1 Nov 2025 1:51 PM IST
Lenskart IPO:ഐഐടിയിൽ പ്രവേശനം കിട്ടിയില്ലെങ്കിലെന്താ? ലെൻസ്കാർട്ടിലൂടെ ശതകോടീശ്വരൻ
Rinku Francis
Summary
പിയുഷ് ബെൻസാൽ ലെൻസ്കാർട്ടിലൂടെ ശതകോടീശ്വരനായത് എങ്ങനെ? നിമിത്തമായത് ഒരു റിപ്പോർട്ടാണ്.
പീയുഷ് ബെൻസാൽ. ലെൻസ്കാർട്ട് ഐപിഒ പൂർണ്ണമായി സബ്‌സ്‌ക്രൈബ് ചെയ്‌തതോടെ കമ്പനി നായകൻ്റെ പേരും വീണ്ടും ചർച്ചയാകുകയാണ്. ഒരിക്കൽ ഐഐടി പ്രവേശനം നിഷേധിക്കപ്പെട്ട ബൻസാൽ ഇന്ന് രാജ്യത്തെ പ്രായം കുറഞ്ഞ ശതകോടീശ്വരൻമാരിൽ ഒരാളാണ്. കാനഡയിൽ എഞ്ചിനീയറിംഗ് പഠനത്തിനൊപ്പം അധിക പണം കണ്ടെത്തുന്നതിനായി റിസപ്ഷനിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്. ചില ദിവസങ്ങളിൽ അധികം പണത്തിനായി 18 മുതൽ 20 മണിക്കൂർ വരെ പാർട് ടൈം ജോലി ചെയ്യുമായിരുന്നത്രെ.
എഞ്ചിനീയറിംഗ് പഠനത്തിനായി മാതാപിതാക്കളാണ് കാനഡയിലേക്ക് അയച്ചത്. ഒരിക്കൽ കോളേജിലെ കമ്പ്യൂട്ടർ ലാബിൽ ഒരു സീനിയർ വിദ്യാർത്ഥി സോഫ്റ്റ്‌വെയർ കോഡ് എഴുതുന്നത് കണ്ടപ്പോൾ ബൻസാലിന് അതിശയം തോന്നി. ആ സുഹൃത്താണ് കോഡിങ് പഠിക്കാൻ പുസ്തകം നൽകുന്നത്. പിന്നീട് ബൻസാൽ സ്വന്തമായി കോഡിങ് ചെയ്യാൻ തുടങ്ങി. റിസപ്ഷനിസ്റ്റ് റോളിൽ നിന്ന് കോഡിങ് രംഗത്ത് ഫുൾ ടൈം ജോലി കണ്ടെത്താനായി.
പിന്നീട് മൈക്രോസോഫ്റ്റിൽ ഒരു ഇന്റേൺഷിപ്പിന് ശ്രമിച്ചു. ആദ്യം കിട്ടിയില്ലെങ്കിലും പിന്നെ തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് മാസത്തെ ഇന്റേൺഷിപ്പ് ബെൻസാലിൻ്റെ ചിന്താഗതികൾ മാറ്റി മറിച്ചു. ബിൽ ഗേറ്റ്സിന്റെ വീട് സന്ദർശിക്കാനുള്ള അപൂർവ അവസരവും ഇൻ്റേൺഷിപ്പ് കാലത്ത് ലഭിച്ചു. പിന്നീട് മൈക്രോസോഫ്റ്റിൽ ജോലി ചെയ്യാനായി. ചുറ്റുമുള്ള എല്ലാവരും കൂടുതൽ മിടുക്കരായതിനാൽ, നിരന്തരം മെച്ചപ്പെടാൻ ശ്രമിച്ചുകൊണ്ടിരുന്നു. സ്വന്തമായി ഒരുൽപ്പന്നം നിർമിക്കണമെന്ന തീവ്രമായ ആഗ്രഹത്തോടെയാണ് 2008-ൽ ഇന്ത്യയിലേക്ക് മടങ്ങുന്നത്.
ലെൻസ്കാർട്ട് അപ്രതീക്ഷിതമായി കിട്ടിയ ആശയം
പക്ഷേ ആദ്യം വ്യക്തമായ ബിസിനസ് ആശയമൊന്നുമില്ലായിരുന്നു. സമാന ചിന്താഗതിയുള്ള ഒരു സുഹൃത്തിനെ ഒപ്പം കിട്ടിയപ്പോഴാണ് ബിസിനസിനെക്കുറിച്ച് കാര്യമായി ചിന്തിക്കുന്നത്. തുടക്കത്തിൽ കാർ ഗാരേജ് ഒരു ഓഫീസാക്കി. ഇന്ത്യയിലെ ജനസംഖ്യയുടെ പകുതിയോളം പേർക്ക് കണ്ണട വേണമെങ്കിലും വളരെ കുറച്ചുപേർ മാത്രമാണ് കണ്ണട ധരിക്കുന്നത് എന്ന ഒരു റിപ്പോർട്ട് കണ്ടതാണ് തലവര മാറ്റിയത്. പിന്നീട് പ്രശ്നപരിഹാരത്തിനായി നടത്തിയ ശ്രമമാണ് ലെൻസ്കാർട്ടിൻ്റെ പിറവിക്ക് പിന്നിൽ.
2011ലാണ് ലെൻസ്കാർട്ട് സ്ഥാപിച്ചത്. ഇന്ന് ലോകമെമ്പാടും ലെൻസ്കാർട്ടിന് 2,723 സ്റ്റോറുകളുണ്ട്. ഇന്ത്യയിൽ 2,067 സ്റ്റോറുകളും വിദേശത്ത് 656 സ്റ്റോറുകളും. ഇന്ത്യയിൽ 1,757 സ്റ്റോറുകൾ ലെൻസ്കാർട്ടിൻ്റെ ഉടമസ്ഥതയിലുള്ളതാണ് 310 സ്റ്റോറുകൾ ഫ്രാഞ്ചൈസി മോഡലിലും പ്രവർത്തിക്കുന്നു. ഒരു ദശാബ്ദത്തിലേറെയായുള്ള പ്രവർത്തനങ്ങൾക്ക് ശേഷമാണ് ലെൻസ്കാർട്ട് ഐപിഒ പ്രഖ്യാപിച്ചത്. ആദ്യ ദിവസം തന്നെ ഐപിഒ പൂർണമായി സബ്സ്ക്രൈബ് ചെയ്യപ്പെട്ടതോടെ ലെൻസ്കാർട്ട് ഐപിഒയും ശ്രദ്ധേയമാകുകയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
