image

12 Feb 2024 10:38 AM GMT

Kerala

ഇത് 'റിനൈ മെഡിസിറ്റി' മോഡല്‍ ജൈവ കൃഷി

MyFin Desk

ഇത് റിനൈ മെഡിസിറ്റി മോഡല്‍ ജൈവ കൃഷി
X

Summary

  • ചൂടിന്റെ കാഠിന്യമുള്ളതിനാല്‍ നെറ്റ് വിരിച്ച് തണല്‍ ഒരുക്കിയിട്ടുണ്ട്
  • തക്കാളി, പച്ചമുളക്, പയര്‍ തുടങ്ങിയവ ഇവിടെ കൃഷി ചെയ്യുന്നുണ്ട്
  • ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക് എന്നിവയാണു വളമായി ഉപയോഗിക്കുന്നത്


മരുന്ന് മാത്രമല്ല, മായം ചേരാത്ത പച്ചക്കറിയും ഉണ്ട് പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയില്‍. എട്ടാം നിലയിലെ 3000 ചതുരശ്ര അടി വരുന്ന സ്ഥലത്ത് ഒരുക്കിയിരിക്കുന്ന തോട്ടത്തില്‍ നിന്നാണ് നല്ല ശുദ്ധമായ പച്ചക്കറി വിളവെടുക്കുന്നത്. 2012 മുതല്‍ ഇത്തരത്തില്‍ പച്ചക്കറി ഉല്‍പ്പാദിപ്പിച്ചു വരുന്നുണ്ടെന്നു കൃഷിക്ക് മേല്‍നോട്ടം വഹിക്കുന്ന സീനിയര്‍ ഹൗസ് കീപ്പിംഗ് സൂപ്പര്‍വൈസര്‍ സുന്ദരേശന്‍ പറഞ്ഞു.



എല്ലാ ജീവനക്കാരുടെയും വീടുകളില്‍ ഒരു ജൈവ പച്ചക്കറി തോട്ടം തയാറാക്കാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആശുപത്രിയുടെ ടെറസില്‍ ഫാമിംഗ് തുടങ്ങിയത്. എളിയ നിലയില്‍ തുടങ്ങിയ ഉദ്യമം ഇന്ന് വന്‍ വിജയമായി മാറുകയും ചെയ്‌തെന്നു സുന്ദരേശന്‍ പറഞ്ഞു. കൊവിഡ് കാലത്താണ് കൃഷി വ്യാപകമായി ചെയ്തത്.

ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫഌവര്‍ എന്നിവയ്‌ക്കൊപ്പം തക്കാളി, പച്ചമുളക്, പയര്‍ തുടങ്ങിയവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.

ആശുപത്രിയില്‍ വരുന്ന മരുന്ന് നിറച്ച പ്ലാസ്റ്റിക്കിന്റെ വലിയ കന്നാസുകള്‍ ഉപയോഗ ശൂന്യമാകുമ്പോള്‍ അവയിലാണ് മണ്ണും വളവും നിറച്ച് ചെടികള്‍ നടുന്നത്. ഇത്തരത്തില്‍ നൂറുകണക്കിന് കന്നാസുകളിലാണു ചെടി നട്ടിരിക്കുന്നത്.

ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക് എന്നിവയാണു വളമായി ഉപയോഗിക്കുന്നത്. രാവിലെയും വൈകുന്നേരങ്ങളിലും വെള്ളം നനയ്ക്കാറുണ്ട്.

ചൂടിന്റെ കാഠിന്യം കൂടുതലായതിനാല്‍ നെറ്റ് വിരിച്ച് തണല്‍ ഒരുക്കിയിട്ടുണ്ട്.

ആശുപത്രി ജീവനക്കാരും ഡോക്ടര്‍മാരും കൃഷിത്തോട്ടത്തിലെത്തുന്നത് പതിവാണ്. പലരും വിശ്രമിക്കാനുള്ള ഇടമായി കാണുന്നതും ഈ ജൈവ കൃഷിത്തതോട്ടത്തെയാണ്.

കൃഷിയിടത്തില്‍ നിന്നും വിളവെടുക്കുന്ന പച്ചക്കറികള്‍ ആശുപത്രി കാന്റീനില്‍ ഉപയോഗിച്ചു വരുന്നു. ചുരുങ്ങിയ വിലയ്ക്ക് ആശുപത്രി ജീവനക്കാര്‍ക്കും വില്‍ക്കാറുണ്ട്.