ലോഗോ കോമ്പറ്റീഷന്‍, തീം ഗാനം തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്.

കുടുംബശ്രീയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള മൂന്നൂറിലധികം ഭക്ഷണ വിഭവങ്ങളും 120ലധികം പാചകവിദഗ്ധരായ വനിതാ കാറ്ററിംഗ് സംരംഭകരും അണിനിരക്കുന്ന ഇന്ത്യ ഫുഡ് കോര്‍ട്ടും മേളയുടെ ഭാഗമായി സജ്ജമാകുന്നുണ്ട്.

കേന്ദ്രസര്‍ക്കാര്‍ സരസ് മേളയ്ക്കായി അനുവദിക്കുന്നത് 35 ലക്ഷം രൂപയാണ്. കൂടാതെ സംസ്ഥാനസര്‍ക്കാര്‍ അനുവദിക്കുന്ന 50 ലക്ഷം രൂപയും, മേള നടക്കുന്ന ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നായി ലഭിക്കുന്ന തുകയും മറ്റു സ്‌പോണ്‍സര്‍ഷിപ്പുകളും ഉപയോഗിച്ചാണ് ദേശീയ സരസ്‌മേള സംഘടിപ്പിക്കുന്നത്.

കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇതുവരെ 9 സരസ് മേളകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. കുടുംബശ്രീ നടത്തുന്ന പത്താമത്തേയും എറണാകുളം ജില്ലയിലെ ആദ്യത്തെയും സരസ്‌മേളയ്ക്കാണ് ജില്ല ഇത്തവണ അതിഥ്യം വഹിക്കുന്നത്.

നഞ്ചിയമ്മ, സ്റ്റീഫന്‍ ദേവസി, ആശ ശരത്, പ്രശാന്ത് നാട്ടുപൊലിമ, റിമിടോമി, രമ്യ നമ്പീശന്‍, രൂപ രേവതി, സുദീപ് പലനാട്, ഷഹബാസ് അമന്‍, പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ എന്നീ പ്രമുഖര്‍ അവതരിപ്പിക്കുന്ന കലാവിരുന്നുകളും മേളയില്‍ അരങ്ങേറുന്നുണ്ട്.