image

2 March 2024 6:11 AM GMT

Startups

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സ്‌കെയില്‍അപ് കോണ്‍ക്ലേവുമായി കെഎസ്‌ഐഡിസി

MyFin Desk

Good news for startups, KSIDC conclave on 4th March
X

Summary

  • ഉദ്ഘാടനം തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക്
  • 14 ജില്ലകളിലായി 5000 ല്‍പരം സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തിലുണ്ട്.
  • അഫോര്‍ഡബിള്‍ ടാലന്റ് വിഭാഗത്തില്‍ ഏഷ്യയിലെ ഒന്നാം സ്ഥാനം കേരളത്തിന്.


കേരളാ സ്റ്റാര്‍ട്ടപ്പുകളുടെ വിപുലീകരണത്തിനായി സ്‌കെയില്‍അപ് പദ്ധതിയുമായി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപമെന്റ് കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി). ഇതിന്റെ ഭാഗമായി ഈ മാസം നാലിന് കൊച്ചിയിലുള്ള ഹോട്ടല്‍ താജ് റിവാന്റയില്‍ വച്ച് സ്‌കെയില്‍ അപ് കോണ്‍ക്ലേവ് നടക്കും. വ്യവസായ മന്ത്രി പി രാജീവ് പരിപാടി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 250 ഓളം സ്റ്റാര്‍ട്ടപ്പുകളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.

സംസ്ഥാന വ്യവസായ വകുപ്പ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ വ്യവസായനയം, സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ധനസഹായ പദ്ധതി എന്നിവയെക്കുറിച്ച് സംരംഭകര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയാണ് കോണ്‍ക്ലേവിലൂടെ ലക്ഷ്യമിടുന്നതെന്ന് വ്യവസായവകുപ്പ് ഡയറക്ടറും കെഎസ്‌ഐഡിസി എംഡിയുമായ എസ് ഹരികിഷോര്‍ പറഞ്ഞു. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയിലെ നയകര്‍ത്താക്കള്‍, മറ്റ് സ്റ്റാര്‍ട്ടപ്പുകള്‍, വിദഗ്ധര്‍ തുടങ്ങിയവരുമായി സംവദിക്കാനും നിക്ഷേപ സാധ്യതകള്‍ കണ്ടെത്താനുമുള്ള വേദിയായി ഇത് മാറും.

നാല് സെഷനുകളായാണ് കോണ്‍ക്ലേവ് നടക്കുന്നത്. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, ഐടി വകുപ്പ് സെക്രട്ടറി ഡോ രത്തന്‍ യു കേല്‍ക്കര്‍, കെഎസ്‌ഐഡിസി ചെയര്‍മാന്‍ പോള്‍ ആന്റണി, എംഡി എസ് ഹരികിഷോര്‍, കിന്‍ഫ്ര എംഡി സന്തോഷ് കോശി, കെഎസ് യുഎം സിഇഒ അനൂപ് അംബിക തുടങ്ങിയവര്‍ കോണ്‍ക്ലേവില്‍ സംസാരിക്കും. കേരള, ഓപ്പര്‍ച്യുണിറ്റീസ് ഗാലോര്‍, മൈ ജേര്‍ണി എന്നീ വിഷയങ്ങളിലെ സെഷനുകളോടൊപ്പം, കേരള സ്റ്റാര്‍ട്ടപ്പ് ആന്‍ഡ് സ്‌കെയില്‍ അപ് ആവാസവ്യവസ്ഥ മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളും തന്ത്രങ്ങളും കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യും.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ബെസ്റ്റ് പെര്‍ഫോര്‍മര്‍ വിഭാഗത്തിലാണ് കേരളത്തിനെ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ പ്രോമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് വകുപ്പ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് പ്രകാരം അഫോര്‍ഡബിള്‍ ടാലന്റ് വിഭാഗത്തില്‍ ഏഷ്യയിലെ ഒന്നാം സ്ഥാനം കേരളത്തിനാണ്.

പതിന്നാല് ജില്ലകളിലായി 5000 ഓളം സ്റ്റാര്‍ട്ടപ്പുകളാണ് കേരളത്തിലുള്ളത്. നിര്‍മ്മിതബുദ്ധി, ഹെല്‍ത്ത് ടെക്, ഫിന്‍ ടെക്, എഡ്യു ടെക്, സാസ്, മാനുഫാക്ചറിംഗ് എന്നീ വിഭാഗങ്ങളിലായാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ കേന്ദ്രീകരിച്ചിരിക്കുന്നത്. 3000 കോടി രൂപയോളമാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ സമാഹരിച്ചിട്ടുള്ള നിക്ഷേപം.

താത്പര്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ https://www.ksidc.org/startup-conclave എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യണം. തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് പങ്കെടുക്കാന്‍ അവസരമുള്ളത്. രജിസ്‌ട്രേഷന്‍ സൗജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9562031048 (sarathk@ksidcmail.org) ല്‍ ബന്ധപ്പെടുക.