image

18 Nov 2025 6:00 PM IST

News

പറക്കും ടാക്‌സി ആന്ധ്രയില്‍ ഒരുങ്ങും; 'സ്‌കൈ ഫാക്ടറി' തുടങ്ങുന്നത് അനന്തപ്പൂരില്‍

MyFin Desk

പറക്കും ടാക്‌സി ആന്ധ്രയില്‍ ഒരുങ്ങും;  സ്‌കൈ ഫാക്ടറി തുടങ്ങുന്നത് അനന്തപ്പൂരില്‍
X

Summary

ആറ് സീറ്റര്‍ ഇലക്ട്രിക് ഫ്‌ളൈയിംഗ് ടാക്‌സിയാണ് രൂപകല്‍പ്പന ചെയ്യുന്നത്


ഇലക്ട്രിക് എയര്‍ടാക്‌സി നിര്‍മ്മാണ രംഗത്ത് രണ്ടും കല്‍പ്പിച്ച് ആന്ധ്രാപ്രദേശ്. ഇന്ത്യയിലെ തിരക്കേറിയ മെട്രോകളിലെ യാത്രാസമയം കുറയ്ക്കുക എന്നലക്ഷ്യത്തോടെ ആറ് സീറ്റര്‍ ഇലക്ട്രിക് ഫ്‌ളൈയിംഗ് ടാക്‌സിയാണ് രൂപകല്‍പ്പന ചെയ്യുന്നത്. രാജ്യത്തെ മെട്രോ സിറ്റി യാത്രകളുടെ സമവാക്യം മാറ്റാന്‍ ഈ സംരംഭത്തിനു കഴിയുമെന്നാണ് വിശ്വാസം.

രാജ്യത്തെ ആദ്യത്തെ ഗിഗാ സ്‌കെയില്‍ ഇലക്ട്രിക് എയര്‍ ടാക്‌സി ഹബ്ബ് ആന്ധ്രയിലെ അനന്തപ്പൂരിലാണ് സ്ഥാപിക്കുക. 'സ്‌കൈ ഫാക്ടറി' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി കര്‍ണാടക ആസ്ഥാനമായുള്ള സര്‍ല ഏവിയേഷനുമായി സഹകരിച്ചാണ്

വികസിപ്പിക്കുക. സര്‍ല ഏവിയേഷന്‍ 1,300 കോടി രൂപ ഇതിനായി നിക്ഷേപിക്കും.

ഈ അത്യാധുനിക സൗകര്യം ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് (ഇവിടിഒഎല്‍) വിമാനങ്ങള്‍ നിര്‍മ്മിക്കും.ഇത് ഭാവിയിലെ വ്യോമയാന സാങ്കേതികവിദ്യകളില്‍ ഇന്ത്യയെ ആഗോള മത്സരാര്‍ത്ഥിയാക്കും.

അനന്തപൂര്‍ ജില്ലയിലെ തിമ്മസമുദ്രത്തില്‍ 500 ഏക്കറില്‍ സ്ഥാപിക്കുന്ന സ്‌കൈ ഫാക്ടറി ആയിരക്കണക്കിന് ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിവര്‍ഷം 1,000 പുതുതലമുറ വിമാനങ്ങള്‍ വരെ നിര്‍മ്മിക്കാനുള്ള ശേഷി ഈ സൗകര്യത്തിനുണ്ടാകും.ഘട്ടം ഘട്ടമായി പദ്ധതി പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യ ഘട്ടത്തില്‍ 330 കോടി നിക്ഷേപവും 150 ഏക്കര്‍ വിസ്തൃതിയുള്ള ഒരു നിര്‍മ്മാണ, പരീക്ഷണ കാമ്പസിന്റെ വികസനവും നടക്കും.

പദ്ധതി ഇന്ത്യയുടെ എയ്റോസ്പേസ് മൂല്യ ശൃംഖലയെ ഉത്തേജിപ്പിക്കുകയും പുതിയ ഹൈടെക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ഇറക്കുമതി ചെയ്ത വ്യോമയാന സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യും.2029 ഓടെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

അനന്തപൂരില്‍ സ്ഥാപിക്കുന്ന ഈ സൗകര്യം കാലിഫോര്‍ണിയ, മ്യൂണിക്ക് പോലുള്ള ആഗോള അഡ്വാന്‍സ്ഡ്-എയര്‍-മൊബിലിറ്റി ഹബ്ബുകളുടെ മാതൃകയിലായിരിക്കും. ഇത് ഇന്ത്യയെ അടുത്ത തലമുറ വ്യോമയാന ഭൂപടത്തില്‍ ഉറപ്പിച്ചു നിര്‍ത്തും.

സിഐഐ പങ്കാളിത്ത ഉച്ചകോടിയില്‍ സര്‍ല ഏവിയേഷനും ആന്ധ്രാപ്രദേശ് എയര്‍പോര്‍ട്ട് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡും (എപിഎഡിസിഎല്‍) ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരുന്നു.

ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് നായിഡു പ്രഖ്യാപിച്ചത് രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് ഡ്രോണ്‍ ടാക്‌സികള്‍ കാണുമെന്നാണ്.അതിനു ദിവസങ്ങള്‍ക്കമാണ് നടപടികള്‍.