image

24 Nov 2026 12:33 PM IST

News

ബംഗ്ലാദേശിലേക്ക് മടങ്ങാന്‍ ഷെയ്ഖ് ഹസീന; വിമാനമൊരുക്കണമെന്ന് ആവശ്യം, അറസ്റ്റുണ്ടാകുമെന്ന് ധാക്ക

MyFin Desk

ബംഗ്ലാദേശിലേക്ക് മടങ്ങാന്‍ ഷെയ്ഖ് ഹസീന;   വിമാനമൊരുക്കണമെന്ന് ആവശ്യം, അറസ്റ്റുണ്ടാകുമെന്ന് ധാക്ക
X

Summary

ഹസീനയുടെ തിരിച്ചുവരവിനുള്ള ആവശ്യത്തോട് ബംഗ്ലാദേശ് സര്‍ക്കാര്‍ അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. ഇനി എന്തു സംഭവിക്കും?


രണ്ട് വര്‍ഷത്തിലേറെയായി ഇന്ത്യയില്‍ കഴിയുന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നാട്ടിലേക്ക് മടങ്ങാന്‍ തീയതി പ്രഖ്യാപിച്ചു. 1971-ല്‍ പാകിസ്ഥാനില്‍നിന്ന് ബംഗ്ലാദേശ് സ്വതന്ത്രമായതിന്റെ സ്മരണയ്ക്കായി ആചരിക്കുന്ന വിജയദിനമായ ഡിസംബര്‍ 16-ന് ധാക്കയിലെത്താനാണ് ഹസീനയുടെ തീരുമാനം. ഡല്‍ഹിയില്‍നിന്ന് ധാക്കയിലേക്ക് ദേശീയ വിമാനക്കമ്പനിയായ ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സില്‍ യാത്ര ഒരുക്കണമെന്ന് അവര്‍ ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹസീനയുടെ വക്താവ് സയ്യിദ് മൊസാമ്മല്‍ അലി ചൊവ്വാഴ്ച റോയിട്ടേഴ്സിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2024 ഓഗസ്റ്റ് അഞ്ചിന് ബംഗ്ലാദേശ് വിമാനത്തിലാണ് ഹസീന ഇന്ത്യയിലെത്തിയതെന്നും അതിനാല്‍ തിരിച്ചുപോക്കിനും സര്‍ക്കാര്‍ സൗകര്യമൊരുക്കണമെന്നുമാണ് അവരുടെ ആവശ്യം.

എന്നാല്‍ ഹസീനയുടെ തിരിച്ചുവരവിനുള്ള ആവശ്യത്തോട് ബംഗ്ലാദേശ് സര്‍ക്കാര്‍ അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള കൈമാറല്‍ ഉടമ്പടി പ്രകാരം മാത്രമേ അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനാകൂവെന്ന് വിദേശകാര്യ സഹമന്ത്രി ഹുമയൂണ്‍ കോബിര്‍ വ്യക്തമാക്കി. തിരിച്ചെത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹസീനയ്ക്കായി പ്രത്യേക വിമാനം അയയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും ബംഗ്ലാദേശ് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, ഹസീനയുടെ ആവശ്യം സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് പുതിയ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.

2024-ല്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഉത്തരവിട്ടെന്ന കേസില്‍ 2025 നവംബറില്‍ ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ ഹസീനയ്ക്ക് അസാന്നിധ്യത്തില്‍ വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ അവര്‍ നിഷേധിച്ചിട്ടുണ്ട്. പ്രക്ഷോഭത്തിനിടെ 1,400 പേര്‍ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ഹസീനയുടെ അവാമി ലീഗിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും രാജ്യത്ത് വിലക്കുണ്ട്. ഈ സാഹചര്യത്തില്‍ തിരിച്ചുവരവ് രാഷ്ട്രീയവും നിയമപരവുമായ പുതിയ പ്രതിസന്ധികള്‍ക്ക് വഴിവെച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

അതിനിടെ, പുതിയ പാസ്പോര്‍ട്ടിനും ദേശീയ തിരിച്ചറിയല്‍ കാര്‍ഡിനുമായി ഹസീനയുടെ പ്രതിനിധികള്‍ ന്യൂഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനെ സമീപിച്ചിരുന്നു. 2024 ഓഗസ്റ്റില്‍ ഇന്ത്യയിലേക്ക് പലായനം ചെയ്തതിനു പിന്നാലെ അവരുടെ യാത്രാരേഖകള്‍ റദ്ദാക്കിയിരുന്നു. തിരിച്ചുവരവിനുള്ള നീക്കങ്ങള്‍ക്കിടെ ബംഗ്ലാദേശില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളും തെരുവ് അക്രമങ്ങളും വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഹസീനയുടെ അനുയായികള്‍ തിരിച്ചുവരവിനെ അനുകൂലിച്ച് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചപ്പോള്‍ വിവിധയിടങ്ങളില്‍ ബോംബേറുകളും തീവെപ്പുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഡിസംബര്‍ 16-ന് മടങ്ങാനുള്ള ഹസീനയുടെ പ്രഖ്യാപനം നടപ്പാകുമോ എന്നതിലുപരി, അതിന് ബംഗ്ലാദേശ് സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതും ഇനി നിര്‍ണായകമാകും.