image

12 Jan 2026 9:02 PM IST

News

SBI-എടിഎം ഉപയോഗത്തിന് ഇനി കൂടുതല്‍ ചെലവ്; നിരക്കുകള്‍ വര്‍ധിപ്പിച്ച് എസ്ബിഐ

MyFin Desk

sbi says rbi may cut interest rates by 50 basis points
X

എടിഎം ഇടപാടുകളിലെ സേവന നിരക്കുകള്‍ വര്‍ധിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). എടിഎം, ഡിപ്പോസിറ്റ് കം വിഡ്രോവല്‍ മെഷീന്‍ (എഡിഡബ്ല്യുഎം) വഴിയുള്ള ഇടപാടുകളിലാണ് പുതിയ നിരക്കുകള്‍ ബാധകമാക്കിയത്. സൗജന്യ ഇടപാട് പരിധി കഴിഞ്ഞ് മറ്റ് ബാങ്കുകളുടെ എടിഎമ്മുകള്‍ ഉപയോഗിക്കുന്ന സേവിങ്സ്, സാലറി അക്കൗണ്ട് ഉടമകളെയാണ് ഈ മാറ്റങ്ങള്‍ പ്രധാനമായും ബാധിക്കുക.

ഡിസംബര്‍ ഒന്നുമുതല്‍ പുതിയ നിരക്കുകള്‍

2025 ഡിസംബര്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പുതുക്കിയ എടിഎം നിരക്കുകള്‍ ഈടാക്കുന്നത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് എസ്ബിഐ അവസാനമായി എടിഎം ഇടപാട് നിരക്കുകള്‍ വര്‍ധിപ്പിച്ചത്.

പണം പിന്‍വലിക്കുമ്പോള്‍ കൂടുതല്‍ തുക നല്‍കണം

സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാല്‍ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ഓരോ ഇടപാടിനും 23 രൂപയും ജിഎസ്ടിയും ഇനി എസ്ബിഐ ഉപഭോക്താക്കള്‍ നല്‍കണം. മുന്‍പ് ഇത് 21 രൂപ + ജിഎസ്ടി ആയിരുന്നു.

സാമ്പത്തികേതര ഇടപാടുകള്‍ക്കും വര്‍ധന

ബാലന്‍സ് പരിശോധിക്കല്‍, മിനി സ്റ്റേറ്റ്മെന്റുകള്‍ പോലുള്ള സാമ്പത്തികേതര ഇടപാടുകള്‍ക്ക് ഇനി 11 രൂപ + ജിഎസ്ടി നല്‍കേണ്ടിവരും. മുമ്പ് ഈ നിരക്ക് 10 രൂപ + ജിഎസ്ടി ആയിരുന്നു.

സാലറി അക്കൗണ്ട് ഉടമകള്‍ക്ക് സൗജന്യ പരിധി തുടരും

സാലറി അക്കൗണ്ട് ഉടമകള്‍ക്ക് മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ പ്രതിമാസം 10 സൗജന്യ ഇടപാടുകള്‍ ഇപ്പോഴും ലഭ്യമാകും. ഈ പരിധി കഴിഞ്ഞാല്‍ മാത്രമാണ് പുതുക്കിയ നിരക്കുകള്‍ ബാധകമാകുക.

എടിഎം പരിപാലന ചെലവുകളും സേവന ചെലവുകളും വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിരക്കുകള്‍ ഉയര്‍ത്തിയതെന്നാണ് ബാങ്കിംഗ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇതോടെ ഉപഭോക്താക്കള്‍ ഡിജിറ്റല്‍ ബാങ്കിംഗ് മാര്‍ഗങ്ങള്‍ കൂടുതല്‍ ആശ്രയിക്കേണ്ട സാഹചര്യം രൂപപ്പെടുകയാണ്.