image

14 Jun 2026 3:05 PM IST

News

ജലമലിനീകരണം; ടാറ്റയുടെ ഐഫോണ്‍ നിര്‍മ്മാണശാല അടച്ചുപൂട്ടല്‍ ഭീഷണിയില്‍

MyFin Desk

ജലമലിനീകരണം; ടാറ്റയുടെ ഐഫോണ്‍   നിര്‍മ്മാണശാല അടച്ചുപൂട്ടല്‍ ഭീഷണിയില്‍
X

Summary

ഫാക്ടറിയില്‍ നിന്നുള്ള മലിനജലം സമീപത്തെ കൃഷിയിടങ്ങളിലെ കിണറുകളിലേക്ക് ഒഴുക്കിവിട്ടതായി കണ്ടെത്തിയതിനെത്തുടര്‍ന്ന്, പ്ലാന്റ് അടച്ചുപൂട്ടുമെന്ന് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്


തമിഴ്നാട്ടിലെ ഹൊസൂരിലുള്ള ടാറ്റ ഇലക്ട്രോണിക്സിന്റെ ഐഫോണ്‍ ഘടക നിര്‍മ്മാണശാല പ്രതിസന്ധിയിലേക്ക്. ഫാക്ടറിയില്‍ നിന്നുള്ള മലിനജലം സമീപത്തെ കൃഷിയിടങ്ങളിലെ കിണറുകളിലേക്ക് ഒഴുക്കിവിട്ടതായി കണ്ടെത്തിയതിനെത്തുടര്‍ന്ന്, പ്ലാന്റ് അടച്ചുപൂട്ടുമെന്നും വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നും തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ പരിസ്ഥിതി ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി മെയ് 25-ന് കമ്പനിക്ക് ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

കഴിഞ്ഞ കുറച്ചു നാളുകളായി ടാറ്റയ്‌ക്കെതിരെ കടുത്ത പരാതികളാണ് നാട്ടുകാരില്‍ നിന്നും പരിസ്ഥിതി സംഘടനകളില്‍ നിന്നും ഉയരുന്നത്. 2025 ഡിസംബര്‍ മുതല്‍ 2026 മെയ് വരെ അഞ്ച് തവണ നടത്തിയ പരിശോധനയില്‍, ഫാക്ടറിയിലെ മലിനജലം മഴവെള്ള സംഭരണിയിലേക്ക് തുറന്നുവിട്ടതായും അത് കരകവിഞ്ഞ് കൃഷിഭൂമിയിലെ ഭൂഗര്‍ഭജലം മലിനമാക്കിയതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. 2025 ഡിസംബറില്‍ നല്‍കിയ ആദ്യ മുന്നറിയിപ്പിനു ശേഷവും കമ്പനി യാതൊരു തിരുത്തല്‍ നടപടിയും സ്വീകരിച്ചില്ലെന്നത് റെഗുലേറ്ററുടെ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

അതേസമയം, ആരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിച്ചുകൊണ്ട് ടാറ്റ ഇലക്ട്രോണിക്‌സ് രംഗത്തെത്തി. സ്വതന്ത്ര ലബോറട്ടറി നടത്തിയ പരിശോധനയില്‍ കമ്പനി എല്ലാ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് വ്യക്തമായതായി അധികൃതര്‍ അറിയിച്ചു. ഉത്തരവാദിത്തമുള്ള ബിസിനസ്സ് രീതികള്‍ക്ക് പ്രതിജ്ഞാബദ്ധമാണെന്നും, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നോട്ടീസിന് ഔദ്യോഗിക മറുപടി നല്‍കിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

ഇന്ത്യയുടെ ആഗോള ഐഫോണ്‍ നിര്‍മ്മാണ സ്വപ്നങ്ങള്‍ക്ക് ഈ പ്രതിസന്ധി വലിയൊരു വെല്ലുവിളിയാകുകയാണ്. ആപ്പിളിന്റെ ദക്ഷിണേഷ്യയിലെ രണ്ടാമത്തെ വലിയ വിതരണക്കാരായ ടാറ്റയുടെ ഈ പ്ലാന്റ്, ഐഫോണ്‍ ബാക്ക് പാനലുകളുടെ നിര്‍മ്മാണത്തില്‍ നിര്‍ണ്ണായകമാണ്. 2026-ല്‍ ആഗോള ഐഫോണ്‍ ഉല്‍പ്പാദനത്തിന്റെ 26% ഇന്ത്യയില്‍ നിന്നാകുമെന്ന് പ്രതീക്ഷിക്കുമ്പോഴാണ്, നേരത്തെ തീപിടുത്തം മൂലവും ഇപ്പോള്‍ മലിനീകരണ വിവാദം മൂലവും ഈ പ്ലാന്റ് വാര്‍ത്തകളില്‍ നിറയുന്നത്.