27 March 2024 3:03 PM IST
Summary
- രാജ്യത്തെ യുവാക്കളിൽ തൊഴിലില്ലായ്മ വർധിക്കുന്നതായി ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ റിപ്പോർട്ട്.
- തൊഴിൽ രഹിതരായ ഇന്ത്യക്കാരിൽ 83 ശതമാനം പേരും യുവാക്കളാണ്.
രാജ്യത്തെ യുവാക്കളിൽ തൊഴിലില്ലായ്മ വർധിക്കുന്നതായി ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ റിപ്പോർട്ട്. തൊഴിൽ രഹിതരായ ഇന്ത്യക്കാരിൽ 83 ശതമാനം പേരും യുവാക്കളാണെന്ന് ഇൻസ്റ്ററ്റിയൂട്ട് ഓഫ് ഹ്യുമൺ ഡെവലപ്‌മെന്റ്(ഐഎച്ച്ഡി)യുമായി ചേർന്ന് നടത്തിയ പഠനത്തിൽ പറയുന്നു.
12-ാം ക്ലാസ്സ് വിദ്യാഭ്യാസമുള്ള തൊഴിൽ രഹിതരായ യുവാക്കളുടെ അനുപാതം 2000ലെ 35.2 ശതമാനത്തിൽനിന്ന് 2022ൽ 65.7 ശതമാനമായി ഉയർന്നു. സെക്കണ്ടറി വിദ്യാഭ്യാസത്തിനുശേഷമുള്ള കൊഴിഞ്ഞുപോക്ക് ഉയർന്ന നിരക്കിലാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങളിലും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലും ഉന്നത വിദ്യഭ്യാസത്തിന് ചേരുന്നവരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും നിലവാരം സംബന്ധിച്ച ആശങ്ക നിലനിൽക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
2000നും 2019നും ഇടയിൽ വിദ്യാസമ്പന്നർക്ക് തൊഴിലവസരം കൂടി. പക്ഷെ തൊഴിലില്ലായ്മയും ആനുപാതികമായി വർധിച്ചു. കോവിഡ് കാലയളവിൽ തൊഴിലില്ലായ്മ നിരക്കിൽ കുറവ് രേഖപ്പെടുത്തിയെങ്കിലും വിദ്യാസമ്പന്നരായ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ കൂടിയതായും റിപ്പോർട്ടിൽ പറയുന്നു.
സ്ഥിരം ജീവനക്കാർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കുമുള്ള വേതനം 2019ന് ശേഷം വർധിച്ചില്ല. അവിദഗ്ധ തൊഴിലാളികൾക്കിടയിൽ വലിയൊരു വിഭാഗത്തിന് 2022ൽ മിനിമം വേതനം പോലും ലഭിച്ചില്ല. ചില സംസ്ഥാനങ്ങളിൽ വിവേചനം പ്രകടമാണ്. ബിഹാർ, ഉത്തർപ്രദേശ്, ഒഡീഷ, മധ്യപ്രദേശ്, ജാർഖണ്ഡ്, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മോശം തൊഴിൽ സാഹചര്യങ്ങളാണുള്ളതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
