image

12 Sept 2023 10:05 AM IST

News

ജൈവഇന്ധന സഖ്യത്തിലൂടെ അന്നദാതാക്കളില്‍ നിന്നും ഊര്‍ജ്ജദാതാക്കളിലേക്ക് കര്‍ഷകര്‍ മാറും; കേന്ദ്ര മന്ത്രി

MyFin Desk

ജൈവഇന്ധന സഖ്യത്തിലൂടെ അന്നദാതാക്കളില്‍ നിന്നും ഊര്‍ജ്ജദാതാക്കളിലേക്ക് കര്‍ഷകര്‍ മാറും; കേന്ദ്ര മന്ത്രി
X

Summary

  • ഇന്നലെ സമാപിച്ച ജി20 ഉച്ചകോടിയിലാണ് ജൈവഇന്ധന സഖ്യം പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.
  • സര്‍ക്കാരുകള്‍, അന്താരാഷ്ട്ര സംഘടനകള്‍, വ്യവസായങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്ന് ജൈവഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയുടെ നേതൃത്വത്തിലുള്ള സഖ്യമാണിത്.
  • 2025 ഓടെ എണ്ണ ഇറക്കുമതിയില്‍ ഏകദേശം 45,000 കോടി രൂപയും പ്രതിവര്‍ഷം 63 ദശലക്ഷം ടണ്‍ എണ്ണയും ഇന്ത്യ ലാഭിക്കുമെന്ന് മന്ത്രി.


ജൈവഇന്ധന സഖ്യത്തിലൂടെ ഇന്ത്യ ലോകത്തിനു മുന്നില്‍ പുതിയ പാത കാണിച്ചുകൊടുക്കുകയാണെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി. വസുധൈവ കുടുംബകം എന്ന മന്ത്രത്തിലൂടെ പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടേത് ലോകത്താകമാനമുള്ള പെട്രോള്‍,ഡീസല്‍ ആശ്രയത്വം കുറയ്ക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്നലെ സമാപിച്ച ജി20 ഉച്ചകോടിയിലാണ് ജൈവഇന്ധന സഖ്യം പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഇതില്‍ 19 രാജ്യങ്ങളും 12 അന്താരാഷ്ട്ര സംഘടനകളും അംഗങ്ങളാകാമെന്ന് നിലവില്‍ സമ്മതിച്ചിട്ടുണ്ട്. സര്‍ക്കാരുകള്‍, അന്താരാഷ്ട്ര സംഘടനകള്‍, വ്യവസായങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്ന് ജൈവഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയുടെ നേതൃത്വത്തിലുള്ള സഖ്യമാണിത്. ജൈവ ഇന്ധനങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കളെയും ഉത്പാദകരെയും ഒരുമിച്ച് കൊണ്ടുവന്ന് ഇത്തരം ഇന്ധനങ്ങളുടെ വികസനവും വിന്യാസവും പ്രോത്സാഹിപ്പിക്കുകയാണ് സഖ്യത്തിന്റെ ലക്ഷ്യം. ഇങ്ങനെ ഊര്‍ജ്ജ ഉപഭോഗത്തിന്റെ പ്രധാന മാര്‍ഗമായി ജൈവ ഇന്ധനങ്ങളെ മാറ്റുകയും അതുവഴി ജോലികള്‍ക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും സംഭാവന നല്‍കാനും ഉദ്ദേശിക്കുന്നു.

ഊര്‍ജ്ജവുമായി ബന്ധപ്പെട്ട ആഗോള സംഘടനകളായ ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐഇഎ), ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐസിഎഒ), വേള്‍ഡ് ഇക്കണോമിക് ഫോറം (ഡബ്ല്യുഇഒ), വേള്‍ഡ് എല്‍പിജി അസോസിയേഷന്‍ എന്നിവയെല്ലാം സഖ്യത്തെ പിന്തുണയ്ക്കുന്നുണ്ട്. കര്‍ഷകരെ 'അന്നദാതാക്കളില്‍ നിന്ന് ഊര്‍ജ്ജദാതാക്കളാക്കി ഒരു അധിക വരുമാന സ്രോതസ് അവര്‍ക്ക് നല്‍കും. കഴിഞ്ഞ 9 വര്‍ഷം കൊണ്ട് 71,600 കോടി രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കിയത്. 2025 ഓടെ ഇ20 (പെട്രോളില്‍ 20 ശതമാനം എത്തനോള്‍) നടപ്പിലാക്കുന്നതോടെ, എണ്ണ ഇറക്കുമതിയില്‍ ഏകദേശം 45,000 കോടി രൂപയും പ്രതിവര്‍ഷം 63 ദശലക്ഷം ടണ്‍ എണ്ണയും ഇന്ത്യ ലാഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജൈവഇന്ധന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, ദേശീയ പരിപാടികള്‍ക്കുള്ള സാങ്കേതിക പിന്തുണ, നയപരമായ കാര്യങ്ങളുടെ പങ്കിടല്‍ എന്നിവയിലൂടെ സഖ്യം ലോകമെമ്പാടുമുള്ള സുസ്ഥിര ജൈവ ഇന്ധനങ്ങളുടെ വിന്യാസത്തിനും വികസനത്തിനും പിന്തുണ നല്‍കും. വ്യവസായങ്ങള്‍, രാജ്യങ്ങള്‍, സമ്പദ് വ്യവസ്ഥയിലെ ഘടകങ്ങള്‍, ഡിമാന്‍ഡും വിതരണവും കണ്ടെത്തുന്നതിലെ പ്രധാന പങ്കാളികള്‍ എന്നിവരെ സഹായിക്കുന്നതിനും സാങ്കേതികമായി പിന്തുണ നല്‍കുന്നവരെ അന്തിമ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്നതിനും ഒരു വെര്‍ച്വല്‍ സ്‌പേസ് സൃഷ്ടിക്കാന്‍ സഹായിക്കും. ജൈവ ഇന്ധനങ്ങളുടെ സ്വീകാര്യതയ്ക്കും വ്യാപാരത്തിനും പ്രോത്സാഹനം നല്‍കുന്നതിന് അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങള്‍, കോഡുകള്‍, സുസ്ഥിരതത്വങ്ങള്‍, ചട്ടങ്ങള്‍ എന്നിവയുടെ വികസനം, നടപ്പാക്കല്‍ എന്നിവയെയും സഖ്യം സുഗമമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഈ സംരംഭം ഇന്ത്യക്ക് ഒന്നിലധികം മേഖലകളില്‍ ഗുണം ചെയ്യുമെന്നും. ആഗോളതലത്തില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും. സാങ്കേതിക വിദ്യ, കയറ്റുമതി ഉപകരണങ്ങള്‍ എന്നിവയുടെ രൂപത്തില്‍ ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും. പിഎം-ജീവന്‍യോജന, സാറ്റാറ്റ് (SATAT), ഗോബര്‍ദന്‍ പദ്ധതി തുടങ്ങിയ പദ്ധതികളിലൂടെ നിലവിലുള്ള ജൈവ ഇന്ധന പദ്ധതികള്‍ ത്വരിതപ്പെടുത്താനും അതുവഴി കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇന്ത്യയെ ഇത് സഹായിക്കും. 2022ല്‍ എത്തനോളിന്റെ ആഗോള വിപണി മൂല്യം 99.06 ബില്യണ്‍ ഡോളറായിരുന്നു. 2032 ഓടെ എത്തനോളിന്റെ വിപണി മൂല്യത്തില്‍ 5.1 ശതമാനം വാര്‍ഷിക വളര്‍ച്ചയുണ്ടാകുമെന്നും അതോടെ 162.12 കോടി ഡോളര്‍ മറികടക്കുമെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ കണക്കുളനുസരിച്ച്, 2050ഓടെ ജൈവ ഇന്ധനങ്ങളുടെ വളര്‍ച്ചാ സാധ്യത 3.5-5 ഇരട്ടി ആയിരിക്കുമെന്നാണ്.