9 Feb 2026 5:27 PM IST
Summary
ഏത് ടീം ജയിച്ചാലും അവര്‍ക്ക് അവരുടെ നാട്ടില്‍ വീര പരിവേഷം ലഭിക്കും. പരാജിതര്‍ക്ക് വലിയ വിമര്‍ശനവും. പലപ്പോഴും ക്യാപ്റ്റന്റെയോ അതോ പരിശീലകന്റെയോ അല്ലെങ്കില്‍ ടീമംഗങ്ങളുടെയോ തല ഉരുളാന്‍വരെ ഒരു തോല്‍വി വഴിയൊരുക്കും
ഇന്ത്യാ-പാക് ക്രിക്കറ്റ് മത്സരങ്ങള്‍ എന്നും ആവേശത്തിന് തീകൊളുത്തുന്നവയാണ്. അതുപോലെ തന്നെ ബിസിനസിനും ഇത് നിര്‍ണായകമാണ്. പലപ്പോഴും സ്‌പോര്‍ട്‌സ് എന്നതിനേക്കാളുപരി രാഷ്ട്രീയം നിറഞ്ഞു തുളുമ്പിയതാകും ഈ ഏറ്റുമുട്ടലുകള്‍. ഏത് ടീം ജയിച്ചാലും അവര്‍ക്ക് അവരുടെ നാട്ടില്‍ വീര പരിവേഷം ലഭിക്കും. പരാജിതര്‍ക്ക് വലിയ വിമര്‍ശനവും. പലപ്പോഴും ക്യാപ്റ്റന്റെയോ അതോ പരിശീലകന്റെയോ അല്ലെങ്കില്‍ ടീമംഗങ്ങളുടെയോ തല ഉരുളാന്‍വരെ ഒരു തോല്‍വി വഴിയൊരുക്കും. അതിനാല്‍ ആഗോളതലത്തില്‍ ഇന്ത്യ-പാക് മത്സരം എന്നത് ഒരു ഹൈ വോള്‍ട്ടേജ് പോരാട്ടം തന്നെയാകും.
ഈ സാഹചര്യം ബിസിനസ് രംഗത്ത് വലിയ സാധ്യതകളും തുറന്നിടുന്നുണ്ട്. ലൈവ് ടെലികാസ്റ്റ്, അതിനിടയിലെ പരസ്യങ്ങള്‍ എല്ലാം വലിയ തുകകളാണ് കളക്റ്റ് ചെയ്യുക. ഇപ്പോള്‍ ടി20 ലോകകപ്പ് ഇന്ത്യയിലും ശ്രീലങ്കയിലുമായി ആരംഭിച്ചുകഴിഞ്ഞു. ടൂര്‍ണമെന്റില്‍ പാക്കിസ്ഥാന്‍ ഇന്ത്യയുമായി മത്സരത്തിനില്ല എന്ന് പ്രഖ്യാപിച്ചത് ലോകകപ്പ് മത്സരങ്ങളുടെ നിറം കെടുത്തിയിരുന്നു. ഇത് രാഷ്ട്രീയമായ കാര്യങ്ങളാലായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ ടൂര്‍ണമെന്റില്‍ നിന്നുള്ള വലിയൊരു വരുമാനം ഇല്ലാതാകുമായിരുന്നു.
ഇപ്പോള്‍ ഇന്ത്യക്കെതിരായ മത്സരം കളിക്കില്ലെന്ന തീരുമാനം പുനപരിശോധിക്കാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് (ഐസിസി) മുന്നില്‍ മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്ന് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റ് വ്യവസ്ഥകള്‍ക്കൊപ്പം, ഐസിസിയില്‍ നിന്നുള്ള വരുമാനത്തിന്റെ വലിയൊരു പങ്ക് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. കൂടാതെ ഇന്ത്യയുമായുള്ള ദ്വിരാഷ്ട്ര ക്രിക്കറ്റ് പുനഃസ്ഥാപിക്കല്‍ അവര്‍ ആവശ്യപ്പെടുന്നു. ഏറെ വിവാദമായ ഷേക്ക് ഹാന്‍ഡ് പ്രോട്ടോക്കോള്‍ നടപ്പിലാക്കലും പിസിബി ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരായി മത്സരത്തിനിറങ്ങിയാല്‍ 2200 കോടി മുതല്‍ 4500 കോടിവരെ വരുമാനം നേടാനാകുമെന്ന് കണക്കുകള്‍ പറയുന്നു. മത്സരം പ്രക്ഷേപണം, സ്‌പോണ്‍സര്‍ഷിപ്പുകള്‍, ടിക്കറ്റുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. മത്സരം റദ്ദായാല്‍ സ്‌പോര്‍ണ്‍സര്‍മാര്‍ക്കും പ്രക്ഷേപണം ചെയ്യുന്നവര്‍ക്കും ഇത്രയും തുക നഷ്ടമാകും.
ഇന്ത്യയുമായി ടി20 ലോകകപ്പ് കളിക്കാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയ ബംഗ്ലാദേശിനോടുള്ള ഐക്യദാര്‍ഢ്യ പ്രകടനമാണ് പാക്കിസ്ഥാന്റെ നിലപാട് എന്നായിരുന്നു ക്രിക്കറ്റ് ലോകത്ത് പ്രബലമായ ധാരണ. തുടര്‍ന്ന് ഐസിസിയും പിസിബിയും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് പരിഹാരത്തിനായി മൂന്ന് നിബന്ധനകള്‍ ആവശ്യപ്പെട്ടത്.
പഠിക്കാം & സമ്പാദിക്കാം
Home
