image

20 Feb 2024 10:37 AM GMT

Startups

ഷെയര്‍ അറ്റ് ഡോര്‍ സ്റ്റെപ്പ്, ചാരിറ്റിയില്‍ വിടര്‍ന്ന സംരംഭം

MyFin Desk

Anushka Jain is the standout face of the venture
X

Summary

  • കേരളത്തില്‍ നിരവധി സ്ഥലങ്ങളില്‍ പിക്കപ്പ് പോയിന്റുകളുണ്ട്.
  • എഐയുടെ സഹായത്താലാണ് ഉപഭോക്താക്കള്‍ക്കാവശ്യമായവ വേര്‍തിരിക്കുന്നത്
  • ഓരോ പിക്കപ്പിനും നിശ്ചിത തുക ഫീസായി ഈടാക്കുന്നുണ്ട്‌


എല്ലാ സംരംഭങ്ങളും ചാരിറ്റിയിലേക്ക് വിരല്‍ ചൂണ്ടുന്നവയല്ല. എന്നാല്‍ ബെംഗളൂരുവില്‍ നിന്നൊരു വേരിട്ട കഥയാണ് അനുഷ്‌ക ജെയ്‌നിന്റെ ഷെയര്‍ അറ്റ് ഡോര്‍ സ്‌റ്റെപ്പിലൂടെ വരച്ചു വച്ചിരിക്കുന്നത്. നിങ്ങള്‍ക്കെന്താണ് നല്‍കാനുള്ളത് വസ്ത്രമോ, കളിപ്പാട്ടമോ, പുസ്തകങ്ങളോ എന്തും ഈ സംരംഭത്തിലൂടെ സംഭാവനയായി നല്‍കാം. ടെക്ക് ലോകം മാത്രമല്ല ബെംഗളൂരു വിഭാവനം ചെയ്യുന്നത് അനുഷ്‌ക പോലുള്ള സംരംഭകരുടെ ആശയങ്ങള്‍ പ്രാവര്‍ത്തികമാനുള്ള സാധ്യതകള്‍ കൂടി ഈ നഗരം തുറന്നിടുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ് ഇവിടെ പ്രധാന റോള്‍ വഹിക്കുന്നത്. ഓരോ വ്യക്തികള്‍ക്കും ആവശ്യമായ വ്‌സുക്ള്‍ ലഭ്യതക്കനുസരിച്ച് വേര്‍തിരിക്കുന്നത് എഐയാണ്.

തുണികള്‍ തൊട്ട് മെഷീനുകള്‍ വരെ എന്തും സംഭാവന ചെയ്യാം. ഏത് എന്‍ജിഒക്കാണ് നിങ്ങളുടെ സംഭാവന കൂടുതല്‍ പ്രയോജനപ്പെടുകയെന്ന് കണ്ടെത്തുക ബുദ്ധിമുണ്ടാണ്. ഈ പ്രശ്‌നങ്ങള്‍ക്കാണ് അനുഷ്‌ക ആദ്യം പരിഹാരം കണ്ടെത്തിയത്. ഇതിനായി ആദ്യമേ ഒരു വെബ്‌സൈറ്റിന് തുടക്കമിടുകയാണ് അനുഷ്‌ക ചെയ്തത്. സംഭാവന വസ്തുക്കള്‍ ശേഖരിക്കാനായി എല്ലാ പ്രഭാതങ്ങളും ഇവര്‍ നീക്കിവച്ചു. നഗരത്തിന്റെ സംരംഭകത്വ വികാരം 200 പിക്കപ്പ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിലേക്ക് എത്തിച്ചു.

ഓരോ മനുഷ്യരുടേയും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു പുഞ്ചിരി സൃഷ്ടിക്കാന്‍ നിങ്ങള്‍ക്കായിട്ടുണ്ടോ? ഇതാണ് ഷെയര്‍ അറ്റ് ഡോര്‍ സ്‌റ്റെപ്പിന്റെ ആവേശം.

സ്റ്റാര്‍ട്ടപ്പിനെ കുറിച്ച് സംസാരിക്കുന്ന ഏതൊരു വ്യക്തിയോടും അനുഷ്‌കയ്ക്ക് ചോദിക്കാനുള്ളതും ഇതാണ്, ഒരു എന്‍ജിഒയില്‍ ജന്മദിനം ചെലവഴിച്ചതിന് ശേഷം നിങ്ങള്‍ക്ക് എപ്പോഴെങ്കിലും സന്തോഷവും സംതൃപ്തിയും ലഭിച്ചിട്ടുണ്ടോ എന്ന്. പിക്കപ്പ് പോയിന്റുകള്‍ 10,000 ലേക്ക് എത്തിയപ്പോള്‍ കൂടുതല്‍ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള നീക്കമാണ് ഇവര്‍ നടത്തിയത്. പുതിയ കമ്പനിയിലെ മാര്‍ക്കറ്റിംഗ് മാനേജര്‍ പദവിയാണ് അനുഷ്‌കയെ മാറ്റി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. മാര്‍ക്കറ്റിംഗ്, വില്‍പ്പന, ലോജിസ്റ്റിക്‌സ് എന്നിവയെ കുറിച്ച് പഠിച്ചെടുത്തത് ഈ ജോലിയില്‍ നിന്നാണ്.

'കുട്ടിയായിരുന്നപ്പോള്‍, എന്റെ ജന്മദിനത്തില്‍ അമ്മ വസ്ത്രങ്ങള്‍ സംഭാവന ചെയ്യുമായിരുന്നു. എന്തിനാണ് എല്ലാ പിറന്നാളിനും ഇത് ചെയ്യുന്നതെന്ന് ഞാന്‍ ചിന്തിച്ചിരുന്നു. എന്‍ജിഒകളുടെ ആവശ്യകതകളെക്കുറിച്ച് ദാതാക്കള്‍ക്ക് അവബോധമില്ലാത്തതിനാലോ ഇത്തരം സംഭാവനകളിലെ വിശ്വാസക്കുറവ് മൂലമോ അതുമല്ലെങ്കില്‍ എന്‍ജിഒയിലേക്ക് എത്തിപ്പെടാത്ത മറ്റെന്തെങ്കിലും തിരക്കുകളോ ആകാം ദാതാക്കളും എന്‍ജിഒകളും തമ്മില്‍ ഒരു വിടവ് ഉണ്ടെന്ന് ഞാന്‍ കണ്ടെത്തി. ഈ വിടവ് നികത്താനാണ് ഷെയര്‍ അറ്റ് ഡോര്‍ സ്‌റ്റെപ്പ് (എസ്എഡിഎഎസ്) പിറന്നത്,' അനുഷ്‌ക പറഞ്ഞു വയ്ക്കുന്നു.

പ്രവര്‍ത്തനം എങ്ങനെ ?

രാജ്യത്തുടനീളം 11 നഗരങ്ങളിലാണ് ഷെയര്‍ അറ്റ് ഡോര്‍ സ്‌റ്റെപ്പ് സാന്നിധ്യം അറിയിച്ചിരിക്കുന്നത്. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സിഎസ്ആര്‍) പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്ന വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

നിങ്ങള്‍ ഒരു വസ്തു കൈമാറാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ വെബ് സൈറ്റില്‍ പിക്കപ്പ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുക. ഒപ്പം ഉത്പന്നത്തിന്റെ വലുപ്പവും വ്യക്തമാക്കിക്കൊണ്ട് രജിസ്റ്റര്‍ ചെയ്യുക. ഇത് പൂര്‍ത്തിയായാല്‍ ഉത്പന്നം പിക്ക് ചെയ്യാന്‍ വരുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. 135 ഓളം എന്‍ജിഒകള്‍ കമ്പനിയുമായി സഹകരിക്കുന്നുണ്ട്. ഓരോ പിക്കപ്പിനും ഫീസ് ഈടാക്കുന്നുണ്ട് ഇവര്‍. കൊറിയര്‍ ആയി 499 രൂപയ്ക്ക് മുകളിലോട്ടും നേരിട്ട് വന്നെടുക്കുന്നതിന് 3500 രൂപ മുതലുമാണ് ചാര്‍ജ് ഈടാക്കുന്നത്.

ഷെയര്‍ അറ്റ് ഡോര്‍ സ്‌റ്റെപ്പുമായി പങ്കാളിത്തമുള്ള ഏത് ബ്രാന്‍ഡില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഒരു വൗച്ചര്‍ ലഭിക്കും. ഒരു ഉപഭോക്താവ് അവരുടെ പഴയ ഷൂസ്, മെത്തകള്‍, സ്യൂട്ട് കേസുകള്‍, എന്നിവ നല്‍കിയാല്‍ പുതിയവ വാങ്ങാന്‍ വൗച്ചറുകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. എഐ സാങ്കേതികവിദ്യയിലൂടെ ഒരു പ്രത്യേക ആല്‍ഗോരിതം വഴിയാണ് എന്‍ജിഒയുടെ ആവശ്യകതകളുമായി ഉത്പന്നങ്ങളെ ബന്ധപ്പെടുത്തുന്നത്.




ഒരു ദശലക്ഷത്തിലധികം സംഭാവനകളാണ് രാജ്യത്തെ ഈ സംഭാവനാ മോഡലിലൂടെ കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. 2023 മറ്റൊരു മുന്നേറ്റത്തിന് തിരികൊളുത്തിയ വര്‍ഷമായിരുന്നു. അനുഷ്‌ക തന്റെ ആശയങ്ങള്‍ സിംഗപ്പൂര്‍ നഗരത്തിലേക്ക് കൂടി വിപുലീകരിച്ചു. സമൂഹത്തിലെ മാറ്റത്തിന് നേതൃത്വം നല്‍കുന്ന ഒരു ആശയത്തിന് ചുക്കാന്‍ പിടിച്ചതിലൂടെ അനുഷ്‌ക പഠിച്ച പാഠങ്ങള്‍ പലതായിരുന്നു. പങ്കിടാനുള്ള സന്നദ്ധതയാണ് ലോകമെമ്പാടുമുള്ള ആളുകളെ ഒന്നിപ്പിക്കുന്നതെന്നാണ് ഈ സംരംഭകയുടെ പക്ഷം.

കേരളത്തിലും നിശബ്ദ സാന്നിദ്ധ്യം

ഉപയോഗിച്ച് ഉപേക്ഷിക്കുന്നവരുടെ കണക്കില്‍ ഒട്ടും പുറകിലല്ലാത്ത സംസ്ഥാനമാണ് കേരളം. അതിനാല്‍ ഷെയര്‍ അറ്റ് ഡോര്‍ സ്‌റ്റെപ്പിന് കേരളത്തില്‍ നിരവധി ഇടങ്ങളില്‍ പിക്കപ്പ് പോയന്റുകളുണ്ട്. എന്നാല്‍ എത്രപേരിലേക്ക് ഈ വിവരം എത്തിപ്പെട്ടിട്ടുണ്ടെന്നതാണ് സംശയം. ആയുസ്സൊടുങ്ങിയ വസ്തുകള്‍, നിങ്ങള്‍ക്ക് ഉപകാരപ്പെടാത്തവ അങ്ങനെ എത്രയെത്ര കാര്യങ്ങള്‍ നമുക്ക് കൈമാറ്റം ചെയ്യാനാകുന്നവയുണ്ട്. വേറൊരു കൈകളില്‍ ഇവ ഉപയോഗപ്പെടുമെങ്കില്‍, ഏതെങ്കിലുമൊരു കോണില്‍ ആരുടെയെങ്കിലും മുഖത്ത് ചെറിയൊരു പുഞ്ചിരി തെളിയാന്‍ നിങ്ങള്‍ കാരണമാകുന്നുവെങ്കില്‍ നിങ്ങളുടെ ലോകം ഒരല്‍പ്പം കൂടി വിശാലവും സുന്ദരവുമാകുമെന്നാണ് ഷെയര്‍ അറ്റ് ഡോര്‍ സ്‌റ്റെപ്പ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

ഷെയര്‍ അറ്റ് ഡോര്‍ സ്‌റ്റെപ്പിലേക്കെത്താന്‍ ;https://shareatdoorstep.com/