16 March 2026 8:54 PM IST
Summary
നിലവില്‍ 22 ഇന്ത്യന്‍ കപ്പലുകളും 611 നാവികരും പേര്‍ഷ്യന്‍ ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതില്‍ ആറ് എല്‍.പി.ജി ടാങ്കറുകള്‍ക്ക് മുന്‍ഗണന നല്‍കി സുരക്ഷിതമായി പുറത്തെത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്
ഹോര്‍മുസ് കടലിടുക്കിലൂടെ ഇന്ത്യന്‍ കപ്പലുകളുടെ സഞ്ചാരത്തിന് സുരക്ഷ ഉറപ്പാക്കുന്നതിന് ഉപാധികള്‍ മുന്നോട്ടുവെച്ച് ഇറാന്‍. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇന്ത്യ പിടിച്ചെടുത്ത മൂന്ന് ഇറാനിയന്‍ ടാങ്കറുകള്‍ വിട്ടയയ്ക്കണമെന്നും, അത്യാവശ്യ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും ലഭ്യമാക്കണമെന്നുമാണ് ടെഹ്‌റാന്‍ മുന്നോട്ടുവെച്ചിട്ടുള്ള പ്രധാന ആവശ്യങ്ങള്‍.
ന്യൂഡല്‍ഹിയിലെ ഇറാന്‍ അംബാസഡര്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ ഉപാധികള്‍ മുന്നോട്ടുവെച്ചത്. ഫെബ്രുവരിയില്‍ ഇന്ത്യന്‍ തീരത്ത് വെച്ച് പിടികൂടിയ ആസ്ഫാല്‍റ്റ് സ്റ്റാര്‍, അല്‍ ജാഫ്സിയ, സ്റ്റെല്ലാര്‍ റൂബി എന്നീ കപ്പലുകളെ ചൊല്ലിയാണ് നിലവില്‍ തര്‍ക്കം നിലനില്‍ക്കുന്നത്. കടലില്‍ വെച്ച് നിയമവിരുദ്ധമായി ഇന്ധനം കൈമാറ്റം ചെയ്തതിനും ഐഡന്റിറ്റികള്‍ മറച്ചുവെച്ചതിനുമാണ് ഈ കപ്പലുകള്‍ക്കെതിരെ ഇന്ത്യ നടപടിയെടുത്തത്. നിലവില്‍ മുംബൈ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന ഈ കപ്പലുകള്‍ വിട്ടുകിട്ടുന്നത് തങ്ങളുടെ തന്ത്രപ്രധാന നീക്കങ്ങള്‍ക്ക് അനിവാര്യമാണെന്നാണ് ഇറാന്റെ നിലപാട്.
അമേരിക്കയും ഇസ്രയേലും ഇറാനില്‍ നടത്തുന്ന ആക്രമണങ്ങളെത്തുടര്‍ന്ന് പേര്‍ഷ്യന്‍ ഗള്‍ഫ് മേഖല യുദ്ധസമാനമായ അന്തരീക്ഷത്തിലാണ്. ലോകത്തെ എണ്ണ-വാതക വിതരണത്തിന്റെ സിരയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ഇതേത്തുടര്‍ന്ന് കുത്തനെ കുറഞ്ഞു. നിലവില്‍ 22 ഇന്ത്യന്‍ കപ്പലുകളും 611 നാവികരും പേര്‍ഷ്യന്‍ ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതില്‍ ആറ് എല്‍.പി.ജി ടാങ്കറുകള്‍ക്ക് മുന്‍ഗണന നല്‍കി സുരക്ഷിതമായി പുറത്തെത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.
ഇന്ത്യയുടെ പാചകവാതക ഇറക്കുമതിയുടെ 90 ശതമാനവും ഗള്‍ഫ് മേഖലയെ ആശ്രയിച്ചായതിനാല്‍ ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷ രാജ്യത്തിന് അതീവ നിര്‍ണ്ണായകമാണ്. ചര്‍ച്ചകളുടെ ഭാഗമായി അടുത്തിടെ രണ്ട് ഇന്ത്യന്‍ എല്‍.പി.ജി ടാങ്കറുകള്‍ക്ക് കടന്നുപോകാന്‍ ഇറാന്‍ അനുമതി നല്‍കിയിരുന്നു. ഇതിലൊന്ന് കഴിഞ്ഞ ദിവസം മുന്ദ്ര തുറമുഖത്ത് സുരക്ഷിതമായി എത്തിച്ചേര്‍ന്നു. എങ്കിലും ബാക്കിയുള്ള കപ്പലുകളുടെ സുരക്ഷയും ഊര്‍ജ്ജ പ്രതിസന്ധിയും പരിഹരിക്കാന്‍ ഇറാന്റെ ആവശ്യങ്ങളോട് ഇന്ത്യ എങ്ങനെ പ്രതികരിക്കുമെന്നത് വിദേശ രാജ്യങ്ങള്‍ ഉറ്റുനോക്കുന്നു.
പിടിച്ചെടുത്ത കപ്പലുകള്‍ വിട്ടുകൊടുക്കുന്നതിനൊപ്പം മാനുഷിക പരിഗണന മുന്‍നിര്‍ത്തി മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും നല്‍കുന്ന കാര്യത്തില്‍ ഇന്ത്യ ഉടന്‍ തീരുമാനമെടുത്തേക്കും. ഇത് സമുദ്രപാതയിലെ തടസ്സങ്ങള്‍ നീക്കുന്നതിനും ഇന്ത്യന്‍ നാവികരുടെ സുരക്ഷിതമായ തിരിച്ചുവരവിനും വഴിതെളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
