image

19 Dec 2025 7:37 PM IST

Startups

Nasa space aps challange:നാസ സ്‌പേസ് ആപ്‌സ് ചലഞ്ചിന്റെ ലോകത്തിലെ ഏറ്റവും വലിയ സംഘാടകരായി മലയാളി സ്റ്റാര്‍ട്ടപ്പ് യുണീക്ക് വേള്‍ഡ് റോബോട്ടിക്‌സ്

MyFin Desk

Nasa space aps challange:നാസ സ്‌പേസ് ആപ്‌സ് ചലഞ്ചിന്റെ ലോകത്തിലെ ഏറ്റവും വലിയ സംഘാടകരായി മലയാളി സ്റ്റാര്‍ട്ടപ്പ് യുണീക്ക് വേള്‍ഡ് റോബോട്ടിക്‌സ്
X

Summary

കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പാണ് യുഡബ്ല്യുആര്‍.


കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഡ്യൂക്കേഷന്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ യുണീക്ക് വേള്‍ഡ് റോബോട്ടിക്സ് നാസ സ്പേസ് ആപ്സ് ചലഞ്ച് 2025-ന്റെ ആഗോളതലത്തിലെ ഏറ്റവും വലിയ സംഘാടകരായി. ബഹിരാകാശ-ഭൗമശാസ്ത്ര നൂതനാശയങ്ങള്‍ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ ഹാക്കത്തോണാണ് നാസ സ്പേസ് ആപ്സ് ചലഞ്ച്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പാണ് യുഡബ്ല്യുആര്‍.

ഈ വര്‍ഷം ഇന്ത്യ, യുഎഇ, യൂറോപ്പ് എന്നിവിടങ്ങളിലായി 22 പ്രാദേശിക ഇവന്റുകളാണ് യുഡബ്ല്യുആര്‍ സംഘടിപ്പിച്ചത്. ഇതില്‍ ഇന്ത്യയില്‍ നടന്ന 16 പരിപാടികളില്‍ കേരളത്തിലെ എട്ടെണ്ണവും ഉള്‍പ്പെടുന്നു. യുഡബ്ല്യുആര്‍ സംഘടിപ്പിച്ച കേന്ദ്രങ്ങളില്‍ നിന്ന് മാത്രം 15,308 രജിസ്ട്രേഷനുകളും 2,276 ടീമുകളും 1,200-ലധികം പ്രോജക്റ്റുകളും സമര്‍പ്പിച്ചു. ആഗോളതലത്തില്‍ ആകെ 1,14,094 രജിസ്ട്രേഷനുകളും 16,860 ടീമുകളും ഉണ്ടായപ്പോള്‍, അതില്‍ 13.42 ശതമാനം രജിസ്ട്രേഷനുകളും 13.5 ശതമാനം ടീമുകളും യുഡബ്ല്യുആര്‍ വഴിയാണെന്നത് ശ്രദ്ധേയമായ നേട്ടമാണെന്ന് കമ്പനി സ്ഥാപകന്‍ ബാന്‍സണ്‍ തോമസ് ജോര്‍ജ്ജ് പറഞ്ഞു. സ്റ്റോറിടെല്ലിംഗ്, സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ്, ആസ്ട്രോഫിസിക്സ്, കൃഷി, ബഹിരാകാശ പര്യവേഷണം തുടങ്ങിയ വിവിധ മേഖലകളിലായിരുന്നു മത്സരങ്ങള്‍.

ചരിത്രത്തിലാദ്യമായി, ലോകമെമ്പാടുമുള്ള 16,860 ടീമുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച 45 ഗ്ലോബല്‍ ഫൈനലിസ്റ്റുകളില്‍ കേരളത്തില്‍ നിന്നുള്ള രണ്ട് ടീമുകള്‍ ഇടംനേടി. കൊച്ചി രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ അഞ്ച് രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളടങ്ങുന്ന 'ടീം മെറ്റിയോര്‍ റിസ്ലേഴ്സ്', കാഞ്ഞിരപ്പള്ളിയില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്ത പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലെ ആറ് വിദ്യാര്‍ത്ഥികളടങ്ങുന്ന 'ടീം സെലസ്റ്റ' എന്നിവയാണ് ഈ നേട്ടം കൈവരിച്ചത്.