15 April 2025 3:56 PM IST
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( SBI ) വായ്പാ പലിശ നിരക്ക് കുറച്ചു. ബാങ്കിന്റെ എക്‌സ്റ്റേണൽ ബെഞ്ച്മാർക്ക് ബേസ്ഡ് ലെൻഡിംഗ് റേറ്റ് (ഇബിഎൽആർ) 0.25 ശതമാനമാണ് കുറച്ചത്. ഇതോടെ 8.90 ശതമാനമായിരുന്ന ഇബിഎൽആർ 8.65 ശതമാനമായി മാറി. കഴിഞ്ഞയാഴ്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെയാണ് എസ്ബിഐ വായ്പ പലിശ കുറച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ എസ്ബിഐയുടെ എംസിഎൽആർ (ബാങ്ക് ഉപഭോക്താക്കൾക്ക് ഈടാക്കുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്ക്) നിരക്കിൽ മാറ്റമില്ല. എസ്‌ബിഐയുടെ ഒരു വർഷത്തെ എംസിഎൽആർ 9 ശതമാനവും മൂന്ന് വർഷത്തെ എംസിഎൽആർ 9.10 ശതമാനവുമാണ്.