19 Jan 2026 9:09 PM IST
UAE President's Visit To India- ഇന്ത്യ–യുഎഇ ബന്ധത്തില്‍ നിര്‍ണായക വഴിത്തിരിവ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിൻ്റെ ഹ്രസ്വ സന്ദര്‍ശനം ചരിത്രപരമെന്ന് വിദേശകാര്യ മന്ത്രാലയം
Vidhya N k
യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ്റെ ഇന്ത്യാ സന്ദര്‍ശനം ഇന്ത്യ–യുഎഇ ഉഭയകക്ഷി ബന്ധത്തില്‍ നിര്‍ണായക വഴിത്തിരിവാകുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മൂന്ന് മണിക്കൂര്‍ മാത്രം നീണ്ടുനിന്ന ഈ ഹ്രസ്വ സന്ദര്‍ശനം അതീവ വിജയകരമായിരുന്നുവെന്നും നിരവധി സുപ്രധാന കരാറുകളിലും ധാരണകളിലും ഇരുരാജ്യങ്ങളും എത്തിച്ചേര്‍ന്നുവെന്നും മന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഊര്‍ജ്ജം മുതല്‍ എഐ വരെ സഹകരണം
സന്ദര്‍ശനത്തിനിടെ ഊര്‍ജ്ജ മേഖലയിലെ സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യയും യുഎഇയും തീരുമാനിച്ചു. ദ്രവീകൃത പ്രകൃതി വാതകത്തിന്റെ (എല്‍എന്‍ജി) ഇറക്കുമതി വര്‍ധിപ്പിക്കുന്നത് ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയ്ക്ക് വലിയ കരുത്താകുമെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. അതോടൊപ്പം, ആധുനിക ന്യൂക്ലിയര്‍ സാങ്കേതികവിദ്യ, എഐ (Artificial Intelligence), ശൂന്യാകാശ ഗവേഷണം, പ്രതിരോധം എന്നീ മേഖലകളിലും കൈകോര്‍ക്കാന്‍ ധാരണയായി.
വ്യാപാര ലക്ഷ്യം 200 ബില്യണ്‍ ഡോളര്‍
2030 ഓടെ ഇന്ത്യ–യുഎഇ ഉഭയകക്ഷി വ്യാപാരം 200 ബില്യണ്‍ ഡോളറിലെത്തിക്കണമെന്ന ലക്ഷ്യത്തോടെയാണ് സാമ്പത്തിക ബന്ധം കൂടുതല്‍ വിപുലീകരിക്കാനുളള നീക്കം. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും കയറ്റുമതി വര്‍ധിപ്പിക്കുന്ന തീരുമാനം ഇന്ത്യന്‍ കാര്‍ഷിക മേഖലയ്ക്ക് പുതിയ ഉണര്‍വ് നല്‍കുമെന്നും മന്ത്രാലയം വിലയിരുത്തുന്നു.
നിക്ഷേപ മേഖലയിലും നിര്‍ണായക തീരുമാനങ്ങള്‍
യുഎഇയിലെ പ്രമുഖ സ്ഥാപനങ്ങളായ ഫസ്റ്റ് അബുദാബി ബാങ്ക്, ഡി പി വേള്‍ഡ് (DP World) എന്നിവയുടെ ഓഫീസുകള്‍ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ തുറക്കാനും ധാരണയായി. ഇത് ഇന്ത്യയിലെ നിക്ഷേപ മേഖലയ്ക്ക് വലിയ ഉത്തേജനം നല്‍കുമെന്നാണ് വിലയിരുത്തല്‍.
ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട്
അതിർത്തി കടന്നുള്ള ഭീകരവാദത്തെയും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ശക്തികളെയും ഇരുനേതാക്കളും സംയുക്തമായി അപലപിച്ചു. യുഎഇയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ ക്ഷേമത്തില്‍ ഷെയ്ഖ് മുഹമ്മദ് കാണിക്കുന്ന താല്‍പര്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിക്കുകയും ചെയ്തു.
മോദി നേരിട്ടെത്തി സ്വീകരിച്ചു
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വൈകിട്ട് അഞ്ചുമണിയോടെയാണ് ഇന്ത്യയിലെത്തിയത്. വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഇരുവരും ഒരേ കാറില്‍ പ്രധാനമന്ത്രിയുടെ വസതിയായ ഏഴ് ലോക് കല്യാണ്‍ മാര്‍ഗിലേക്ക് പോയി. ഷെയ്ഖ് മുഹമ്മദിനെ “സഹോദരന്‍” എന്ന് വിശേഷിപ്പിച്ച മോദി, ഇന്ത്യ–യുഎഇ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം കാണിക്കുന്ന പ്രതിബദ്ധതയെ പ്രശംസിച്ചു.
മൂന്ന് മണിക്കൂര്‍ മാത്രം നീണ്ടുനിന്ന ഹ്രസ്വ സന്ദര്‍ശനമായിരുന്നെങ്കിലും, പരസ്പര സഹകരണം കൂടുതല്‍ ശക്തമാക്കുന്ന നിര്‍ണായക തീരുമാനങ്ങളോടെയാണ് ഷെയ്ഖ് മുഹമ്മദ് ഇന്ത്യ വിട്ടത്. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് യുഎഇ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
