image

30 March 2026 7:48 PM IST

News

കരാറായില്ലെങ്കില്‍ ഇറാന്‍ ഇരുട്ടില്‍; എണ്ണക്കിണറുകളും പ്ലാന്റുകളും തകര്‍ക്കുമെന്ന് ട്രംപിന്റെ അന്ത്യശാസനം

MyFin Desk

കരാറായില്ലെങ്കില്‍ ഇറാന്‍ ഇരുട്ടില്‍; എണ്ണക്കിണറുകളും  പ്ലാന്റുകളും തകര്‍ക്കുമെന്ന് ട്രംപിന്റെ അന്ത്യശാസനം
X

Summary

ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നീക്കം കടുപ്പിക്കുമെന്ന സൂചനയാണ് ട്രംപ് നല്‍കുന്നു. ഇറാന്റെ സാമ്പത്തിക നട്ടെല്ലായ എണ്ണക്കിണറുകള്‍, ഖാര്‍ഗ് ദ്വീപ്, വൈദ്യുതി ഉല്‍പ്പാദന പ്ലാന്റുകള്‍, കുടിവെള്ള പ്ലാന്റുകള്‍ എന്നിവയാകും അമേരിക്കയുടെ അടുത്ത ലക്ഷ്യമെന്നാണ് സൂചന


ഇറാനുമായുള്ള സംഘര്‍ഷം 31-ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍, കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെടിനിര്‍ത്തല്‍ കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ്ജ-സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണ്ണമായും തകര്‍ക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ഇറാനിലെ ന്യായയുക്തമായ ഒരു ഭരണകൂടവുമായി ഗൗരവമേറിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ട ട്രംപ്, ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നീക്കം കടുപ്പിക്കുമെന്ന സൂചനയാണ് നല്‍കുന്നത്.

ഇറാന്റെ സാമ്പത്തിക നട്ടെല്ലായ എണ്ണക്കിണറുകള്‍, ഖാര്‍ഗ് ദ്വീപ്, വൈദ്യുതി ഉല്‍പ്പാദന പ്ലാന്റുകള്‍, കുടിവെള്ള പ്ലാന്റുകള്‍ എന്നിവയാകും അമേരിക്കയുടെ അടുത്ത ലക്ഷ്യമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഹോര്‍മുസ് കടലിടുക്ക് ഉടന്‍ വ്യാപാരത്തിനായി തുറന്നുകൊടുത്തില്ലെങ്കില്‍ ഈ കേന്ദ്രങ്ങളെല്ലാം പൂര്‍ണ്ണമായും ഇല്ലാതാകും എന്നാണ് ട്രംപിന്റെ വാക്കുകള്‍. ഇതുവരെ ഇത്തരം പ്രധാന കേന്ദ്രങ്ങളെ മനഃപൂര്‍വ്വം തൊട്ടിട്ടില്ലെന്നും എന്നാല്‍ കരാര്‍ വൈകിയാല്‍ സ്ഥിതി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റൊരു പോസ്റ്റില്‍ യുഎസ് സൈന്യത്തിന്റെ കരുത്തിനെ പ്രശംസിച്ച ട്രംപ്, ഇറാനില്‍ തങ്ങള്‍ ലക്ഷ്യമിട്ട പല കേന്ദ്രങ്ങളും ഇതിനകം നശിപ്പിച്ചതായി അവകാശപ്പെട്ടു. ഇറാനില്‍ മഹത്തായ ദിവസം, നമ്മുടെ സൈന്യം ദീര്‍ഘകാലമായി അന്വേഷിച്ചിരുന്ന ലക്ഷ്യങ്ങള്‍ തകര്‍ത്തു, എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ലോകത്തിലെ ഏറ്റവും മികച്ച സൈനിക ശക്തിയാണ് തങ്ങളുടേതെന്നും ശത്രുക്കള്‍ക്ക് മേല്‍ വന്‍ ആഘാതം സൃഷ്ടിക്കാന്‍ സൈന്യത്തിന് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

അതേസമയം, നാലാം ആഴ്ചയിലേക്ക് കടന്ന സംഘര്‍ഷത്തില്‍ അയവ് വരുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണുന്നില്ല. കഴിഞ്ഞ രാത്രി യുഎസ്-ഇസ്രയേല്‍ സൈന്യങ്ങള്‍ സംയുക്തമായി നടത്തിയ ആക്രമണത്തില്‍ ടെഹ്റാന്‍ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ വൈദ്യുതി വിതരണം താറുമാറായി. വൈദ്യുതി അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടുള്ള ബോംബാക്രമണം ഇറാന്റെ ഭൂരിഭാഗം പ്രദേശങ്ങളെയും ഇരുട്ടിലാക്കിയിരിക്കുകയാണ്. സംഘര്‍ഷം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ ലോകം.