image

13 March 2026 3:56 PM IST

News

ഇറാന്‍ കീഴടങ്ങലിന്റെ വക്കിലെന്ന് ട്രംപിന്റെ പ്രഖ്യാപനം; എന്താണ് യാഥാര്‍ത്ഥ്യം?

MyFin Desk

trump imposes tariffs at home and abroad, additional tariffs on advertising
X

Summary

ഇറാന്റെ നാവിക-വ്യോമ സേനകളും മിസൈല്‍ ശേഖരവും തകര്‍ത്തതായും, സമാനതകളില്ലാത്ത പ്രഹരശേഷിയുമായി അമേരിക്ക മുന്നേറുകയാണെന്നും ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ ട്രംപ് അവകാശപ്പെട്ടു


ഇറാന്‍ കീഴടങ്ങലിന്റെ വക്കിലാണെന്നും അവരുടെ ഭരണകൂടത്തെ സൈനികമായും സാമ്പത്തികമായും അമേരിക്ക പൂര്‍ണമായി നശിപ്പിക്കുമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജി 7 രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്റെ നാവിക-വ്യോമ സേനകളും മിസൈല്‍ ശേഖരവും തകര്‍ത്തതായും, സമാനതകളില്ലാത്ത പ്രഹരശേഷിയുമായി അമേരിക്ക മുന്നേറുകയാണെന്നും ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ ട്രംപ് അവകാശപ്പെട്ടു.

അതേസമയം, ട്രംപിന്റെ അവകാശവാദങ്ങളെ തള്ളിക്കൊണ്ട് ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയി ശക്തമായ തിരിച്ചടിക്ക് ആഹ്വാനം ചെയ്തു. യുഎസിന്റെയും ഇസ്രയേലിന്റെയും ആക്രമണങ്ങള്‍ക്കെതിരെ അവസാന ശ്വാസം വരെ പോരാടുമെന്ന് അദ്ദേഹം പൗരന്മാരോട് പറഞ്ഞു. ശത്രുക്കള്‍ തങ്ങളുടെ കുറ്റകൃത്യങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് ഇറാന്റെ സൈനിക കമാന്‍ഡര്‍ മേജര്‍ ജനറല്‍ അലി അബ്ദുള്ളഹി മുന്നറിയിപ്പ് നല്‍കി. ഇതിനിടെ, ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചുപൂട്ടാനുള്ള സാധ്യത ട്രംപ് ഭരണകൂടം വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

യുദ്ധം 13-ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ 'ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 4'-ന്റെ ഭാഗമായി ഇസ്രയേല്‍ ലക്ഷ്യമിട്ട് ഇറാന്‍ വന്‍ മിസൈല്‍ ആക്രമണം ആരംഭിച്ചു. ഒരു ടണ്‍ ഭാരമുള്ള പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ ഉപയോഗിച്ചാണ് ഐആര്‍ജിസി ആക്രമണം നടത്തുന്നത്. ടെല്‍ അവീവ്, എയ്‌ലാത്ത്, വെസ്റ്റ് അല്‍-ഖുദ്‌സ് എന്നിവിടങ്ങളിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഈ നീക്കം. പശ്ചിമേഷ്യയിലുടനീളമുള്ള യുഎസ് താവളങ്ങളും ഇറാന്റെ റഡാറിലുണ്ടെന്നാണ് സൂചന.

രൂക്ഷമായ സൈനിക നടപടികള്‍ക്കിടയിലും ആഗോള സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള വിശദമായ വിശകലനങ്ങള്‍ അമേരിക്കന്‍ ഭരണകൂടം വേണ്ടത്ര ചര്‍ച്ച ചെയ്തില്ലെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. പെന്റഗണും നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലും ഇറാന്റെ പ്രത്യാക്രമണങ്ങളെയും സാമ്പത്തിക നീക്കങ്ങളെയും കുറിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചതായാണ് സൂചന. ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തില്‍, വരും മണിക്കൂറുകളില്‍ പശ്ചിമേഷ്യ കൂടുതല്‍ രക്തരൂഷിതമായ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പായി.