image

24 April 2024 7:42 AM GMT

News

ടെക്‌നോളജിയും ഇന്നോവേഷനും ഗ്രാമീണ സ്ത്രീകളെ ശാക്തീകരിക്കുമെന്ന് നിര്‍മല സീതാരാമന്‍

MyFin Desk

ടെക്‌നോളജിയും ഇന്നോവേഷനും ഗ്രാമീണ സ്ത്രീകളെ ശാക്തീകരിക്കുമെന്ന് നിര്‍മല സീതാരാമന്‍
X

Summary

  • സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് ടെക്‌നോളജിയും മുഖ്യ സ്ഥാനം വഹിക്കുന്നതായി നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി
  • സര്‍ക്കാര്‍ പരിപാടികളിലൂടെ ഇന്ന് നൂതനമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അഭിരുചി മെട്രോപൊളിറ്റന്‍ പ്രദേശങ്ങളിലെ സ്ത്രീകള്‍ക്ക് മാത്രമല്ല, രാജ്യത്തുടനീളമുള്ള വിദൂര പ്രദേശങ്ങളിലുള്ളവര്‍ക്കും ലഭിക്കുന്നു
  • പുരുഷന്മാര്‍ പോലും ഉപയോഗിക്കാത്ത സാങ്കേതികവിദ്യ സ്ത്രീകളെ പഠിപ്പിക്കുന്നത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള വലിയ ചുവടുവെപ്പാണ്


പുതിയ സാങ്കേതികവിദ്യകളിലൂടെ ഗ്രാമീണ സ്ത്രീകളെ ശാക്തീകരിക്കുക എന്ന ദൗത്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. വായ്പകളിലൂടെയും സബ്സിഡികളിലൂടെയും മാത്രമല്ല, അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് ടെക്‌നോളജിയും മുഖ്യ സ്ഥാനം വഹിക്കുന്നതായി നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി.

ബെംഗളൂരുവില്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (ഫിക്കി) വനിതാ വിഭാഗമായ ഫ്‌ലോയുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സര്‍ക്കാര്‍ പരിപാടികളിലൂടെ ഇന്ന് നൂതനമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അഭിരുചി മെട്രോപൊളിറ്റന്‍ പ്രദേശങ്ങളിലെ സ്ത്രീകള്‍ക്ക് മാത്രമല്ല, രാജ്യത്തുടനീളമുള്ള വിദൂര പ്രദേശങ്ങളിലുള്ളവര്‍ക്കും ലഭിക്കുന്നതായി അവര്‍ പറഞ്ഞു.

വിളകളില്‍ കീടനാശിനികളും വളങ്ങളും തളിക്കുന്നതിന് ഗ്രാമങ്ങളില്‍ ഡ്രോണ്‍ പൈലറ്റ് ചെയ്യാന്‍ സ്ത്രീകളെ പരിശീലിപ്പിക്കുന്ന നമോ ഡ്രോണ്‍ ദീദി പദ്ധതിയെ ധനമന്ത്രി പരാമര്‍ശിച്ചു. പുരുഷന്മാര്‍ പോലും ഉപയോഗിക്കാത്ത സാങ്കേതികവിദ്യ സ്ത്രീകളെ പഠിപ്പിക്കുന്നത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള വലിയ ചുവടുവെപ്പാണ്.

''സ്ത്രീകള്‍ ഇതിനോടും സമാനമായ മറ്റ് സര്‍ക്കാര്‍ സംരംഭങ്ങളോടും വലിയ ആവേശത്തോടെ പ്രതികരിച്ചു,'' അവര്‍ കൂട്ടിച്ചേര്‍ത്തു.

കോവിഡ് കാലത്ത് സ്ത്രീകളുടെ പ്രതിരോധശേഷിയെ പ്രശംസിച്ച ധനമന്ത്രി, അവരില്‍ പലരും മഹാമാരിയുടെ പ്രതിസന്ധിയെ വലിയ അവസരമാക്കി മാറ്റി. ''നിരവധി സ്ത്രീകള്‍ ക്ലൗഡ് കിച്ചണുകള്‍ ആരംഭിച്ചു. അവര്‍ പുസ്തകങ്ങള്‍ എഴുതി, പോഡ്കാസ്റ്റുകള്‍ തുടങ്ങി, ചില്ലറ നിക്ഷേപ വിപണിയില്‍ പോലും ആവേശത്തോടെ പ്രവേശിച്ചു,'' അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, തൊഴില്‍ സേന പങ്കാളിത്തത്തിലും, പോസ്റ്റ് ഓഫീസ് പോലുള്ളവയിലൂടെ, സമ്പാദ്യം വര്‍ദ്ധിപ്പിക്കുന്നതിലും കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാങ്കേതിക ഉല്‍പ്പന്നങ്ങളുടെ ഉപഭോഗത്തിലും സ്ത്രീകളുടെ സാന്നിധ്യം വളരെയധികം വര്‍ദ്ധിച്ചതായി അവര്‍ പറഞ്ഞു.