13 Sept 2023 4:32 PM IST
Summary
- 1970 സെപ്റ്റംബര്‍ ഒന്നിന്റെ താപനിലയാണ് ഇപ്പോള്‍ പഴങ്കഥയായത്
- സാധാരണ താപനിലയേക്കാള്‍ ആറ് ഡിഗ്രി കൂടുതലാണ് ശ്രീനഗറില്‍
ശ്രീനഗറിലെ കുളിരുമാഞ്ഞു. കടുത്ത ചൂടിലേക്ക് ആഗോള വിനോദ സഞ്ചാരകേന്ദ്രം എത്തി. അരനൂറ്റാണ്ടിനിടയില്‍ സെപ്റ്റംബറില്‍ പിറന്ന ഏറ്റവും ചൂടുകൂടിയ ദിവസമായിരുന്നു 12 -ാം തീയതി ചൊവ്വാഴ്ച. മഞ്ഞണിഞ്ഞ താഴ് വാരത്തിലെ പകല്‍ താപനില 34.2 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. മുന്‍കാലത്തെ ഏറ്റവും ഉയർന്ന ചൂട് 1970 സെപ്റ്റംബര്‍ ഒന്നിലെ 33.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഇതാണ് കഴിഞ്ഞ ദിവസം മാറ്റിക്കുറിക്കപ്പെട്ടത്. 1934 സെപ്റ്റംബര്‍ 28-നാണ് ശ്രീനഗറിലെ എക്കാലത്തെയും ഉയര്‍ന്ന സെപ്റ്റംബര്‍ മാസ താപനില രേഖപ്പെടുത്തിയത്. അന്ന് 35 ഡിഗ്രി സെല്‍ഷ്യസില്‍ താപ നില എത്തിയിരുന്നു.
ശ്രീനഗറിലെ ഉയര്‍ന്ന താപനില സെപ്റ്റംബര്‍ 12 ന് 34.2 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയതായി പ്രാദേശിക കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ സോനം ലോട്ടസ് ആണ് വെളിപ്പെടുത്തിയത്. ഇത് സാധാരണ താപനിലയേക്കാള്‍ ആറ് ഡിഗ്രി കൂടുതലാണ്. ഈ അസാധാരണ ഉഷ്ണതരംഗം 53 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് തകര്‍ത്തതെന്ന് ലോട്ടസ് പറഞ്ഞു
അനന്ത്നാഗ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഖാസിഗണ്ടിലും റെക്കോര്‍ഡ് താപനില അനുഭവപ്പെട്ടു. പരമാവധി 33.2 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇവിടെ രേഖപ്പെടുത്തിയത്. സാധാരണയില്‍ നിന്ന് 6.7 ഡിഗ്രി വ്യത്യാസമാണ് ഇവിടെ ഉണ്ടായത്. 2019 സെപ്റ്റംബര്‍ 12 ന് രേഖപ്പെടുത്തിയ 32.8 ഡിഗ്രി സെല്‍ഷ്യസ് എന്ന ഏറ്റവും ഉയര്‍ന്ന താപനിലയെ ഇത് മറികടന്നു.
കശ്മീരില്‍ നാലോ അഞ്ചോ ദിവസം കൂടി ഉഷ്ണതരംഗം നീണ്ടുനില്‍ക്കുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അന്തരീക്ഷത്തിലെ ഈര്‍പ്പം കുറയുന്നതോടെ കാലാവസ്ഥ കൂടുതല്‍ കഠിനമാകുകയാണ്.
ജമ്മു-കശ്മീര്‍ സംസ്ഥാനത്ത് അടുത്ത ആഴ്ചയും തുടര്‍ച്ചയായി മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടുത്ത വരള്‍ച്ചയില്‍ ഝലം നദീതടം വറ്റിവരളുകയുമാണ്.
പഠിക്കാം & സമ്പാദിക്കാം
Home
