2 Jun 2026 5:38 PM IST
ഡ്രോൺ സാങ്കേതിക വിദ്യയിലെ കിടിലൻ സ്റ്റാർട്ടപ്പ് , ഫോബ്‌സ് പട്ടികയിൽ ഇടംനേടി മലയാളി
MyFin Desk
Summary
ഫോബ്‌സ് പട്ടികയിൽ ഇടംനേടി മലയാളി ദേവൻ ചന്ദശേഖരൻ. ശ്രദ്ധ നേടി എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്യൂസ്‌ലേജ് ഇന്നൊവേഷൻസ്
കൊച്ചി: ഫോബ്‌സ് പട്ടികയില്‍ ഇടം നേടി മലയാളി യുവ സംരംഭകൻ. 30 വയസിൽ താഴെയുള്ളവരുടെ ഏഷ്യയിലെ പട്ടികയിലാണ് ‘ഫ്യൂസ്‌ലേജ് ഇന്നൊവേഷൻസ്’ സ്ഥാപകനായ ദേവൻ ചന്ദ്രശേഖരൻ ഇടം നേടിയത്. കേരള സ്റ്റാർട്ടപ്പ് മിഷനില്‍ (കെഎസ് യുഎം) ഇൻകുബേറ്റ് ചെയ്ത ഡ്രോൺ സാങ്കേതികവിദ്യാ സ്റ്റാര്‍ട്ടപ്പാണിത്. വ്യവസായം, ഉത്പാദനം, ഊർജ്ജം എന്നീ വിഭാഗങ്ങളിലെ മികച്ച സംഭാവനകളും തദ്ദേശീയ സാങ്കേതികവിദ്യാ വികസനത്തിലെ മുന്നേറ്റങ്ങളും കണക്കിലെടുത്താണ് നേട്ടം.
എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്യൂസ്‌ലേജ് ഇന്നൊവേഷൻസ്, കൃഷി, വ്യവസായം, ദുരന്തനിവാരണം, പ്രതിരോധം, നിരീക്ഷണം തുടങ്ങിയ മേഖലകൾക്കായി അത്യാധുനിക ഓട്ടണോമസ് വിമാനങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിൽ ഇപ്പോൾ രാജ്യത്തെ മുന്‍നിരയിലുള്ള സ്ഥാപനമാണ്.
എയറോസ്‌പേസ് എഞ്ചിനീയറായ ദേവൻ ചന്ദ്രശേഖരന്‍ 2020-ലാണ് ഫ്യൂസലേജിന് തുടക്കം കുറിച്ചത്. കേന്ദ്ര സർക്കാരിന്റെ നാഷണൽ സ്റ്റാർട്ടപ്പ് അവാർഡ് (ആസ്പയര്‍) ഉൾപ്പെടെ നിരവധി ദേശീയ-സംസ്ഥാന പുരസ്കാരങ്ങള്‍ ഈ സ്റ്റാർട്ടപ്പ് സ്വന്തമാക്കിയിട്ടുണ്ട്. ഡ്രോൺ വഴിയുള്ള കൃത്യതാ കൃഷിരീതികള്‍,(പ്രിസിഷന്‍ അഗ്രികള്‍ച്ചര്‍), കീടനാശിനി തളിക്കൽ, ഏരിയൽ ഇന്റലിജൻസ് എന്നിവയിലൂടെ പതിനായിരക്കണക്കിന് കർഷകർ ഫ്യൂസലേജിന്റെ സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
ഫോബ്‌സ് പട്ടികയിലെ അംഗീകാരം ഫ്യൂസ്‌ലേജ് ടീമിന്റെ കൂട്ടായ പരിശ്രമത്തിനുള്ള അംഗീകാരമാണെന്ന് ദേവൻ ചന്ദ്രശേഖരൻ പറയുന്നു. ആഗോളതലത്തിൽ മത്സരക്ഷമതയുള്ള ഡീപ്-ടെക്, എയറോസ്‌പേസ് സൊല്യൂഷനുകൾ ഇന്ത്യയിൽ നിർമ്മിക്കുക എന്ന ലക്ഷ്യത്തിന് ഇത് കൂടുതൽ കരുത്ത് പകരും.
അന്താരാഷ്ട്ര വിപണിയിലും
10 കിലോഗ്രാം ഭാരം വഹിക്കാൻ ശേഷിയുള്ള ഫ്യൂസ്‌ലേജിന്റെ 'എഫ്ഐഎ ക്യുഡി10' ഡ്രോണുകൾ കൃഷി, വിത്ത് വിതയ്ക്കല്‍, കാട്ടുതീ പ്രതിരോധം എന്നിവയ്ക്കായി ഉപയോഗിക്കുന്നു. കൂടാതെ, ആകാശത്ത് നിന്ന് വിള നിരീക്ഷണത്തിനായുള്ള 'നിരീക്ഷ് എജി' എന്ന ഏരിയൽ ഇന്റലിജൻസ് സിസ്റ്റവും, കപ്പലുകളിലും വ്യവസായശാലകളിലും വൻഭാരങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യാനുള്ള 'ലാർസ്' (എല്‍എആര്‍എസ്- ലോഡ് അസിസ്റ്റഡ് റോട്ടറി സ്റ്റബിലൈസേഷന്‍ സിസ്റ്റം) സാങ്കേതികവിദ്യയും കമ്പനി വികസിപ്പിച്ചിട്ടുണ്ട്. പ്രതിരോധ മേഖലയ്ക്കായി പ്രത്യേക മിഷൻ ഡ്രോണുകളും കമ്പനി രൂപകൽപ്പന ചെയ്യുന്നു. നിലവിൽ കാനഡ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിപണികളിലേക്ക് ഫ്യൂസലേജ് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു വരികയാണ്.
ആഗോളതലത്തിൽ സ്വാധീനം ചെലുത്താന്‍ തക്ക വിധമുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ കേരളത്തിലെ യുവസംരംഭകരുടെ ആവാസവ്യവസ്ഥയ്ക്ക് കഴിയുമെന്നുള്ളതിന്റെ തെളിവാണ് ഈ നേട്ടമെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
